വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോഴും, ഗസയില്‍ ഇസ്രയേല്‍ ശക്തമായ ആക്രമണം നടത്തുകയാണ്. ഹമാസിന്റെ നിലവിലെ അവസ്ഥ എന്താണ്? കരുത്ത് തകര്‍ന്നുപോയോ? അടുത്തടുത്താണ് ഹമാസിന് മേധാവികളെ നഷ്ടമായത്.നേതാക്കളുടെ വിയോഗം ഹമാസിന് തിരിച്ചടിയായോ?
ഹമാസ് തിരിച്ചുവരുന്നതായാണ് ഗസയില്‍ നിന്ന് വരുന്ന റിപ്പോര്‍ട്ടുകള്‍. ദി ഷാഡോ അല്ലെങ്കില്‍ നിഴല്‍ എന്ന് അറിയപ്പെടുന്ന പുതിയ മേധാവി മുഹമ്മദ് സിന്‍വറിന്റെ കീഴില്‍ ഹമാസ് അതിവേഗം ശക്തി പ്രാപിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.കൊല്ലപ്പെട്ട യഹിയ സിന്‍വറിന്റെ ഇളയ സഹോദരനാണ് മുഹമ്മദ് സിന്‍വര്‍.ഹമാസിന്റെ നിയന്ത്രണം ഏറ്റെടുത്ത മുഹമ്മദ് സിന്‍വര്‍,പുതിയ പോരാളികളെ റിക്രൂട്ട് ചെയ്യുകയാണെന്നാണ് റിപ്പോര്‍ട്ട്.മാത്രമല്ല, ഹിറ്റ് ആന്‍ഡ് റണ്‍ പോലെയുള്ള ആക്രമണ തന്ത്രങ്ങളും പുതിയ പോരാളികളെ പരിശീലിപ്പിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഇസ്രയേല്‍ സേനയുടെ ആക്രമണത്തില്‍ ഗസയില്‍ ആയിരങ്ങള്‍ കൊല്ലപ്പെടുകയാണ്.എന്നാല്‍,ഹമാസിലേക്കുള്ള റിക്രൂട്ട്‌മെന്റ് തുടരുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.ലോകം ഉറ്റുനോക്കുന്നത്
പുതിയ നേതൃത്വത്തിന്റെ തണലില്‍ ഹമാസ് ശക്തി പ്രാപിക്കുമോ? നിലവിലെ സംഘര്‍ഷം രൂക്ഷമാകുമോ എന്നാണ്.
അതിനിടെ,ഗസ വെടിനിര്‍ത്തലുമായി ബന്ധപ്പെട്ട അന്തിമ കരാര്‍ ഉടന്‍ ഉണ്ടാകുമെന്നാണ് സൂചന.ഹമാസ്,ഇസ്രായേല്‍ സംഘങ്ങളും മധ്യസ്ഥ രാജ്യങ്ങളും ദോഹയില്‍ അവസാനവട്ട ചര്‍ച്ചയിലാണ്.ദോഹയിലെത്തിയ ഹമാസ് സംഘവുമായി ഖത്തര്‍ അമീര്‍ ചര്‍ച്ച നടത്തുകയുണ്ടായി.കരാര്‍ യാഥാര്‍ഥ്യമാക്കാന്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡനും സമ്മര്‍ദം ചെലുത്തുന്നുണ്ട്.ദോഹ കേന്ദ്രീകരിച്ചുള്ള ചര്‍ച്ച വിജയകരമായി പുരോഗമിക്കുന്നതായും ബൈഡന്‍ വെളിപ്പെടുത്തി. ഗസയില്‍ ഉടന്‍ സമാധാനം പുലരണമെന്നും അദ്ദേഹം പറഞ്ഞു.
