/kalakaumudi/media/media_files/2025/09/16/gaza-2025-09-16-15-29-00.jpg)
ഗാസ സിറ്റി: വെടിനിര്‍ത്തല്‍ രണ്ടാം ഘട്ടം നടപ്പാക്കാന്‍ ഇസ്രായേലിനുമേല്‍ സമ്മര്‍ദം തുടര്‍ന്ന് അമേരിക്ക. വെടിനിര്‍ത്തല്‍ ശരിയായ ദിശയില്‍ മുന്നോട്ടുപോകുന്നതായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ പറഞ്ഞു. വെസ്റ്റ് ബാങ്ക് പിടിച്ചെടുത്താല്‍ ഇസ്രായേലിനുള്ള യുഎസിന്റെ മുഴുവന്‍ പിന്തുണയും അവസാനിക്കുമെന്ന് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കി. ഗാസയില്‍ ആക്രമണവും സഹായനിയന്ത്രണവും ഇസ്രായേല്‍ തുടരുകയാണ്.
യുദ്ധാനന്തര ഗസായുടെ ഭരണസംവിധാനവും ഹമാസ് നിരായുധീകരണവും ഉള്‍പ്പെടുന്ന വെടിനിര്‍ത്തല്‍ രണ്ടാംഘട്ട ചര്‍ച്ചകള്‍ക്ക് തയാറാകാനാണ് അമേരിക്കയുടെ സമ്മര്‍ദം. മുഴുവന്‍ ബന്ദികളുടെ മൃതദേഹങ്ങളും ലഭിക്കാതെ ഹമാസുമായി തുടര്‍ ചര്‍ച്ചക്കില്ലെന്ന നിലപാടിലാണ് ഇസ്രായേല്‍. എന്നാല്‍ ബന്ദികളുടെ മുഴുവന്‍ മൃതദേഹങ്ങളും കണ്ടെത്തി കൈമാറാന്‍ സമയംവേണ്ടി വരുമെന്ന യാഥാര്‍ഥ്യം ഇസ്രായേലിനെ ബോധ്യപ്പെടുത്താനാണ് യുഎസ് ശ്രമം.
പലസ്തീന്‍ അതോറിറ്റിക്കും ഗാസ ഭരണത്തില്‍ പങ്കാളിത്തം നല്‍കരുതെന്നാണ് ഇസ്രയേലിന്റെ പിടിവാശി. വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സിനു പിന്നാലെ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ ഇന്നലെ ഇസ്രായേലില്‍ എത്തി പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹുവുമായി ചര്‍ച്ച നടത്തി.
വെടിനിര്‍ത്തലില്‍ പുരോഗതിയുണ്ടെങ്കിലും ഇനിയും ഏറെ ചെയ്യാനുണ്ടെന്ന് മാര്‍ക്കോ റൂബിയോ പറഞ്ഞു. പ്രതികൂല സാഹചര്യങ്ങള്‍ക്കിടയിലും സമാധാനം തന്നെയാണ് ലക്ഷ്യമെന്ന് നെതന്യാഹുവും പ്രതികരിച്ചു. ഖാന്‍ യൂനുസില്‍ ഇന്നലെ ഇസ്രായേല്‍ സേന വ്യാപക ആക്രമണം നടത്തി. റഫ അതിര്‍ത്തി തുറന്ന് കൂടുതല്‍ സഹായം ഗാസയില്‍ എത്തിക്കണമെന്ന ആവശ്യവും ഇസ്രായേല്‍ തള്ളി.
ഗസ്സയിലുടനീളം ആവശ്യത്തിന് വെള്ളവും ഭക്ഷണവും മറ്റ് സൗകര്യങ്ങളും ലഭിക്കാതെ ജനങ്ങള്‍ വലിയ ദുരിതം നേരിടുന്നതായി 'യുനര്‍വ' സാരഥികള്‍ അറിയിച്ചു. അതിനിടെ, വെസ്റ്റ് ബാങ്കിന് വേണ്ടി ഇസ്രായേല്‍ നീങ്ങിയാല്‍ അവര്‍ക്കുള്ള യുഎസിന്റെ മുഴുവന്‍ പിന്തുണയും അവസാനിക്കുമെന്ന് ടൈം മാഗസിന് നല്‍കിയ അഭിമുഖത്തില്‍ ട്രംപ് പറഞ്ഞു.
വെസ്റ്റ് ബാങ്ക് പ്രദേശം ഇസ്രായേല്‍ പിടിച്ചെടുക്കില്ലെന്ന് അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സും പ്രതികരിച്ചു. വെസ്റ്റ് ബാങ്ക് കൂട്ടിച്ചേര്‍ക്കാനുള്ള ബില്ലിന് ഇസ്രായേല്‍ പാര്‍ലമെന്റ് പ്രാഥമിക അംഗീകാരം നല്‍കിയതിന് പിന്നാലെയാണ് അമേരിക്കയുടെ പ്രതികരണം. അമേരിക്കന്‍ നിലപാടിനെ ഫലസ്തീന്‍ അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് സ്വാഗതം ചെയ്തു. അല്‍ അഖ്സ മസ്ജിദിന്റെ താഴെയും ചുറ്റുപാടും ഇസ്രായേല്‍ നടത്തിക്കൊണ്ടിരിക്കുന്ന ഖനനങ്ങള്‍ ജറൂസലമിലെ ശേഷിപ്പുകള്‍ക്ക് ഗുരുതര ഭീഷണി ഉയര്‍ത്തുന്നതായി ഖുദ്സ് ഗവര്‍ണറേറ്റ് മുന്നറിയിപ്പ് നല്‍കി.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
