/kalakaumudi/media/media_files/2025/10/05/hamas-2-2025-10-05-08-48-21.jpg)
ജറുസലേം: ഗാസ സമാധാന പദ്ധതിപ്രകാരം എല്ലാ ബന്ദികളെയും മോചിപ്പിക്കാമെന്നും ഗാസയുടെ ഭരണം കൈമാറാമെന്നും സമ്മതിച്ചെങ്കിലും ആയുധം ഉപേക്ഷിക്കണമെന്ന ആവശ്യത്തോടു പ്രതികരിക്കാതെ ഹമാസ്.
ആയുധം ഉപേക്ഷിക്കാന്‍ ഹമാസ് തയാറാകാത്ത സാഹചര്യത്തില്‍ സേനാപിന്മാറ്റത്തിന് ഇസ്രയേല്‍ വഴങ്ങുമോയെന്നു വ്യക്തമല്ല. എന്നാല്‍ പ്രസിഡന്റ് ട്രംപിന്റെ നിര്‍ദേശപ്രകാരം ഗാസയിലെ ബോംബാക്രമണം നിര്‍ത്തിവയ്ക്കാന്‍ ഇസ്രയേല്‍ സൈന്യം തീരുമാനിച്ചു.
ബന്ദികളെ ഹമാസ് മോചിപ്പിക്കുന്നതിനു പിന്നാലെ ഗാസയില്‍നിന്നു ഘട്ടംഘട്ടമായി ഇസ്രയേല്‍ സൈന്യം പിന്മാറണമെന്നാണു ട്രംപിന്റെ പദ്ധതി വ്യവസ്ഥ ചെയ്യുന്നത്. എന്നാല്‍, ബന്ദികളെ കൈമാറുന്നതിനൊപ്പം ഇസ്രയേല്‍ സൈന്യം പൂര്‍ണമായി ഗാസ വിടണമെന്ന മുന്‍നിലപാട് ഹമാസ് ആവര്‍ത്തിക്കുന്നു.
ഗാസയുടെ ഭരണത്തില്‍ ഹമാസിനും മറ്റ് സംഘടനകള്‍ക്കും നേരിട്ടോ അല്ലാതെയോ ഒരു തരത്തിലും പങ്കുണ്ടാകില്ലെന്ന് അവര്‍ അംഗീകരിക്കണമെന്നും ഗാസയിലെ ദൈനംദിന നടത്തിപ്പിന് സാങ്കേതിക വിദഗ്ധരടങ്ങുന്ന, രാഷ്ട്രീയരഹിതമായ ഒരു താല്‍ക്കാലിക പലസ്തീന്‍ സമിതിയെ ഏര്‍പ്പെടുത്തുമെന്നും ട്രംപിന്റെ അധ്യക്ഷതയില്‍ ദ് ബോര്‍ഡ് ഓഫ് പീസ് എന്ന പേരില്‍ ഒരു രാജ്യാന്തര സമിതിയായിരിക്കും ഇതിന് മേല്‍നോട്ടം വഹിക്കുകയെന്നും വ്യവസ്ഥയിലുണ്ട്. ഈ സമിതിയില്‍ യോഗ്യരായ പലസ്തീന്‍കാരും രാജ്യാന്തര വിദഗ്ധരും ഉള്‍പ്പെടും.
ഭരണം കൈമാറാമെന്നു സമ്മതിക്കുമ്പോഴും പലസ്തീന്റെ പരമാധികാരം നിലനിര്‍ത്തിയുള്ള ഭരണക്രമമാണ് ഹമാസ് മുന്നോട്ടുവയ്ക്കുന്നത്. ഗാസയില്‍ ഭാവിയിലും പങ്കാളിത്തമുണ്ടാകുമെന്നും ഹമാസ് ആഗ്രഹിക്കുന്നു. സമാധാന പദ്ധതിയിലെ തര്‍ക്കവിഷയങ്ങളില്‍ ചര്‍ച്ച വേണമെന്നാണ് ഹമാസിന്റെ നിര്‍ദേശം. എന്നാല്‍ ഹമാസിന്റെ ആവശ്യം എത്രമാത്രം യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും അംഗീകരിക്കുമെന്ന് കണ്ടറിയണം.