നൈജീരിയയില്‍ കത്തോലിക്കാ സ്‌കൂളില്‍ നിന്ന് 200ലധികം വിദ്യാര്‍ഥികളെ തട്ടിക്കൊണ്ടുപോയി

തട്ടിക്കൊണ്ടുപോയ വിദ്യാര്‍ഥികളെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായി സുരക്ഷാ സേനയെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ടെന്നും വനങ്ങളിലടക്കം തിരച്ചില്‍ നടത്തുകയാണെന്നും നൈജര്‍ സ്റ്റേറ്റ് പൊലീസ് കമാന്‍ഡ് പ്രസ്താവനയില്‍ വ്യക്തമാക്കി.

author-image
Biju
New Update
nig

അബൂജ: നൈജീരിയയില്‍ ക്രൈസ്തവര്‍ക്കെതിരായ ആക്രമണങ്ങള്‍ രൂക്ഷമാകുന്നു. ആയുധധാരികളായ ഒരു സംഘം ഒരു സ്വകാര്യ കത്തോലിക്കാ സ്‌കൂളില്‍ അതിക്രമിച്ച് കയറി നൂറുകണക്കിന് സ്‌കൂള്‍ കുട്ടികളെ തട്ടിക്കൊണ്ടുപോയതായി പൊലീസ് അറിയിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചേയായിരുന്നു സംഭവം. ആക്രമണത്തിനിടെ ചില വിദ്യാര്‍ഥികള്‍ രക്ഷപ്പെട്ടെങ്കിലും, 215 വിദ്യാര്‍ഥികളെയും 12 അധ്യാപകരെയും തട്ടിക്കൊണ്ടുപോയതായി ക്രിസ്ത്യന്‍ അസോസിയേഷന്‍ ഓഫ് നൈജീരിയ (സിഎഎന്‍) അറിയിച്ചു.

സിഎഎന്‍ നൈജര്‍ സ്റ്റേറ്റ് ചാപ്റ്റര്‍ ചെയര്‍മാന്‍ മോസ്റ്റ്. റവ. ബുലസ് ദൗവ യോഹന്ന സ്‌കൂള്‍ സന്ദര്‍ശിക്കുകയും തട്ടിക്കൊണ്ടുപോയ കുട്ടികളുടെ മാതാപിതാക്കളെ കാണുകയും ചെയ്തു. കുട്ടികളെ സുരക്ഷിതമായി തിരികെ കൊണ്ടുവരാന്‍ സര്‍ക്കാരുമായും സുരക്ഷാ ഏജന്‍സികളുമായും അസോസിയേഷന്‍ പ്രവര്‍ത്തിച്ചുവരികയാണെന്ന് അദ്ദേഹത്തിന്റെ വക്താവിനെ ഉദ്ധരിച്ച് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. 

തട്ടിക്കൊണ്ടുപോയ വിദ്യാര്‍ഥികളെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായി സുരക്ഷാ സേനയെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ടെന്നും വനങ്ങളിലടക്കം തിരച്ചില്‍ നടത്തുകയാണെന്നും നൈജര്‍ സ്റ്റേറ്റ് പൊലീസ് കമാന്‍ഡ് പ്രസ്താവനയില്‍ വ്യക്തമാക്കി.

നൈജീരിയന്‍ തലസ്ഥാനമായ അബുജയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശത്ത് നിന്നാണ് കുട്ടികളെ തട്ടിക്കൊണ്ടുപോയത്. ഈ ആഴ്ച ആദ്യം ക്വാരയില്‍ തോക്കുധാരികള്‍ ഒരു പള്ളിക്ക് നേരെ നടത്തിയ ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും പാസ്റ്റര്‍ ഉള്‍പ്പെടെ നിരവധി വിശ്വാസികളെ തട്ടിക്കൊണ്ടുപോകുകയും ചെയ്തിരുന്നു. വടക്കുപടിഞ്ഞാറന്‍ കെബ്ബി സ്റ്റേറ്റിലെ ഗവണ്‍മെന്റ് ഗേള്‍സ് ബോര്‍ഡിങ് സ്‌കൂളില്‍ അതിക്രമിച്ചു കയറിയ സായുധസംഘം  25 പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകുകയും സ്‌കൂളിലെ വൈസ് പ്രിന്‍സിപ്പലിനെ വെടിവെച്ച് കൊലപ്പെടുത്തുകയും ചെയ്തിരുന്നു.

നൈജീരിയയില്‍ സായുധസംഘങ്ങള്‍ ക്രൈസ്തവര്‍ക്ക് നേരെ നടത്തുന്ന അക്രമണങ്ങള്‍ വര്‍ധിച്ചുവരുകയാണ്. മതപരമായ ലക്ഷ്യങ്ങളോടുകൂടിയ ആക്രമണങ്ങള്‍, വംശീയ/സാമുദായിക സംഘര്‍ഷങ്ങള്‍ എന്നിവയാല്‍ രാജ്യം വലയുകയാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ ആഴ്ച തന്നെ നിരവധി പേരെയാണ് ഇത്തരത്തില്‍ അക്രമികള്‍ തട്ടിക്കൊണ്ടുപോയത്.