/kalakaumudi/media/media_files/2025/12/31/khalidha-siya-2025-12-31-10-59-08.jpg)
ധാക്ക: അന്തരിച്ച ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ബീഗം ഖാലിദ സിയയുടെ സംസ്‌കാരം ഇന്നു നടക്കും.
ഭർത്താവും മുൻ ബംഗ്ലാദേശ് പ്രസിഡന്റുമായ സിയാവുർ റഹ്മാന്റെ ശവകുടീരത്തിന് സമീപമാണ് ഖാലിദ സിയയെ സംസ്‌കരിക്കുന്നത്.
പൂർണ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാരം നടത്തുകയെന്ന് ബംഗ്ലാദേശ് ഇടക്കാല സർക്കാർ അറിയിച്ചു.
ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി അധ്യക്ഷയും മൂന്നു തവണ പ്രധാനമന്ത്രിയുമായിരുന്ന ബീഗം ഖാലിദ സിയ ഇന്നലെയാണ് അന്തരിച്ചത്.
പാർലമെന്റിന്റെ സൗത്ത് പ്ലാസയിലും, തൊട്ടുചേർന്നുള്ള മണിക് മിയ അവന്യൂവിലും സോഹർ പ്രാർത്ഥനകൾക്ക് ശേഷമാകും സംസ്‌കാര ചടങ്ങുകൾ നടക്കുകയെന്ന് ഇടക്കാല സർക്കാരിന്റെ നിയമ ഉപദേഷ്ടാവ് ആസിഫ് നസ്രുൾ പറഞ്ഞു.
ബീഗം ഖാലിദ സിയയുടെ സംസ്‌കാര ചടങ്ങിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പങ്കെടുക്കും.
ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ബന്ധം മോശമായി നിൽക്കുന്ന സാഹചര്യത്തിലാണ് ജയശങ്കർ ബംഗ്ലാദേശിലേക്ക് പോകുന്നത്.
ദക്ഷിണേഷ്യൻ രാഷ്‌ട്രീയത്തിൽ വലിയ സ്വാധീനമുണ്ടായിരുന്ന നേതാവിനോടുള്ള ആദരസൂചകമായാണ് ഇന്ത്യ പ്രതിനിധിയെ അയക്കാൻ തീരുമാനിച്ചത്.
പാകിസ്ഥാൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഇഷാഖ് ധറും സംസ്‌കാര ചടങ്ങിൽ പങ്കെടുക്കും.
ഗുരുതരമായ രോഗബാധയെത്തുടർന്ന് ആശുപത്രിയിൽ കഴിയുകയായിരുന്ന 80 കാരിയായ ഖാലിദ സിയ ഇന്നലെ രാവിലെയാണ് അന്തരിച്ചത്.
ബംഗ്ലാദേശ് സർക്കാർ മൂന്ന് ദിവസത്തെ ദുഃഖാചരണവും സംസ്കാരദിവസം പൊതു അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
