/kalakaumudi/media/media_files/2025/04/04/DcIojOCHj05g5sNqhWAm.jpg)
സോള്‍: ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് യൂന്‍ സുക് യോളിനെ സ്ഥാനത്ത് നിന്ന് നീക്കി ദക്ഷിണ കൊറിയയിലെ ഭരണഘടനാ കോടതി. ഇംപീച്ച്‌മെന്റ് നടപടി ഔദ്യോഗിഗമായി ശരിവച്ച് കൊണ്ടാണ് കോടതി യൂന്‍ സുക് യോളിനെ പുറത്താക്കിയത്. 60 ദിവസത്തിനുള്ളില്‍ ദക്ഷിണ കൊറിയയില്‍ അടുത്ത തിരഞ്ഞെടുപ്പ് നടക്കും.
കഴിഞ്ഞ വര്‍ഷം അവസാനമാണ് യൂന്‍ സുക് യോളിനെ പാര്‍ലമെന്റ് ഇംപീച്ച് ചെയ്തത്. രാജ്യത്ത് പട്ടാള നിയമം ഏര്‍പ്പെടുത്താനുള്ള ശ്രമം പരാജയപ്പെട്ടതിന് പിന്നാലെയായിരുന്നു നടപടി. യൂനിന്റെ ഭരണകക്ഷിയിലെ അംഗങ്ങളും അദ്ദേഹത്തിനെതിരെ വോട്ട് ചെയ്തിരുന്നു. 300 ല്‍ 204 പാര്‍ലമെന്റ് ഇംപീച്ച്‌മെന്റിനെ പിന്തുണച്ചു.
പ്രതിപക്ഷം ഉത്തര കൊറിയയോട് ആഭിമുഖ്യം കാണിക്കുന്നുവെന്നാരോപിച്ചായിരുന്നു യൂന്‍ സുക് യോള്‍ രാജ്യത്ത് പട്ടാള ഭരണം പ്രഖ്യാപിച്ചത്. പ്രതിപക്ഷം സമാന്തര സര്‍ക്കാര്‍ ഉണ്ടാക്കി ഭരണം അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്നും രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നും ആരോപിച്ചായിരുന്നു യൂന്‍ സുക് യോളിന്റെ നീക്കം. എന്നാല്‍ അദ്ദേഹത്തിന്റെ നീക്കത്തിനെതിരെ പാര്‍ലമെന്റിന് അകത്തും പുറത്തും പ്രതിഷേധം ഉയര്‍ന്നു. പട്ടാള നിയമം പ്രഖ്യാപിച്ചതിന് ആറ് മണിക്കുറിന് ശേഷം പിന്‍വലിച്ചു.
തുടര്‍ച്ചായായ കലാപങ്ങള്‍ നടത്തി ദേശീയ അസംബ്ലിയെയും പൊതുജനങ്ങളേയും ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ചാണ് യൂന്‍ സുക് യോളിനെതിരെ പാര്‍ലമെന്റില്‍ ഇംപീച്ച്‌മെന്റ് പ്രമേയം കൊണ്ടുവന്നത്. യൂന്‍ സുക് യോളിനെതിരെ രാജ്യത്താകമാനം പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇംപീച്ച്‌മെന്റിനെതിരെ യൂന്‍ സുക് യോള്‍ ഭരണഘടനാ കോടതിയെ സമീപിച്ചു.
ഭരണഘടനാ കോടതി വിധി ഉടന്‍ തന്നെ യൂനിന്റെ എല്ലാ അധികാരങ്ങളും പ്രത്യേക അവകാശങ്ങളും ഇല്ലാതാക്കും. അദ്ദേഹത്തിന്റെ സുരക്ഷ ഉള്‍പ്പെടെ പിന്‍വലിക്കും. പ്രസിഡന്‍ഷ്യല്‍ കോമ്പൗണ്ടില്‍ നിന്ന് പുറത്ത് പോകാന്‍ ബാധ്യസ്ഥനാണ്. അദ്ദേഹത്തിന് എക്‌സിക്യൂട്ടീവ് ഇമ്യൂണിറ്റി നഷ്ടപ്പെടുകയും കലാപാരോപണങ്ങളില്‍ ദീര്‍ഘവും സങ്കീര്‍ണവുമായ ക്രിമനില്‍ വിചാരണ നേരിടേണ്ടിവരികയും ചെയ്യും. ജയില്‍ ശിക്ഷയോ അല്ലെങ്കില്‍ കുറ്റക്കാരനാണെന്ന് തെളിഞ്ഞാല്‍ വധശിക്ഷ പോലും ലഭിച്ചേക്കാം.
60 ദിവസത്തിനകം തിരഞ്ഞെടുപ്പ് നടത്തണം. പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ജൂണ്‍ ആദ്യ വാരമാണ് മിക്കവാറും തിരഞ്ഞെടുപ്പ് നടക്കുക. വരുംദിവസങ്ങളില്‍ അധികാരികള്‍ തീയതി പ്രഖ്യാപിക്കും. പ്രധാനമന്ത്രി ഹാന്‍ ഡക്ക്-സൂ തല്‍ക്കാലം, ആക്ടിംഗ് പ്രസിഡന്റായി സര്‍ക്കാരിനെ നയിക്കും.
പ്രതിപക്ഷ നേതാവ് ലീ ജെ മ്യുങ് അടുത്ത പ്രസിഡന്റാകാന്‍ സാധ്യതയുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഏറ്റവും പുതിയ ഗാലപ്പ് പോള്‍ പ്രകാരം ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ തലവന്‍ എന്ന നിലയ്ക്ക് ലീക്ക് 34 ശതമാനം പിന്തുണയുണ്ട്. വീ വിജയിച്ചാല്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിക്ക് ആഗ്രഹിക്കുന്ന എല്ലാ പരിഷ്‌കാരങ്ങളും നിയമങ്ങളും കൊണ്ടുവരാനും പാസാക്കാനും കഴിയും എന്നാണ് പുറത്തുവരുന്ന വിവരം.