അഴിമതിക്കേസില്‍ നെതന്യാഹുവിന് മാപ്പു നല്‍കണമെന്ന് ട്രംപിന്റെ കത്ത്

ഇസ്രയേല്‍ നീതിന്യായവ്യവസ്ഥയുടെ സ്വാതന്ത്ര്യവും പരമാധികാരവും താന്‍ മാനിക്കുന്നെങ്കിലും ബീബി(ബെഞ്ചമിന്‍ നെതന്യാഹു)ക്കെതിരേയുള്ള കേസുകള്‍ രാഷ്ട്രീയപ്രേരിതവും നീതീകരിക്കാനാകാത്തതുമാണെന്ന് ട്രംപ് കത്തില്‍ പറയുന്നു.

author-image
Biju
New Update
trump nnn

ജറുസലേം: വ്യത്യസ്തങ്ങളായ മൂന്ന് അഴിമതിക്കേസുകളില്‍ വിചാരണനേരിടുന്ന ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് മാപ്പുനല്‍കണമെന്നാവശ്യപ്പെട്ട് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇസ്രയേല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗിന് കത്തയച്ചു. ബുധനാഴ്ച തനിക്ക് ട്രംപിന്റെ കത്ത് കിട്ടിയെന്ന് ഹെര്‍സോഗ് തന്നെയാണ് അറിയിച്ചത്.

ഇസ്രയേല്‍ നീതിന്യായവ്യവസ്ഥയുടെ സ്വാതന്ത്ര്യവും പരമാധികാരവും താന്‍ മാനിക്കുന്നെങ്കിലും ബീബി(ബെഞ്ചമിന്‍ നെതന്യാഹു)ക്കെതിരേയുള്ള കേസുകള്‍ രാഷ്ട്രീയപ്രേരിതവും നീതീകരിക്കാനാകാത്തതുമാണെന്ന് ട്രംപ് കത്തില്‍ പറയുന്നു.

'ചരിത്രപരമായ നിമിഷത്തിലാണ് താന്‍ ഈ കത്തെഴുതുന്നത്, പ്രത്യേകിച്ച് നമ്മളൊരുമിച്ച് 3000 വര്‍ഷമായി തേടിക്കൊണ്ടിരിക്കുന്ന സമാധാനം പുനഃസ്ഥാപിച്ച സാഹചര്യത്തിലെ'ന്ന് ഗാസയില്‍ യുഎസ് ഇടപെടലിനെത്തുര്‍ന്നുണ്ടായ വെടിനിര്‍ത്തലിനെ സൂചിപ്പിച്ച് ട്രംപ് പറഞ്ഞു. ഏറ്റവും പ്രബലനായ, അനിഷേധ്യനായ യുദ്ധകാല പ്രധാനമന്ത്രിയാണ് നെതന്യാഹുവെന്നും പറഞ്ഞു.

ഇസ്രയേലിനുള്ള അചഞ്ചലമായ പിന്തുണയ്ക്ക് ട്രംപിനെ ഹെര്‍സോഗ് അഭിനന്ദിച്ചു. എങ്കിലും പ്രസിഡന്റിന്റെ മാപ്പുകിട്ടാന്‍ ആഗ്രഹിക്കുന്നവര്‍ വ്യവസ്ഥാപിത നടപടിക്രമങ്ങള്‍ പാലിച്ച് ഔദ്യോഗികമായി അപേക്ഷ സമര്‍പ്പിക്കണമെന്നും പറഞ്ഞു.

രാഷ്ട്രീയപരമായ ഒത്താശകള്‍ ചെയ്തുകൊടുക്കുന്നതിനായി നെതന്യാഹുവും ഭാര്യ സാറയും ശതകോടീശ്വരരില്‍നിന്ന് ആഡംബര വസ്തുക്കള്‍, ആഭരണങ്ങള്‍, സിഗററ്റ് തുടങ്ങി 2.6 ലക്ഷം ഡോറളിന്റെ കോഴവാങ്ങിയെന്നാണ് ഒരു കേസ്. തനിക്കനുകൂലമായ വാര്‍ത്തകള്‍ നല്‍കുന്നതിനായി രണ്ട് ഇസ്രയേലി മാധ്യമങ്ങള നെതന്യാഹു സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന രണ്ടുകേസ് വേറെയുമുണ്ട്.

കോടതികളുടെ അധികാരത്തെ ദുര്‍ബലപ്പെടുത്തുക ലക്ഷ്യമിട്ട് 2022-ല്‍ നെതന്യാഹു സര്‍ക്കാര്‍ ജുഡീഷ്യല്‍ സംവിധാനത്തില്‍ സമഗ്രമായ പരിഷ്‌കാരങ്ങള്‍ നിര്‍ദേശിച്ചിരുന്നു. അത് രാജ്യവ്യാപക പ്രതിഷേധത്തിനുകാരണമായി.