/kalakaumudi/media/media_files/2025/03/30/IuheN8IXLu12wWp77zhW.jpg)
കെയ്റോ: ഗാസയില്‍ വെടിനിര്‍ത്തല്‍ കൊണ്ടുവരുന്നതിന് ഈജിപ്തിന്റെയും ഖത്തറിന്റെയും മദ്ധ്യസ്ഥതയില്‍ തയ്യാറാക്കിയ പുതിയ കരാര്‍ അംഗീകരിക്കുന്നുവെന്ന് ഹമാസ് അറിയിച്ചു. രണ്ട് ദിവസം മുമ്പ് ലഭിച്ച നിര്‍ദേശങ്ങള്‍ സ്വീകാര്യമാണെന്ന് ഹമാസ് ഇന്നലെ മദ്ധ്യസ്ഥരെ അറിയിച്ചു. 'ഖത്തറിലെയും ഈജിപ്തിലെയും മദ്ധ്യസ്ഥര്‍ വഴി രണ്ട് ദിവസം മുമ്പ് വെടിനിര്‍ത്തല്‍ നിര്‍ദേശങ്ങള്‍ തങ്ങള്‍ക്ക് ലഭിച്ചതായും അത് പരിശോധിച്ച് അനുകൂല തീരുമാനമെടുക്കുകയും അംഗീകരിക്കുകയും ചെയ്തു' എന്ന് ഹമാസ് നേതാവ് ഖലീല്‍ അല്‍ ഹയ്യ ടെലിവിഷനിലൂടെ നടത്തിയ പ്രസംഗത്തില്‍ അറിയിച്ചു.
പുതിയ വെടിനിര്‍ത്തല്‍ കരാറിനോട് ഇസ്രയേലില്‍ നിന്നും അനുകൂല പ്രതികരണം ലഭിച്ചതായി സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. അതേസമയം ഇത് സംബന്ധിച്ചുള്ള വാര്‍ത്താ ഏജന്‍സിയുടെ അന്വേഷണത്തോട് ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് പ്രതികരിക്കാന്‍ തയ്യാറായില്ല. കരാറിനെ ഇസ്രയേല്‍ അട്ടിമറിക്കില്ലെന്ന് പ്രതീക്ഷിക്കുന്നതായി ഹമാസ് നേതാവ് പറഞ്ഞു. ഇസ്രയേലില്‍ നിന്ന് ഹമാസ് പിടികൂടി അഞ്ച് ബന്ദികളെ കൂടി മോചിപ്പിക്കാമെന്നതാണ് വെടിനിര്‍ത്തല്‍ കരാറിലെ പ്രധാന വ്യവസ്ഥ. ഓരോ ആഴ്ചയും ഒരാളെ വീതമെന്ന നിലയിലായിരിക്കും ഇങ്ങനെ മോചിപ്പിക്കുകയെന്നാണ് റിപ്പോര്‍ട്ട്.
മദ്ധ്യസ്ഥരില്‍ നിന്ന് വെടിനിര്‍ത്തല്‍ കരാര്‍ നിര്‍ദേശങ്ങള്‍ ലഭിച്ചതായും അമേരിക്കയുമായി സഹകരിച്ച് തങ്ങളുടെ നിര്‍ദേശങ്ങള്‍ കൈമാറിയിട്ടുണ്ടെന്നുമാണ് ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് ലഭിക്കുന്ന വിവരം.
ജനുവരി 19നാണ് ഗാസയില്‍ ആദ്യഘട്ട വെടിനിര്‍ത്തയില്‍ ഗാസയില്‍ നിലവില്‍വന്നത്. ഇതിന്റെ ഭാഗമായി ഹമാസ് ബന്ദികളില്‍ ചിലരെ വിട്ടയക്കുകയും ഇസ്രയേല്‍ ജയിലിലുള്ള പലസ്തീനികളെ ഇസ്രയേല്‍ മോചിപ്പിക്കുകയും ചെയ്തിരുന്നു. മൂന്ന് ഘട്ട വെടിനിര്‍ത്തലിന്റെ രണ്ടാം ഘട്ടത്തില്‍ അവശേഷിക്കുന്ന ബന്ദികളെ മോചിപ്പിക്കാനും ഗാസയില്‍ നിന്നുള്ള ഇസ്രയേല്‍ പിന്മാറ്റം പൂര്‍ത്തിയാക്കാനുമാണ് ലക്ഷ്യമിട്ടിരുന്നത്.