/kalakaumudi/media/media_files/2026/01/01/puthu-2-2026-01-01-00-02-33.jpg)
തിരുവനന്തപുരം:
ലോകം പുതുവത്സരത്തിലേക്ക് കടന്നിരിക്കുകയാണ്. ആവേശത്തിന് ഒട്ടും കുറവ് വരുത്താതെയാണ് ഇത്തവണ മലായാളികളും പുതുവത്സരത്തെ വരവേറ്റത്. കൊച്ചിക്ക് സമാനമായി ഭീമന്‍ പാപ്പാഞ്ഞിയെ കത്തിച്ചാണ് തലസ്ഥാനവും പുതുവത്സരം ആഘോഷമാക്കിയത്. നവോന്മേഷത്തില്‍ നാടെങ്ങും ആഘോഷ ലഹരിയിലാണ്.
തലസ്ഥാനത്ത് കോവളമടക്കമുള്ള ഇടങ്ങളില്‍ വലിയ ആഘോഷ പരിപാടികളാണ് അരങ്ങേറുന്നത്. തലസ്ഥാന നഗരിക്ക് പുത്തന്‍ പുതുവത്സര അനുഭവം സമ്മാനിച്ച വെള്ളാറിലെ കേരള ആര്‍ട്ട്‌സ് ആന്‍ഡ് ക്രാഫ്റ്റ് വില്ലേജിലെ പാപ്പാഞ്ഞിയും 2026ന്റെ പ്രത്യേകതയാണ്. ക്രാഫ്റ്റ് വില്ലേജിലെ പത്തോളം കലാകാരന്മാര്‍ പത്ത് ദിവസമെടുത്ത് തയ്യാറാക്കിയ കൂറ്റന്‍ പാപ്പാഞ്ഞിയാണ് തിരുവനന്തപുരത്ത് ഒരുങ്ങിയത്. 40 അടി ഉയരത്തില്‍ തയ്യാറാക്കിയ പാപ്പാഞ്ഞി കുട്ടികളെ മുതല്‍ പ്രായമായവരെ വരെ ആകര്‍ഷിക്കുന്ന തരത്തിലായിരുന്നു രൂപകല്‍പ്പന.
പുതുവത്സരദിനത്തില്‍ അഭയ ഹിരണ്‍മയിയുടെ നേതൃത്വത്തിലുള്ള ഹിരണ്‍മയം ബാന്‍ഡിന്റെ സംഗീത വിരുന്ന് തലസ്ഥാനത്ത് അരങ്ങേറി. ഇതോടൊപ്പം ഡിജെ പാര്‍ട്ടി, ഫൂഡ് ഫെസ്റ്റ്, ചെണ്ട ഫ്യൂഷന്‍, വെടിക്കെട്ട് ഉള്‍പ്പടെ ആഘോഷ പരിപാടികളും ഒരുക്കിയിരുന്നു. പുതുവര്‍ഷ പുലരിയില്‍ വെടിക്കെട്ടിന്റെ അകമ്പടിയോടെ പാപ്പാഞ്ഞിയെ കത്തിച്ചാണ് ആഘോഷങ്ങള്‍ക്ക് താല്‍ക്കാലിക സമപനം കുറിച്ചത്.
കാലഗണനയിലെ ഒരു വര്‍ഷം അവസാനിക്കുകയും മറ്റൊന്ന് ആരംഭിക്കുകയും ചെയ്യുന്ന നിമിഷമാണ് പുതുവര്‍ഷം. ലോകമെമ്പാടുമുള്ള മനുഷ്യര്‍ ജാതിമതഭേദമന്യേ ആഘോഷിക്കുന്ന ഏറ്റവും വലിയ ആഗോള ഉത്സവങ്ങളില്‍ ഒന്നാണിത്. ഓരോ പുതുവര്‍ഷവും നമുക്ക് നല്‍കുന്നത് പുതിയ സ്വപ്നങ്ങളും, പ്രതീക്ഷകളും, തിരുത്തലുകള്‍ക്കുള്ള അവസരങ്ങളുമാണ്.
