ഹമാസ്-ഇസ്രായേല്‍ സമാധാന ചര്‍ച്ച ഇന്ന് ഈജിപ്ത്തില്‍

അമേരിക്കയുടെ മധ്യസ്ഥതയിലാണ് ചര്‍ച്ച. ബന്ദികളുടെ കൈമാറ്റമാണ് പ്രധാന അജണ്ട. ഖലീല്‍ അല്‍ ഹയ്യയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഹമാസിനായി ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്

author-image
Biju
New Update
talk

കെയ്‌റോ: ഹമാസ്-ഇസ്രായേല്‍ സമാധാന ചര്‍ച്ച ഇന്ന് ഈജിപ്ത്തില്‍ നടക്കും. അമേരിക്കയുടെ മധ്യസ്ഥതയിലാണ് ചര്‍ച്ച. ബന്ദികളുടെ കൈമാറ്റമാണ് പ്രധാന അജണ്ട. ഖലീല്‍ അല്‍ ഹയ്യയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഹമാസിനായി ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്. 

ട്രംപിന്റെ മരുമകന്‍ ജെറാര്‍ഡ് കുഷ്‌നെറും ചര്‍ച്ചയിലുണ്ട്. ഒന്നാംഘട്ട ചര്‍ച്ച ഈ ആഴ്ച പൂര്‍ത്തിയാക്കണമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആവശ്യപ്പെട്ടു. പശ്ചിമേഷ്യയുടെ ആകെ സമാധാനമാണ് ലക്ഷ്യമെന്നും ട്രംപ് വ്യക്തമാക്കി. അതിനിടെ ട്രംപിന്റെ നിര്‍ദേശം ലംഘിച്ച് ഇസ്രായേല്‍ ഗാസയില്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഇന്നലെ മാത്രം 24 പേര്‍ കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം ഗാസയിലെ സമാധാന നീക്കങ്ങള്‍ക്കെതിരെ ഇസ്രയേല്‍ മന്ത്രി ഇറ്റാമര്‍ ബെന്‍ ഗ്വിര്‍ രംഗത്തെത്തി. ഹമാസിനെ ഇല്ലാതാക്കണമെന്നും ബന്ദി കൈമാറ്റത്തിന് ശേഷം ഹമാസ് നിലനില്‍ക്കുന്നുണ്ടെങ്കില്‍ സര്‍ക്കാരില്‍ നിന്ന് രാജിവെക്കുമെന്നും ബെന്‍ ഗ്വിര്‍ ഭീഷണി മുഴക്കി. 

തീവ്ര വലതുപക്ഷ നിലപാട് സ്വീകരിക്കുന്ന ബെന്‍ ഗ്വിര്‍, ഇസ്രയേല്‍ ദേശീയ സുരക്ഷാ മന്ത്രിയാണ്. സമാധാന ശ്രമങ്ങള്‍ വിജയത്തിലേക്ക് നീങ്ങുന്നതിനിടെയുള്ള ബെന്‍ ഗ്വിറിന്റെ ഭീഷണിക്കെതിരെ വലിയ തോതില്‍ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. നേരത്തെയും ബെന്‍ ഗ്വിര്‍ കടുത്ത നിലപാടുകള്‍ സ്വീകരിക്കുന്നതിന്റെ പേരില്‍ വിമര്‍ശനം നേരിട്ടിട്ടുണ്ട്.

സമാധാന കരാറുമായി ബന്ധപ്പെട്ട് ഹമാസിന് മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രംഗത്തെത്തി. സമാധാന കരാറില്‍ തീരുമാനം വൈകുന്നത് പൊറുക്കില്ലെന്ന് ട്രംപ് വ്യക്തമാക്കി. ബന്ധികളെ ഉടന്‍ മോചിപ്പിക്കണമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി. 

ഗാസയില്‍ നിന്ന് ഇസ്രായേല്‍ സൈന്യത്തിന്റെ പിന്മാറ്റത്തിനുള്ള അതിര്‍ത്തി രേഖ ഇസ്രായേല്‍ അംഗീകരിച്ചതായും ഇത് ഹമാസ് അംഗീകരിച്ചാല്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരുമെന്നും ട്രംപ് അറിയിച്ചു. ബന്ദികളെ ഉടന്‍ മോചിപ്പിക്കണമെന്നും, ഹമാസ് വേഗത്തില്‍ പ്രതികരിച്ചില്ലെങ്കില്‍ 'എല്ലാ സാധ്യതകളും ഇല്ലാതാകുമെന്നും' ട്രംപ് കൂട്ടിച്ചേര്‍ത്തു. 

ഇസ്രായേല്‍ താത്കാലികമായി ബോംബാക്രമണം നിര്‍ത്തിവെച്ചത് സമാധാന കരാറിനും ബന്ദി മോചനത്തിനും അവസരം നല്‍കാനാണെന്നും ട്രംപ് വിവരിച്ചു. ട്രംപിന്റെ 20 ഇന സമാധാന പദ്ധതിക്ക് ഹമാസ് ഭാഗികമായി സമ്മതം അറിയിച്ചതിന് പിന്നാലെയാണ് ഈ മുന്നറിയിപ്പ്. ഈജിപ്തിന്റെ മധ്യസ്ഥതയിലാണ് ഹമാസ്-ഇസ്രായേല്‍ സമാധാന ചര്‍ച്ചകള്‍ നടക്കുന്നത്. ബന്ദികളെ മോചിപ്പിക്കാമെന്ന് ഹമാസ് അറിയിച്ചെങ്കിലും, പൂര്‍ണ്ണമായും നിരായുധീകരിക്കുന്നതുള്‍പ്പെടെയുള്ള പ്രധാന കാര്യങ്ങളില്‍ കൂടുതല്‍ ചര്‍ച്ചകള്‍ ആവശ്യമുണ്ടെന്ന് ഹമാസ് വ്യക്തമാക്കിയിട്ടുണ്ട്.

israel hamas