ഗാസ കരാറില്‍ നിന്ന് പിന്മാറി ഫ്രാന്‍സ്;200% തീരുവ ചുമത്തുമെന്ന് ട്രംപിന്റെ ഭീഷണി

ഗാസയില്‍ സമാധാനം ഉറപ്പാക്കാനും ഭാവിയില്‍ യുഎന്‍ സുരക്ഷാ സമിതിക്ക് ബദലായും ട്രംപ് ആവിഷ്‌കരിക്കുന്ന 'ബോര്‍ഡ് ഓഫ് പീസില്‍' ചേരാനില്ലെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോ വ്യക്തമാക്കിയിരുന്നു

author-image
Biju
New Update
macron

വാഷിങ്ടണ്‍:ഗ്രീന്‍ലന്‍ഡ്, ഗാസ വിഷയങ്ങളില്‍ യുഎസ് പ്രസിഡന്റ് ട്രംപും യൂറോപ്യന്‍ 'സഖ്യകക്ഷികളും' തമ്മിലെ ബന്ധം കൂടുതല്‍ വഷളാകുന്നു. ഗാസയില്‍ സമാധാനം ഉറപ്പാക്കാനും ഭാവിയില്‍ യുഎന്‍ സുരക്ഷാ സമിതിക്ക് ബദലായും ട്രംപ് ആവിഷ്‌കരിക്കുന്ന 'ബോര്‍ഡ് ഓഫ് പീസില്‍' ചേരാനില്ലെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോ വ്യക്തമാക്കിയിരുന്നു. അങ്ങനെയെങ്കില്‍ ഫ്രാന്‍സിനെതിരെ 200% തീരുവ ചുമത്തുമെന്ന് ട്രംപ് ഭീഷണി മുഴക്കി.

അല്ലെങ്കിലും മക്രോയെ ബോര്‍ഡ് ഓഫ് പീസില്‍ വേണ്ടെന്നും ഫ്രഞ്ച് പ്രസിഡന്റ് എന്ന നിലയില്‍ അയാളുടെ സ്ഥാനം തെറിക്കാന്‍ പോവുകയാണെന്നും പറഞ്ഞ ട്രംപ്, ഫ്രാന്‍സില്‍ നിന്ന് യുഎസില്‍ എത്തുന്ന വൈനിനും ഷാംപെയ്‌നുകള്‍ക്കും ഉള്‍പ്പെടെ 200% തീരുവ ചുമത്തുമെന്നും പറഞ്ഞു. ''അയാള്‍ ബോര്‍ഡ് ഓഫ് പീസില്‍ ചേരും. ഇനിയിപ്പോള്‍ ചേരണമെന്ന് ഞങ്ങള്‍ക്ക് നിര്‍ബന്ധമൊന്നുമില്ല'' - ട്രംപ് പറഞ്ഞു.

ഫ്രഞ്ച് പ്രസിഡന്റ് എന്ന നിലയില്‍ മക്രോയുടെ പ്രവര്‍ത്തന കാലാവധി 2027 മേയ് വരെയാണ്. ഫ്രഞ്ച് നിയമപ്രകാരം ഒരാള്‍ക്ക് 2 തവണയേ പ്രസിഡന്റ് പദവി വഹിക്കാനാകൂ. അതുകൊണ്ടുതന്നെ, മൂന്നാമതൊരു ടേമിനായി മക്രോയ്ക്ക് ശ്രമിക്കാനാവില്ല. ഇതിനിടെ ട്രംപിനെ പരിഹസിച്ച് മക്രോയും രംഗത്തുവന്നു. റഷ്യയില്‍ നിന്നുള്ള വെല്ലുവിളി മറികടക്കാനാണ് ഗ്രീന്‍ലന്‍ഡ് വേണമെന്ന് ട്രംപ് ആവശ്യപ്പെടുന്നതെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട് ബെസ്സന്റ് പറഞ്ഞിരുന്നു.

