/kalakaumudi/media/media_files/2025/12/19/abayarthi-2025-12-19-16-06-26.jpg)
ജനീവ: ഐക്യ രാഷ്ട്രസഭയുടെ അഭയാര്‍ത്ഥി ഏജന്‍സി തലവനായി മുന്‍ ഇറാഖ് പ്രസിഡന്റ് ബര്‍ഹാം സാലിഹിനെ യുഎന്‍ പ്രഖ്യാപിച്ചു. 1970 കളുടെ അവസാനത്തിനുശേഷം മിഡില്‍ ഈസ്റ്റില്‍ നിന്നും ഈ പദവിയിലെത്തുന്ന ആദ്യത്തെ വ്യക്തിയാണ്.
193 അംഗ പൊതുസഭ സമവായത്തിലൂടെയാണ് തെരഞ്ഞെടുപ്പ് നടത്തിയത്. കുര്‍ദിഷ് നേതാവായ ബര്‍ഹാം സാലിഹ് തന്റെ 65ാമത്തെ വയസിലാണ് ചുമതലയില്‍ എത്തുന്നത്.
മുന്‍ അഭയാര്‍ത്ഥി സമിതി മേധാവി കൂടിയായ ഇപ്പോഴത്തെ യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ബര്‍ഹാം സാലിഹിനെ സ്വാഗതം ചെയ്തു. 'ഒരു അഭയാര്‍ത്ഥിയും പ്രതിസന്ധികള്‍ കുരുക്കഴിക്കുന്നതിലെ ചര്‍ച്ചക്കാരനും ദേശീയ പരിഷ്‌കാരങ്ങളുടെ ശില്‍പിയുമായ ഇദ്ദേഹത്തിന്റെ നയതന്ത്ര, രാഷ്ട്രീയ, ഭരണ നേതൃ പരിചയങ്ങള്‍ യു എന്‍ സമിതിക്ക് മുതല്‍ക്കൂട്ടാവും' എന്ന് പറഞ്ഞു.
1979 ല്‍ 19 വയസ്സുള്ളപ്പോള്‍ കുര്‍ദിഷ് ദേശീയ പ്രസ്ഥാനത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ സാലിഹിനെ സദ്ദാം ഹുസൈന്റെ ബാത്ത് പാര്‍ട്ടി അറസ്റ്റ് ചെയ്തിരുന്നു. രണ്ടു തവണയായി 43 ദിവസം തടങ്കലില്‍ കഴിയുകയും ചെയ്തു. മോചിതനായ ശേഷം ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ബ്രിട്ടണിലേക്ക് പലായനം ചെയ്തു.
2003-ല്‍ യുഎസ് നേതൃത്വത്തിലുള്ള സഖ്യകക്ഷി സദ്ദാമിനെ പുറത്താക്കിയ ശേഷം സാലിഹ് ഇറാഖിലേക്ക് മടങ്ങി. സര്‍ക്കാരില്‍ വിവിധ പദവികള്‍ വഹിച്ചു. 2018-ല്‍ അദ്ദേഹം ഇറാഖിന്റെ പ്രസിഡന്റായി. 2022 വരെ തുടര്‍ന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