സ്ഥാനമൊഴിയുന്ന യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെയും നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെയും പ്രതിനിധികള്‍ പങ്കെടുത്ത ചര്‍ച്ചകള്‍ക്ക് ശേഷമാണ് നീക്കം.താന്‍ പിന്തുണച്ച വെടിനിര്‍ത്തല്‍ കരാറും ബന്ദികളെ മോചിപ്പിക്കല്‍ കരാറും ഫലപ്രാപ്തിയുടെ വക്കിലാണെന്നും, ഹമാസ് ഒരു കരാറിലെത്താന്‍ ആഗ്രഹിക്കുന്നുണ്ടെന്നും ബൈഡന്‍ പറഞ്ഞു.ഈ കരാര്‍ ബന്ദികളെ മോചിപ്പിക്കുകയും,പോരാട്ടം നിര്‍ത്തുകയും, ഇസ്രായേലിന് സുരക്ഷ നല്‍കുകയും, ഹമാസ് തുടങ്ങിവെച്ച യുദ്ധത്തില്‍ ഗുരുതരമായി ദുരിതമനുഭവിക്കുന്ന പലസ്തീനികള്‍ക്കുള്ള മാനുഷിക സഹായം ഗണ്യമായി വര്‍ദ്ധിപ്പിക്കാന്‍ നമ്മെ അനുവദിക്കുകയും ചെയ്യുമെന്ന് ബൈഡന്‍ പറഞ്ഞു.
ദോഹയില്‍ നടന്ന ചര്‍ച്ചയില്‍ വെടിനിര്‍ത്തലിനും ബന്ദികളെ മോചിപ്പിക്കുന്നതിനുമുള്ള നിര്‍ദേശം ഖത്തര്‍ ഇരുവിഭാഗത്തിനു മുന്നിലും അവതരിപ്പിച്ചു.ഇസ്രയേല്‍ ചാര ഏജന്‍സികളായ മൊസാദിന്റെയും ഷിന്‍ ബെറ്റിന്റെയും തലവന്മാരും ഖത്തര്‍ പ്രധാനമന്ത്രിയും ചര്‍ച്ചയില്‍ പങ്കെടുത്തതായി പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.
വെടിനിര്‍ത്തലിന്റെ ആദ്യഘട്ടം 42 നാളുകള്‍ നീണ്ടു നില്‍ക്കുമെന്നും ഇതിനിടെ 33 ബന്ദികളെ ഹമാസ് മോചിപ്പിക്കുമെന്നും ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇസ്രയേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.കരാറിന് മറ്റൊന്നും വിലങ്ങു തടിയാകരുതെന്ന് യുഎസ് പ്രസിഡന്റ് പറഞ്ഞതായി ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയുമായി നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ അറിയിച്ചു.മുതിര്‍ന്ന ഹമാസ് നേതാവ് ഡോ.ഖലീല്‍ അല്‍ ഹയ്യയുടെ നേതൃത്വത്തിലുള്ള സംഘമാണ് ചര്‍ച്ചകളില്‍ ഭാഗഭാക്കാകുന്നത്.അനുകൂല കരാറിനു വേണ്ടി ശ്രമം തുടരുന്നതായി ഹമാസ് നേതൃത്വം പ്രതികരിച്ചു.
മധ്യസ്ഥ ശ്രമങ്ങളുടെ ഭാഗമായി ദോഹയിലുള്ള നിയുക്ത പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മിഡില്‍ ഈസ്റ്റ് പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ്, യുഎസ് ദേശീയ സുരക്ഷാ കൗണ്‍സില്‍ മിഡില്‍ ഈസ്റ്റ് കോര്‍ഡിനേറ്റര്‍ ബ്രെറ്റ് മക്ഗര്‍ക് എന്നിവരും കരാര്‍ വൈകില്ലെന്ന പ്രതീക്ഷയാണ് പങ്കുവച്ചത്.എന്നാല്‍ ഇസ്രയേല്‍ സൈനിക പിന്‍മാറ്റം സംബന്ധിച്ച അവ്യക്തതകള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്.ഇസ്രയേല്‍ മന്ത്രിസഭയിലെ ചുരുക്കം മന്ത്രിമാര്‍ ഒഴികെ എല്ലാവരും കരാറിനെ അനുകൂലിച്ചതായാണ് റിപ്പോര്‍ട്ട്.