ഗാസയില്‍ വെടിനിര്‍ത്തല്‍ പുനഃസ്ഥാപിച്ച് ഇസ്രയേല്‍

വെടിനിര്‍ത്തല്‍ ലംഘിച്ച് ഒരാഴ്ചയ്ക്കിടെ ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങളില്‍ 38 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടതായും 143 പരുക്കേറ്റതായും ഗാസ അധികൃതര്‍ അറിയിച്ചു

author-image
Biju
New Update
afgan

ജറുസലം: റഫാ അടക്കം ഗാസയിലെ വിവിധയിടങ്ങളില്‍ ആക്രമണം നടത്തിയതിനു പിന്നാലെ വെടിനിര്‍ത്തല്‍ ധാരണ പുനഃസ്ഥാപിച്ച് ഇസ്രയേല്‍. സൈനികര്‍ക്കുനേരെ ഹമാസ് ആക്രമണം നടത്തിയെന്നു കാണിച്ചാണ് ഇസ്രയേല്‍ പോര്‍വിമാനങ്ങള്‍ ഗാസയില്‍ ബോംബിട്ടത്. കൊല്ലപ്പെട്ട പലസ്തീന്‍കാരുടെ എണ്ണം 45 ആയി. 

ഇതോടെ വെടിനിര്‍ത്തല്‍ കരാറിന്റെ ഭാവി സംബന്ധിച്ചും ആശങ്ക ഉയര്‍ന്നു. പിന്നീട്, ഉന്നതതല യോഗത്തിനു ശേഷമാണ് വെടിനിര്‍ത്തല്‍ തുടരുമെന്ന കാര്യം ഇസ്രയേല്‍ സൈന്യം അറിയിച്ചത്. വെടിനിര്‍ത്തല്‍ തുടരുമെന്നു യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും പ്രതികരിച്ചിരുന്നു. 

ഇന്നലെ ഉച്ചയ്ക്കുശേഷമാണു തെക്കന്‍ ഗാസയിലെ റഫായില്‍ ബോംബിട്ടത്. വടക്കന്‍ ഗാസയിലെ ജബാലിയയിലും ദെയ്‌റല്‍ ബലാഹിലും ബോംബാക്രമണമുണ്ടായി. ഖാന്‍ യൂനിസിലെ അബാസന്‍ പട്ടണത്തിനുസമീപം ഇസ്രയേല്‍ ടാങ്കുകള്‍ വെടിയുതിര്‍ത്തു. മുഖ്യനഗരങ്ങളില്‍നിന്നു പിന്മാറിയെങ്കിലും ഗാസയില്‍ത്തന്നെ തുടരുന്ന സൈന്യത്തിനുനേരെ റോക്കറ്റാക്രമണവും വെടിവയ്പുമുണ്ടായെന്നാണ് ഇസ്രയേല്‍ ആരോപണം. ഇങ്ങനെയൊരു സംഭവം നടന്നിട്ടില്ലെന്നു ഹമാസ് പറയുന്നു. 

അതേസമയം, വെടിനിര്‍ത്തല്‍ ലംഘിച്ച് ഒരാഴ്ചയ്ക്കിടെ ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങളില്‍ 38 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടതായും 143 പരുക്കേറ്റതായും ഗാസ അധികൃതര്‍ അറിയിച്ചു. ഇതിനിടെ, ഈജിപ്ത് അതിര്‍ത്തിയിലെ റഫാ ഇടനാഴി തുറക്കല്‍ നീളുമെന്ന് ഇസ്രയേല്‍ വ്യക്തമാക്കി. ഗാസയിലേക്കു സഹായമെത്തിക്കാനും പലസ്തീന്‍കാരുടെ യാത്രയ്ക്കുമായി റഫാ ഇടനാഴി തുറന്നുകൊടുക്കുമെന്നാണു കരാര്‍ വ്യവസ്ഥ.

വെടിനിര്‍ത്തല്‍ രണ്ടാംഘട്ട ചര്‍ച്ചയ്ക്കുള്ള ഒരുക്കം തുടങ്ങിയെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഇസ്രയേല്‍ ആക്രമണം. രണ്ടാംഘട്ടത്തിലാണു ഹമാസ് നിരായുധീകരണവും ഗാസയിലെ പുതിയ ഭരണസംവിധാനവും തീരുമാനമാകുക. എന്നാല്‍, മുന്‍പു രണ്ടു വെടിനിര്‍ത്തലിലും രണ്ടാംഘട്ടത്തിലേക്കു പോകും മുന്‍പേ ഇസ്രയേല്‍ ഏകപക്ഷീയമായി ആക്രമണം പുനരാരംഭിക്കുകയായിരുന്നു.