/kalakaumudi/media/media_files/KPYnnI5ntCslUBpDCZiG.jpg)
gaza war
ഭക്ഷ്യക്ഷാമം രൂക്ഷമായ ഗസ്സയിലെ പട്ടിണി പ്രദേശങ്ങളിലേക്ക് സഹായവുമായെത്തിയ ട്രക്കുകള്‍ തടഞ്ഞ് തീയിട്ട് ഇസ്രയേല്‍ ജൂത കുടിയേറ്റക്കാര്‍. മേഖലയില്‍ തടസ്സമില്ലാത്ത മാനുഷിക സഹായ വിതരണം അനുവദിക്കുമെന്ന് ഇസ്രയേല്‍ പ്രഖ്യാപിച്ചതിനുശേഷമുള്ള ഏറ്റവും പുതിയ സംഭവമാണിത്. ജോര്‍ദാനില്‍ നിന്ന് ഗസ്സയിലേക്ക് വരികയായിരുന്ന ട്രക്കുകള്‍ കുടിയേറ്റക്കാര്‍ തടഞ്ഞുവെച്ച് പരിശോധിച്ചെന്നാണ് റിപോര്‍ട്ട്. ട്രക്കുകളില്‍ നിന്ന് ധാന്യങ്ങളുള്‍പ്പെടെ ഭക്ഷ്യസാധനങ്ങള്‍ ഇവര്‍ നിലത്തേക്ക് എറിയുന്നതിന്റെയും തുറന്ന കാര്‍ഡ് ബോര്‍ഡ് പെട്ടികള്‍ റോഡില്‍ ചിതറി കിടക്കുന്നതിന്റെയും ട്രക്കുകള്‍ക്ക് തീയിടുന്നതിന്റെയും ചിത്രങ്ങളും വീഡിയോകളും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
അധിനിവേശ വെസ്റ്റ്ബാങ്കിലെ ഹെബ്രോണിന് സമീപമുള്ള തുകുമിയ, കിര്യത്, അര്‍ബ മേഖലകളിലെ ചെക്ക്‌പോസ്റ്റുകളില്‍ സഹായവുമായി എത്തിയ ട്രക്കുകള്‍ ഇവര്‍ തടഞ്ഞുവെക്കുകയും വാഹനത്തിലുണ്ടായിരുന്നവരെ ക്രൂരമായി ആക്രമിക്കുകയും ചെയ്തതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ഇസ്രയേല്‍ പതാകയുമായെത്തിയ സംഘം ട്രക്കുകളില്‍ കയറി സാധനങ്ങള്‍ വലിച്ച് പുറത്തേക്കിടുന്നത് വീഡിയോ ദൃശ്യങ്ങളില്‍ കാണാം. ഇവര്‍ പിന്നീട് ട്രക്കുകള്‍ക്ക് തീയിട്ടതായും റിപോര്‍ട്ടുണ്ട്.സംഭവവുമായി ബന്ധപ്പെട്ട് തുകുമിയ ചെക്ക്പോസ്റ്റില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പെടെ നാല് കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്തതായി അധികൃതര്‍ പറഞ്ഞു. ഇതാദ്യമായല്ല ഗസ്സയിലേക്കെത്തിയ സഹായ ട്രക്കുകളെ കുടിയേറ്റക്കാര്‍ ആക്രമിക്കുന്നത്. ഈ മാസം ഏഴിനുണ്ടായ ആക്രമണത്തില്‍ ആറ് പേരെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ മാസവും ഇവര്‍ സമാനമായ ആക്രമണം നടത്തിയിരുന്നു. ഇസ്‌റാഈലിന്റെ വംശഹത്യാപരമായ നീക്കത്തില്‍ ഗസ്സയിലെ ദശലക്ഷക്കണക്കിന് ആളുകള്‍ കടുത്ത പട്ടിണി അഭിമുഖീകരിക്കുന്നതിനിടയിലാണ് കുടിയേറ്റക്കാരുടെ ഈ ക്രൂരതയെന്നത് പ്രശ്‌നം വഷളാക്കുന്നു.