/kalakaumudi/media/media_files/2025/10/02/muh-2025-10-02-17-38-14.jpg)
ധാക്ക: അവാമി ലീഗിന്റെ മുതിര്‍ന്ന നേതാവിനെ മരണക്കിടക്കയിലും വിലങ്ങണിയിച്ച മുഹമ്മദ് യൂനുസ് സര്‍ക്കാരിനെതിരെ വ്യാപക വിമര്‍ശനം. ഷെയ്ഖ് ഹസീന സര്‍ക്കാരില്‍ വ്യവസായ മന്ത്രിയായിരുന്ന നൂറുല്‍ മജീദ് മഹമൂദ് ഹുമയൂണിനെ (75) ആണ് ചികിത്സയിലായിരുന്ന സമയത്തും കൈവിലങ്ങണിയിച്ചത്.
2024ല്‍ നടന്ന സര്‍ക്കാര്‍ വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട് സെപ്റ്റംബര്‍ 24നാണ് ഹുമയൂണിനെ അറസ്റ്റ് ചെയ്യുന്നത്. തുടര്‍ന്ന് ആരോഗ്യം മോശമായതിനെ തുടര്‍ന്ന് ധാക്ക മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസിയുവില്‍ ചികിത്സയിലായിരുന്നു. പിന്നീട് സെപ്റ്റംബര്‍ 29ന് ഹുമയൂണ്‍ മരിച്ചു. എന്നാല്‍ ആശുപത്രിയിലും ഹുമയൂണിനെ കൈവിലങ്ങണിയിച്ചിരുന്നതിന്റെ ദൃശ്യങ്ങള്‍ അദ്ദേഹത്തിന്റെ മരണശേഷം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. ഇതോടെ വലിയ വിമര്‍ശനമാണ് മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും നിയമ വിദഗ്ധരുടെയും ഭാഗത്തുനിന്നുണ്ടായത്.
'മരണക്കിടക്കയിലുള്ള ഒരു വ്യക്തിയെ വിലങ്ങണിയിക്കുന്നത് അത്യന്തം മനുഷ്യത്വരഹിതവും മനുഷ്യാവകാശങ്ങളുടെ നഗ്‌നമായ ലംഘനവുമാണ്'മനുഷ്യാവകാശ പ്രവര്‍ത്തകന്‍ നൂര്‍ ഖാന്‍ ലിട്ടന്‍ ബംഗ്ലദേശ് മാധ്യമങ്ങളോടു പറഞ്ഞു, സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്നും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ആരോപിച്ചു. '75 വയസ്സുള്ള രോഗിയായ ഒരു മനുഷ്യനെ എങ്ങനെയാണ് അപകടകാരിയും ജയില്‍ചാടാന്‍ സാധ്യതയുള്ള വ്യക്തിയുമായി കണക്കാക്കാന്‍ കഴിയുന്നത്' അഭിഭാഷകനായ അബ്ദു ഒബൈയ്ദുര്‍ റഹ്‌മാന്‍ ചോദിച്ചു.
അതേസമയം, പ്രചരിക്കുന്ന ദൃശ്യങ്ങള്‍ ഹുമയൂണിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ആദ്യ ദിവസങ്ങളില്‍ ഉള്ളതാണെന്നാണു ബംഗ്ലദേശ് ജയില്‍ അധികൃതര്‍ പറയുന്നത്. 'പ്രചരിക്കുന്ന ചിത്രങ്ങള്‍ ഹുമയൂണ്‍ ഐസിയുവില്‍ ചികിത്സയിലുള്ള കാലയളവില്‍ ഉള്ളതല്ല. മരിക്കുന്നതുവരെ ധാക്ക മെഡിക്കല്‍ കോളജില്‍ അദ്ദേഹത്തിന് മികച്ച ചികിത്സ നല്‍കിയിട്ടുണ്ടെന്നും ജയില്‍ അധികൃതര്‍ പറഞ്ഞു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
