അമേരിക്കയില്‍ വ്യാപിക്കുന്ന പക്ഷിപ്പനി പരത്തുന്ന വൈറസിന് ജനിതകമാറ്റം സംഭവിച്ചതായി റിപ്പോര്‍ട്ട് വന്നതോടെ യുഎസില്‍ അതീവ ജാഗ്രത. ലൂസിയാനയില്‍ ഒരു പക്ഷിപ്പനി ബാധിതനില്‍ നിന്ന് ശേഖരിച്ച സാമ്പിളിന്റെ പരിശോധനയിലാണ് വൈറസിന് ജനിതകമാറ്റം വന്നതായി കണ്ടെത്തിയത്. കടുത്ത ശ്വാസംമുട്ടലും പനിയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് 65 വയസുള്ള രോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇയാളില്‍ നിന്നെടുത്ത സാമ്പിളില്‍ അസ്വാഭാവിക മാറ്റങ്ങളാണ് ആരോഗ്യപ്രവര്‍ത്തകര്‍ കണ്ടെത്തിയത്. വൈറസിന് കോശങ്ങളിലേക്ക് കടക്കാന്‍ സഹായിക്കുന്ന ജീനുകളിലാണ് മാറ്റം വന്നതായി കണ്ടെത്തിയത്. ജനിതകമാറ്റത്തോടെ, ശ്വാസനാളിയിലെ കോശങ്ങളിലേക്ക് വേഗത്തില്‍ പ്രവേശിക്കാന്‍ വൈറസിന് സാധിക്കുമെന്നാണ് വിവരം. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യവിഭാഗം പറയുന്നത്.
എച്ച്2എന്‍1 എന്ന വൈറസാണ് പക്ഷിപ്പനിക്ക് കാരണമാകുന്നത്. പക്ഷിപ്പനി(ഏവിയന്‍ ഇന്‍ഫഌവെന്‍സ)യ്ക്ക് കാരണമാകുന്ന വൈറസ് മനുഷ്യരുടെ ശ്വാസനാളി വഴിയാണ് ഉള്ളിലെത്തുന്നത്. പക്ഷികളില്‍ നിന്ന് പക്ഷികളിലേക്ക് പകരുന്ന വൈറസ് അവയില്‍ നിന്ന് മനുഷ്യരിലേക്കും പകരും. എന്നാല്‍ ഇതുവരെ വൈറസിന് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരാനുള്ള ശേഷി ആര്‍ജിക്കാനായിട്ടില്ല. മനുഷ്യരില്‍ തന്നെ അപൂര്‍വമായാണ് പക്ഷിപ്പനി ബാധയുണ്ടാകുക. നിലവിലെ ജനിതകമാറ്റം മൂലമുണ്ടായ രോഗവ്യാപനം വളരെ കുറവേ കണ്ടെത്തിയിട്ടുള്ളു. അമേരിക്കയിലെ പൗള്‍ട്രി ഫാമുകളിലും പശുവളര്‍ത്തല്‍ കേന്ദ്രങ്ങളിലും രോഗം റിപ്പോര്‍ട്ടുചെയ്തിട്ടുണ്ട്. വ്യാപകമായി രോഗം പടരുന്നതിനാല്‍ അമേരിക്കന്‍ സംസ്ഥാനങ്ങള്‍ കടുത്ത ജാഗ്രതയിലാണ്.
നിലവില്‍ കണ്ടെത്തിയ ജനിതകമാറ്റം ആരോഗ്യപ്രവര്‍ത്തകരെ ആശങ്കപ്പെടുത്തുന്നുണ്ട്. ഇതുവരെ പക്ഷികളില്‍ കണ്ടെത്തിയ വൈറസ് വകഭേദങ്ങളില്‍ നിന്ന് ഇതിന് വ്യത്യാസമുണ്ട്. അതിനാല്‍ രോഗിയില്‍ പ്രവേശിച്ചതിന് ശേഷമാകാം വൈറസിന് ജനിതകമാറ്റമുണ്ടായതെന്നാണ് അനുമാനം. കൂടുതലാളുകളിലേക്ക് വൈറസ് പകരാനുള്ള സാധ്യത ഒഴിവാക്കിയില്ലെങ്കില്‍ മറ്റൊരു മഹാമാരിക്ക് അതിടയാക്കുമെന്ന് ആശങ്കയാണ് ആരോഗ്യവിദഗ്ധര്‍ക്കുള്ളത്.