/kalakaumudi/media/media_files/2025/11/20/nepal-2025-11-20-17-09-08.jpg)
കാഠ്മണ്ഡു: നേപ്പാളില്‍ 'ജെന്‍ സി' പ്രതിഷേധങ്ങള്‍ വീണ്ടും രൂക്ഷമായതിനെ തുടര്‍ന്ന് രാജ്യത്തെ വിവിധ പ്രദേശങ്ങളില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി. ബാര ജില്ലയിലെ സിമാര ചൗക്കില്‍ വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. പ്രതിഷേധക്കാരെ പൊലീസ് ബലം പ്രയോഗിച്ച് പിരിച്ചുവിടുകയും കര്‍ഫ്യൂ പ്രഖ്യാപിക്കുകയും ചെയ്തതായി കാഠ്മണ്ഡു പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
സിമാര വിമാനത്താവളത്തിന് സമീപത്തും വലിയ സംഘര്‍ഷാവസ്ഥയുണ്ടായി. പ്രക്ഷോഭകരെ പിരിച്ചുവിടാനായി പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. സംഘര്‍ഷത്തെ തുടര്‍ന്ന് സിമാര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു.
സിമാരയില്‍ ഉച്ചയോടെയാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചത്. രാത്രി 8 മണി വരെ നിയന്ത്രണങ്ങള്‍ തുടരുമെന്നാണ് റിപ്പോര്‍ട്ട്. പുറത്താക്കപ്പെട്ട പ്രധാനമന്ത്രി കെ.പി ശര്‍മ്മ ഒലിയെ അനുകൂലിക്കുന്നവരും ജെന്‍ സി പ്രക്ഷോഭകരും തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്. സംഘര്‍ഷങ്ങള്‍ സംബന്ധിച്ച് ജെന്‍ സി പ്രതിഷേധക്കാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും, പ്രതികളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നാണ് പ്രക്ഷോഭകരുടെ ആരോപണം.
ബുധനാഴ്ച വീണ്ടും പൊട്ടിപ്പുറപ്പെട്ട പ്രതിഷേധത്തില്‍ നിരവധി ജെന്‍ സി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റതായും കാഠ്മണ്ഡു പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. അടുത്ത വര്‍ഷം മാര്‍ച്ച് 5-ന് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിനു മുന്നോടിയായി യുഎംഎല്‍ (യൂണിഫൈഡ് മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റ്) നേതാക്കള്‍ ജില്ലയിലേക്ക് വരാന്‍ പദ്ധതിയിട്ടതിനെത്തുടര്‍ന്നാണ് ബുധനാഴ്ച മുതല്‍ സംഘര്‍ഷം രൂക്ഷമായത്.
76 പേരുടെ മരണത്തിനിടയാക്കിയ സെപ്റ്റംബറിലെ ജെന്‍ സി പ്രക്ഷോഭത്തിന് ശേഷം ഏകദേശം രണ്ടു മാസത്തിനു ശേഷമാണ് രാജ്യത്ത് വീണ്ടും സംഘര്‍ഷം രൂക്ഷമാകുന്നത്. പ്രക്ഷോഭങ്ങളെ തുടര്‍ന്ന് അന്നത്തെ പ്രധാനമന്ത്രിയും യുഎംഎല്‍ ചെയര്‍മാനുമായിരുന്ന കെ.പി ഒലിക്ക് രാജിവെക്കേണ്ടിവന്നു. ഒലി സര്‍ക്കാരിന്റെ പതനത്തിനു പിന്നാലെ മുന്‍ ചീഫ് ജസ്റ്റിസ് സുശീല കാര്‍ക്കിയുടെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ 12-ന് പുതിയ സര്‍ക്കാര്‍ രൂപീകരിക്കുകയായിരുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
