/kalakaumudi/media/media_files/2025/09/16/ganguli-2025-09-16-12-10-56.jpg)
ദുബായ്: ഏഷ്യാ കപ്പിൽ പാകിസ്ഥാനെതിരായ മത്സരത്തിലെ ഇന്ത്യയുടെ പ്രകടനത്തെ അഭിനന്ദിച്ച് മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലി.
പാകിസ്ഥാൻ ഇന്ത്യക്ക് എതിരാളികളേയല്ലെന്നും ഏകപക്ഷീയമാണ് ഇന്ത്യ മത്സരം ജയിച്ചതെന്നും വാർത്താ ഏജൻസിയായ പിടിഐക്ക് നൽകിയ അഭിമുഖത്തിൽ ഗാംഗുലി പറഞ്ഞു.
പ്രതിപക്ഷ ബഹുമാനത്തോടെ തന്നെ പറയട്ടെ പാകിസ്ഥാൻ ഇന്ത്യക്കൊരു എതിരാളികളേയല്ല, പാകിസ്ഥാൻ പോയിട്ട് ഏഷ്യാ കപ്പിൽ കളിക്കുന്ന മറ്റ് ടീമുകളും ഇന്ത്യക്ക് വെല്ലുവിളി ഉയർത്താൻ പോന്നവരല്ല.
ടി20 ക്രിക്കറ്റിൽ ഒന്നോ രണ്ടോ തവണ ചിലപ്പോൾ ഇന്ത്യ തോൽപ്പിക്കപ്പെട്ടേക്കാം. പക്ഷെ ഭൂരിഭാഗം മത്സരങ്ങളിലും വിജയം ഇന്ത്യക്കൊപ്പമായിരിക്കുമെന്നും ഗാംഗുലി പറഞ്ഞു.ഇന്ത്യ-പാകിസ്ഥാൻ മത്സരത്തിൽ സംഭവിച്ച കാര്യങ്ങൾ കണ്ട് എനിക്ക് അത്ഭുതമൊന്നും തോന്നിയില്ല.
സത്യം പറഞ്ഞാൽ ആദ്യ 15 ഓവർ കഴിഞ്ഞപ്പോഴെ ഞാൻ കളി കാണുന്നത് നിർത്തി. എന്നിട്ട് ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ മാഞ്ചസ്റ്റർ സിറ്റി-മാഞ്ചസ്റ്റർ യുനൈറ്റഡ് മത്സരം കണ്ടു. കാരണം, ഇന്ത്യയും പാകിസ്ഥാനും മത്സരിക്കുമ്പോൾ അവിടെ തുല്യപോരാട്ടമില്ല. വഖാർ യൂനിസും വിസീം അക്രവും സയ്യീദ് അൻവറും ജാവേദ് മിയാൻദാദും എല്ലാം അടങ്ങുന്ന പാകിസ്ഥാൻ ടീമിനെയാണ് എനിക്കോർമ വരുന്നത്. അവരുടെ എഴയലത്തുപോലും ഇല്ലാത്ത ടീമാണ് പാകിസ്ഥാന് ഇപ്പോഴുള്ളത്.
അതുകൊണ്ട് തന്നെ ഇന്ത്യ-പാകിസ്ഥാൻ മത്സരം കാണുന്നതിനെക്കാൾ ഞാൻ ഇന്ത്യ-ഓസ്ട്രേലിയ, ഇന്ത്യ-ദക്ഷിണാഫ്രിക്ക അല്ലെങ്കിൽ ന്യൂസിലൻഡ്, ഇംഗ്ലണ്ട്, ശ്രീലങ്ക, അതൊന്നുമല്ലെങ്കിൽ അഫ്ഗാനിസ്ഥാനെതിരായ മത്സരമാണെങ്കിൽ പോലും ഞാൻ കാണും. കാരണം, ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരം തുല്യശക്തികളുടെ പോരാട്ടം പോലുമാണെന്ന് എനിക്ക് തോന്നുന്നില്ല.
മത്സരത്തിന് മുമ്പ് വെറുതെ ഹൈപ്പ് കൊടുക്കുകയാണ്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഇത്തരത്തിൽ ഹൈപ്പ് കൊടുത്തിട്ടും ഒരു പോരാട്ടം പോലും പാകിസ്ഥാൻറെ ഭാഗത്തു നിന്നുണ്ടായിട്ടില്ല. ഏകപക്ഷീയമായ വിജയങ്ങളാണ് ഇന്ത്യ നേടിയതെല്ലാം-ഗാംഗുലി പറഞ്ഞു.