എച്ച് 1 ബി വിസ ഫീസ് വര്‍ധന: കടുത്ത ആശങ്കയില്‍ ഇന്ത്യക്കാര്‍, നാട്ടിലേക്ക് വരാനിരുന്നവരില്‍ പലരും യാത്ര ഉപേക്ഷിച്ചു

പുതിയ നിയമത്തെക്കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്. ട്രംപിന്റെ പുതിയ എച്ച്-വണ്‍ ബി വീസ അപേക്ഷാ ഫീസ് വര്‍ധിപ്പിച്ചതടക്കം നീക്കങ്ങള്‍ നിരീക്ഷിക്കുകയാണെന്നാണ് ഇന്ത്യയുടെ പ്രതികരണം

author-image
Biju
New Update
h1

വാഷിങ്ടണ്‍ : എച്ച് 1 ബി വിസ ഫീസ് വര്‍ധിപ്പിക്കുകയും നിയമങ്ങള്‍ കടുപ്പിക്കുകയും ചെയ്തതതോടെ ആശങ്കയില്‍ ഇന്ത്യക്കാര്‍. യുഎസില്‍നിന്ന് ഇന്ത്യയിലേക്ക് വരാനിരുന്ന ഒട്ടേറെപ്പേര്‍ ട്രംപിന്റെ പുതിയ തീരുമാനം വന്നതോടെ യാത്ര ഉപേക്ഷിച്ചു. 

ദുര്‍ഗ്ഗാ പൂജയോടനുബന്ധിച്ച് നാട്ടിലേക്ക് വരാന്‍ വിമാനത്താവളത്തിലെത്തിയ പലരും യാത്ര റദ്ദാക്കിയതായി യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വിമാനത്തിലുണ്ടായിരുന്ന ഇന്ത്യക്കാരായ യാത്രക്കാര്‍, യാത്ര ചെയ്യുന്നില്ലെന്നും വിമാനത്തില്‍ നിന്നും പുറത്തിറക്കണമെന്നും നിര്‍ബന്ധം പിടിച്ചതിനെ തുടര്‍ന്ന്, സാന്‍ ഫ്രാന്‍സിസ്‌കോയില്‍ നിന്ന് പുറപ്പെടാനൊരുങ്ങിയ എമിറേറ്റ്‌സ് വിമാനം വൈകിയാണ് പുറപ്പെട്ടത്.

 ദുബായിലും മറ്റു ചില ട്രാന്‍സിറ്റ് വിമാനത്താവളങ്ങളിലും ഇന്ത്യക്കാരായ യാത്രക്കാര്‍ ആശങ്കയിലാണെന്നും യാത്ര ഇടയ്ക്ക് അവസാനിപ്പിച്ചെന്നും വിവരമുണ്ട്. വീസാ ഫീസ് നിരക്ക് വര്‍ധനയെക്കുറിച്ചുള്ള വിവരം പുറത്ത് വന്ന് 20 മിനിറ്റിനകം ദുബായ് വിമാനത്താവളത്തില്‍ 10-15 യാത്രക്കാര്‍ ഇന്ത്യയിലേക്കുള്ള യാത്ര ഉപേക്ഷിച്ചെന്നാണ് വിവരം.

പുതിയ നിയമത്തെക്കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്. ട്രംപിന്റെ പുതിയ എച്ച്-വണ്‍ ബി വീസ അപേക്ഷാ ഫീസ് വര്‍ധിപ്പിച്ചതടക്കം നീക്കങ്ങള്‍ നിരീക്ഷിക്കുകയാണെന്നാണ് ഇന്ത്യയുടെ പ്രതികരണം. ഇന്ത്യക്കാരെയും അവരുടെ കുടുംബങ്ങളെയും ഇത് പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയുണ്ടെന്നും, വിഷയത്തിന്റെ എല്ലാ വശങ്ങളും പഠിച്ചുവരികയാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 

ഇന്ത്യയുടെയും യുഎസിന്റെയും വ്യവസായ സംഘടനകളും ഈ വിഷയത്തില്‍ ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. യുഎസിലുള്ള ഇന്ത്യന്‍ കുടുംബങ്ങളെ ഈ നീക്കം ബാധിക്കുമോ എന്ന ആശങ്ക യുഎസ് പരിഹരിക്കണം. സാങ്കേതിക രംഗത്തെ മാറ്റങ്ങള്‍ക്കും സാമ്പത്തിക വളര്‍ച്ചയ്ക്കും ഇന്ത്യയില്‍ നിന്നുള്ളവര്‍ വലിയ സംഭാവന നല്‍കിയ കാര്യം മറക്കരുതെന്നും ഇന്ത്യ പ്രസ്താവനയില്‍ ഓര്‍മ്മിപ്പിച്ചു.

പുതിയ ഫീസ് വര്‍ധനവ് അമേരിക്കന്‍ കമ്പനികളെ കൂടുതല്‍ ജോലികള്‍ ഇന്ത്യയിലേക്ക് മാറ്റാന്‍ പ്രേരിപ്പിക്കുമെന്നും ഇത് ഇന്ത്യയ്ക്ക് ഒരു അവസരമായി മാറിയേക്കാമെന്നും ചില വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു.

കുടിയേറ്റം തടയുന്നതിനുള്ള നീക്കത്തിന്റെ ഭാഗമായാണ് എച്ച് വണ്‍ ബി വിസയുടെ വാര്‍ഷിക ഫീസ് വര്‍ധിപ്പിക്കാന്‍ ട്രംപ് തീരുമാനിച്ചത്. ഇന്ത്യയില്‍ നിന്നും ചൈനയില്‍ നിന്നുമുള്ള ടെക്കികള്‍ക്ക് തിരിച്ചടിയാകുന്നതാണ് അമേരിക്കയുടെ പുതിയ തീരുമാനം. ഉന്നത വിദ്യാഭ്യാസവും പരിശീലനവും വൈദഗ്ധ്യവും ആവശ്യമുള്ള മേഖലകളില്‍ വിദേശത്തുനിന്നുള്ള പ്രൊഫഷണലുകളെ നിയമിക്കാന്‍ അമേരിക്കന്‍ കമ്പനികളെ അനുവദിക്കുന്നതാണ് എച്ച് വണ്‍ ബി വിസ.