മൂന്ന് ഇസ്രായേലി ബന്ദികളെ ഹമാസ് മോചിപ്പിച്ചു

മോചനം നേടിയവരിൽ ജമാൽ അൽ തവീൽ അടക്കമുള്ള ഹമാസ് നേതാക്കന്മാരുമുണ്ട്. മോശം ശാരീരികസ്ഥിതിയിലുള്ള ജമാൽ അൽ തവീലിനെ മോചനത്തിനു പിന്നാലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

author-image
Prana
New Update
GH

2023 ഒക്ടോബർ ഏഴിന് ബന്ദികളാക്കിയ മൂന്ന് ഇസ്രായേൽ പൗരന്മാരെ ഹമാസ് മോചിപ്പിച്ചു. എലി ഷറാബി (52), ഒഹദ് ബെൻ അമി (56), ഒർ ലവി (34) എന്നിവരെയാണ് ഹമാസ് അധികൃതർ മധ്യ ഗസ്സയിലെ ദെയ്ൽ അൽ ബലാഹിൽ വച്ച് റെഡ് ക്രോസിന് കൈമാറിയത്. കൈമാറുന്നതിനു മുന്നോടിയായി ബന്ദികളെ ദെയ്ൽ അൽ ബലാഹിൽ ഒരുക്കിയ പ്രത്യേക വേദിയിൽ പ്രദർശിപ്പിച്ചിരുന്നു. ബന്ദികളുടെ ശരീരം ഗണ്യമായി ശോഷിച്ചിട്ടുണ്ടെന്നും അവർ പൂർണ ആരോഗ്യവാന്മാരല്ലെന്നും ബന്ധുക്കൾ ആരോപിച്ചതായി ഇസ്രായേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.അതേസമയം, ഗസ്സയിൽ ഇസ്രായേൽ നടത്തിയ കനത്ത ബോംബിങ്ങിൽ നിന്ന് തങ്ങളുടെ ജീവൻ രക്ഷിച്ചതിന് ബന്ദികൾ ഹമാസിനോട് നന്ദി പറഞ്ഞു. യുദ്ധത്തിലൂടെയല്ല, ചർച്ചയിലൂടെയാണ് തങ്ങളുടെ മോചനം സാധ്യമായതെന്നും സമവായ ചർച്ചകളിലൂടെ മാത്രമേ ശേഷിക്കുന്ന ബന്ദികൾക്കും മോചനം സാധ്യമാകൂ എന്നും ദെയ്ൽ അൽ ബലാഹിൽ ഹമാസ് ഒരുക്കിയ വേദിയിൽ ബന്ദികൾ പറഞ്ഞു. ഇവരെ കാണാൻ വൻ ആൾക്കൂട്ടം തടിച്ചുകൂടിയിരുന്നു.ബന്ദി കൈമാറ്റ കരാറിന്റെ ഭാഗമായി 183 ഫലസ്തീനി തടവുകാരെ ഇസ്രായേൽ മോചിപ്പിച്ചു. ഇസ്രായേലിലെ ഒഫർ ജയിലിൽ നിന്ന് തടവുകാരുമായി പുറപ്പെട്ട ബസ് അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ റാമല്ലയിൽ എത്തി. 20-നും 61-നും ഇടയിൽ പ്രായമുള്ളവരാണ് ഇസ്രായേൽ മോചിപ്പിച്ച തടവുകാരെന്നും ഇതിൽ 111 പേരെയും 2023 ഒക്ടോബർ ഏഴിനു ശേഷം ഇസ്രായേൽ പിടികൂടിയതാണെന്നും 'മിഡിൽ ഈസ്റ്റ് ഐ' റിപ്പോർട്ട് ചെയ്തു. മോചനം നേടിയവരിൽ ജമാൽ അൽ തവീൽ അടക്കമുള്ള ഹമാസ് നേതാക്കന്മാരുമുണ്ട്. മോശം ശാരീരികസ്ഥിതിയിലുള്ള ജമാൽ അൽ തവീലിനെ മോചനത്തിനു പിന്നാലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

hamas