ദുബൈ: യുഎഇയിൽ വൻ കവർച്ച നടത്തിയ നാലംഗ സംഘത്തെ പിടികൂടി. നായിഫ് മേഖലയിലെ സ്ഥാപനത്തിൽ നിന്ന് 30 ലക്ഷം ദിർഹത്തോളം കവർന്ന സംഘത്തെയാണ് ദുബൈ പോലീസ് അറസ്റ്റ് ചെയ്തത്. പിടികൂടിയ പ്രതികളെല്ലാവരും എത്യോപ്യക്കാരാണ്. സ്ഥാപനത്തിന്റെ ലോക്കർ തകർത്താണ് പണം കവർന്നത്. ശേഷം, ഓഫീസിലെ സിസിടിവി ക്യാമറയുടെ ഹാർഡ് ഡ്രൈവും എടുത്ത് ഇവർ സ്ഥലം വിടുകയായിരുന്നു.
കഴിഞ്ഞ മാസമാണ് സ്ഥാപനത്തിൽ കവർച്ച നടന്നതെന്ന് അധികൃതർ അറിയിച്ചു. സുരക്ഷാ ക്യാമറയിൽ നിന്ന് മുഖംമൂടി ധരിച്ചെത്തിയ നാലുപേർ ഓഫീസിലേക്ക് കടക്കുന്ന ദൃശ്യങ്ങൾ അധികൃതർക്ക് ലഭിച്ചിരുന്നു. പുലർച്ചെ നാലു മണിയോടെയാണ് മോഷണം നടന്നതെന്നും അധികൃതർ അറിയിച്ചു. വാരാന്ത്യ അവധി കഴിഞ്ഞ് രാവിലെ ഓഫീസ് തുറക്കാനെത്തിയ ഏഷ്യക്കാരനായ ജീവനക്കാരനാണ് സ്ഥാപനത്തിൽ കവർച്ച നടന്ന വിവരം ആദ്യം അറിയുന്നത്. ഓഫീസ് മുഴുവനും അലങ്കോലമായി കണ്ടതിൽ സംശയം തോന്നിയതിനെ തുടർന്ന് ഇയാൾ ദുബൈ പൊലീസ് വിവരം അറിയിക്കുകയായിരുന്നു.
ദുബൈ പോലീസിന്റെ ക്രിമിനൽ ഇൻവസ്റ്റിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥർ, ഫോറൻസിക് അധികൃതർ, നായിഫ് പോലീസ് സ്റ്റേഷനിൽ നിന്നുള്ള ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന പ്രത്യേക സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിക്കുകയായിരുന്നു. വിശദമായ അന്വേഷണത്തിനൊടുവിൽ അത്യാധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ കവർച്ചാ സംഘത്തിന്റെ താമസയിടം കണ്ടെത്തുകയും പിന്നാലെ പിടികൂടുകയുമായിരുന്നു. കവർച്ച നടത്തിയതായും മോഷ്ടിച്ച പണം നാലു പേരും കൂടി വീതിച്ചെടുത്തതായും ചോദ്യം ചെയ്യലിൽ പ്രതികൾ സമ്മതിച്ചു. അന്വേഷണത്തിൽ പണത്തിന്റെ ഒരു ഭാഗം കണ്ടെടുത്തു. ബാക്കി പണം നാട്ടിലേക്ക് അനധികൃത പണമിടപാടുകൾ വഴി അയച്ചുകൊടുത്തതായി പ്രതികൾ പറഞ്ഞു. സംഭവം നടന്നതിന്റെ പശ്ചാത്തലത്തിൽ എല്ലാ വാണിജ്യ സ്ഥാപനങ്ങളും സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കണമെന്നും സംശയാസ്പദമായ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ റിപ്പോർട്ട് ചെയ്യണമെന്നും ദുബൈ പോലീസ് അറിയിച്ചു