ഭാവിയില്‍ ചിലപ്പോള്‍ തീപിടിത്തം ഉണ്ടായേക്കാമെന്നു കരുതി സ്വന്തം വീടിന് ഇപ്പോഴേ തീയിടുന്ന ചിന്താഗതിക്കാരനാണ് ട്രംപ് എന്ന് മക്രോ പരിഹസിച്ചു. ഭാവിയില്‍ എപ്പോഴെങ്കിലും കാര്‍ അപകടം ഉണ്ടായേക്കാമെന്നു കരുതി ഇപ്പോഴേ കാര്‍ തകര്‍ക്കുന്നയാളെന്നും മക്രോ കളിയാക്കി. മക്രോയുടെ പരിഹാസവും ചൊടിപ്പിച്ചതിന് പിന്നാലെയാണ് ട്രംപ് ഫ്രാന്‍സിനെതിരെ 200% തീരുവ ചുമത്തുമെന്ന ഭീഷണി മുഴക്കിയത്.

അതേസമയം, മക്രോ തനിക്ക് അയച്ചതെന്ന് പറയുന്ന സ്വകാര്യ ചാറ്റ് ഇതിനിടെ ട്രംപ് പുറത്തുവിട്ടു. സിറിയയിലും ഇറാനിലും ട്രംപിന്റെ നടപടികളെ പിന്തുണയ്ക്കുന്നതായും ഗ്രീന്‍ലന്‍ഡില്‍ ട്രംപ് എന്തു ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്ന് അറിയില്ലെന്നുമാണ് ചാറ്റിലുളളത്. സ്വിറ്റ്‌സര്‍ലന്‍ഡിലെ ദാവോസില്‍ നടക്കുന്ന ലോക സാമ്പത്തിക  ഫോറത്തോട് അനുബന്ധിച്ച് ഗ്രീന്‍ലന്‍ഡ്, ഗാസ വിഷയങ്ങളില്‍ ട്രംപുമായും മറ്റ് ജി7 നേതാക്കളുമായും ചര്‍ച്ചയാകാമെന്നും മക്രോ ചാറ്റില്‍ പറയുന്നു. ചര്‍ച്ചയില്‍ യുക്രെയ്ന്‍, സിറിയന്‍, റഷ്യന്‍, ഡെന്മാര്‍ക്ക് നേതാക്കളെയും ഉള്‍പ്പെടുത്താം. ട്രംപിനെ മക്രോ അത്താഴത്തിനും ചാറ്റിലൂടെ ക്ഷണിക്കുന്നുണ്ട്.

നേരത്തേ ഗ്രീന്‍ലന്‍ഡ് വേണമെന്ന തന്റെ ആവശ്യത്തെ പിന്തുണയ്ക്കാത്ത രാജ്യങ്ങള്‍ക്കുമേല്‍ കൂടുതല്‍ തീരുവ ചുമത്തുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനുപ്രതികാരമെന്നോണം യുഎസുമായുള്ള വ്യാപാരക്കരാര്‍ തല്‍ക്കാലം നിര്‍ത്തിവയ്ക്കുന്നതായി യൂറോപ്യന്‍ യൂണിയനും വ്യക്തമാക്കിയിരുന്നു. യൂറോപ്യന്‍ ശക്തികളെ ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ ശ്രമിക്കേണ്ടെന്ന് ട്രംപിനോട് ഫ്രഞ്ച്, ജര്‍മന്‍ ധനമന്ത്രിമാരും പറഞ്ഞു. 

250ലേറെ വര്‍ഷമായി സഖ്യകക്ഷികളാണ്, കാലങ്ങളായി സുഹൃത്തുക്കളാണ്. ഇവരെയൊക്കെ ബ്ലാക്ക്‌മെയില്‍ ചെയ്യാനാണ് ട്രംപ് ശ്രമിക്കുന്നത്. അതംഗീകരിച്ചുകൊടുക്കില്ലെന്ന് ഫ്രഞ്ച് ധനമന്ത്രി റോളണ്ട് ലെസ്‌കര്‍ പറഞ്ഞു. യുഎസില്‍ നിന്ന് യൂറോപ്യന്‍ .യൂണിയന്‍ രാഷ്ട്രങ്ങളിലെത്തുന്ന 10,770 കോടി ഡോളര്‍ മതിക്കുന്ന (ഏകദേശം 9.7 ലക്ഷം കോടി രൂപ) ഉല്‍പന്നങ്ങള്‍ക്ക് കനത്ത തീരുവ ചുമത്താനാണ് ഇയു നേതാക്കള്‍ ആലോചിക്കുന്നത്.