സുസുക്കി മോട്ടോര്‍ കോര്‍പ്പറേഷന്‍ മുന്‍ ചെയര്‍മാന്‍ ഒസാമു സുസുക്കി (94) ജപ്പാനില്‍ അന്തരിച്ചു. ഡിസംബര്‍ 25നായിരുന്നു മരണമെന്ന് അദ്ദേഹത്തിന്റെ കുടുംബം അറിയിച്ചു. അര്‍ബുദ ബാധിതനായിരുന്നു. അടുത്ത കുടുംബങ്ങള്‍ മാത്രം പങ്കെടുത്തുകൊണ്ട് സംസ്‌കാര ചടങ്ങുകള്‍ സ്വകാര്യമായി നടത്തിയതായും കുടുംബം വ്യക്തമാക്കി.
40 വര്‍ഷത്തിലേറെ കാലം സുസുക്കി കമ്പനിയെ നയിച്ചത് ഒസാമ സുസുക്കിയായിരുന്നു. 2021ല്‍ 91ാം വയസ്സിലാണ് അദ്ദേഹം തന്റെ വിരമിക്കല്‍ പ്രഖ്യാപിച്ചത്. 1958 ലാണ് ഒസാമു സുസുക്കിയില്‍ ചേരുന്നത്. പിന്നീട്, 1978ല്‍ കമ്പനിയുടെ പ്രസിഡന്റായി. 28 വര്‍ഷം കമ്പനിയുടെ പ്രസിഡന്റായി തുടര്‍ന്ന ഒസാമു 2000ത്തിലാണ് സുസുക്കി ചെയര്‍മാനായി ചുമതലയേല്‍ക്കുന്നത്.
ഒസാമു സുസുക്കിയുടെ ഭരണകാലത്ത് ചെറുകിട കാറുകളുടെ നിര്‍മാതാക്കളെന്ന നിലയില്‍ കമ്പനി തങ്ങളുടെ സ്ഥാനം ഉറപ്പിച്ചു. 1983ല്‍ ഇന്ത്യന്‍ വിപണിയില്‍ പ്രവേശിക്കാനുള്ള തീരുമാനത്തിന് പിന്നിലും ഒസാമു തന്നെയായിരുന്നു.