/kalakaumudi/media/media_files/2025/10/14/modi-and-trump-2025-10-14-08-05-02.jpg)
കയ്‌റോ: ഗാസ വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പിടാന്‍ ഈജിപ്തില്‍ ചേര്‍ന്ന ഉച്ചകോടിയില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്ത്യയെപ്പറ്റിയും പരാമര്‍ശിച്ചു. തന്റെ നല്ല സുഹൃത്താണ് ഇന്ത്യയുടെ തലപ്പത്തുള്ളതെന്നും ഇന്ത്യയും പാക്കിസ്ഥാനും നന്നായി മുന്നോട്ടുപോകുമെന്നാണു താന്‍ കരുതുന്നതെന്നും പാക്ക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിനെ നോക്കി ട്രംപ് പറഞ്ഞു. ചിരി മാത്രമായിരുന്നു പാക്ക് പ്രധാനമന്ത്രിയുടെ മറുപടി.
ഗാസയില്‍ ശേഷിച്ച 20 ബന്ദികളെ ഹമാസും രണ്ടായിരത്തോളം പലസ്തീന്‍ തടവുകാരെ ഇസ്രയേലും ഇന്നലെ മോചിപ്പിച്ചു. കഴിഞ്ഞയാഴ്ച ധാരണയായ ഗാസ വെടിനിര്‍ത്തല്‍ കരാര്‍ ഈജിപ്തില്‍ നടന്ന ഉച്ചകോടിയില്‍ ഒപ്പിട്ടു. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി, ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താ അല്‍ സിസി, തുര്‍ക്കി പ്രസിഡന്റ് തയീപ് എര്‍ദോഗന്‍ എന്നീ മധ്യസ്ഥരായ രാഷ്ട്രനേതാക്കളാണു കരാറില്‍ ഒപ്പിട്ടത്. വിശുദ്ധനാട്ടില്‍ സമാധാനമായെന്ന് ട്രംപ് പറഞ്ഞു.
ഇന്നലെ ഇസ്രയേല്‍ സന്ദര്‍ശനത്തിനു ശേഷമാണു ട്രംപ് ഈജിപ്തിലേക്കു പോയത്. ഇസ്രയേല്‍ പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തില്‍, പുതിയ പശ്ചിമേഷ്യയുടെ ഉദയമാണു ഗാസ കരാറെന്നു ട്രംപ് പറഞ്ഞു. 2026 ലെ സമാധാന നൊബേലിനു ട്രംപിനെ നാമനിര്‍ദേശം ചെയ്യുമെന്ന് ഇസ്രയേല്‍ പാര്‍ലമെന്റ് പ്രഖ്യാപിച്ചു. ഈജിപ്തിന്റെ പരമോന്നത പുരസ്‌കാരം ട്രംപിനു പ്രഖ്യാപിച്ചു. ഇന്നുമുതല്‍ ഗാസയിലേക്കു രാജ്യാന്തര ഏജന്‍സികള്‍ കൂടുതല്‍ സഹായമെത്തിച്ചു തുടങ്ങും. പ്രതിദിനം 600 ട്രക്കുകള്‍ വീതം കടത്തിവിടുമെന്നാണ് ഇസ്രയേല്‍ അറിയിച്ചത്.