ആധുനിക കലണ്ടര്‍ (ഗ്രിഗോറിയന്‍ കലണ്ടര്‍) അനുസരിച്ച് ജനുവരി ഒന്നാണ് പുതുവര്‍ഷമായി ആഘോഷിക്കുന്നത്. എന്നാല്‍ പ്രാചീന കാലത്ത് വസന്തകാലത്തിന്റെ തുടക്കമായിരുന്നു പല സംസ്‌കാരങ്ങളിലും പുതുവര്‍ഷമായി കണക്കാക്കിയിരുന്നത്. റോമന്‍ ചക്രവര്‍ത്തിയായിരുന്ന ജൂലിയസ് സീസറാണ് ജനുവരി ഒന്നിനെ പുതുവര്‍ഷാരംഭമായി നിശ്ചയിച്ചത്. 'ജാനുസ്' എന്ന റോമന്‍ ദൈവത്തിന്റെ പേരില്‍ നിന്നാണ് ജനുവരി എന്ന പേരുണ്ടായത്. ഒരു മുഖം ഭൂതകാലത്തേക്കും മറുമുഖം ഭാവിയിലേക്കും നോക്കുന്ന ദൈവമായാണ് ജാനുസ് അറിയപ്പെടുന്നത്.
പുതുവര്‍ഷത്തിന്റെ ഏറ്റവും വലിയ പ്രത്യേകത 'റെസല്യൂഷനുകള്‍' അഥവാ തീരുമാനങ്ങളാണ്. കഴിഞ്ഞ വര്‍ഷത്തെ പോരായ്മകള്‍ പരിഹരിക്കാനും ജീവിതശൈലി മെച്ചപ്പെടുത്താനും ആളുകള്‍ ഈ സമയം പ്രയോജനപ്പെടുത്തുന്നു.
ഓരോ രാജ്യത്തും വ്യത്യസ്തമായ രീതിയിലാണ് പുതുവര്‍ഷത്തെ വരവേല്‍ക്കുന്നത്. സിഡ്‌നിയിലെ ഹാര്‍ബര്‍ ബ്രിഡ്ജ്, ദുബായിലെ ബുര്‍ജ് ഖലീഫ, ലണ്ടനിലെ ബിഗ് ബെന്‍ എന്നിവിടങ്ങളിലെ വെടിക്കെട്ടുകള്‍ ലോകപ്രശസ്തമാണ്. പലയിടങ്ങളിലും ബന്ധുക്കളും സുഹൃത്തുക്കളും ഒത്തുചേര്‍ന്ന് വിരുന്നുകള്‍ ഒരുക്കുന്നു. ഡിസംബര്‍ 31 അര്‍ദ്ധരാത്രി 12 മണിയാകാന്‍ സെക്കന്റുകള്‍ എണ്ണുന്ന 'കൗണ്ട് ഡൗണ്‍' ആവേശകരമായ നിമിഷമാണ്.
പഴയകാലത്തെ പരാജയങ്ങളില്‍ തളരാതെ, വരാനിരിക്കുന്ന നല്ല നാളുകളെ ആത്മവിശ്വാസത്തോടെ സ്വീകരിക്കാനുള്ള സന്ദേശമാണ് പുതുവര്‍ഷം നല്‍കുന്നത്. സ്‌നേഹവും സമാധാനവും നിറഞ്ഞ ഒരു ലോകത്തിനായി നമുക്ക് ഈ പുതുവര്‍ഷത്തില്‍ പ്രതിജ്ഞയെടുക്കാം.
ലോകം കണ്ണുനട്ട് കാത്തിരുന്നപ്പോള്‍ പുതുവത്സരത്തെ ആദ്യം വരവേറ്റത് കിരിബാത്തി ദ്വീപാണ്. ഇന്ത്യ പുതുവത്സരം ആഘോഷിക്കുന്നതിനെക്കാള്‍ എട്ടര മണിക്കൂര്‍ മുന്നേ ആയിരുന്നു ക്രിസ്മസ് ദ്വീപ് എന്ന പേരിലും അറിയപ്പെടുന്ന കിരിബാത്തി പുതിയ വര്‍ഷത്തെ വരവേറ്റത്. കിരിബാത്തിക്ക് ശേഷം ന്യൂസിലാന്‍ഡിലെ ചാഥം ദ്വീപിലും പുതുവര്‍ഷമെത്തി. 600 ഓളം ആളുകള്‍ മാത്രമാണ് ഈ ദ്വീപില്‍ താമസിക്കുന്നത്.
തുടര്‍ന്ന് ഓസ്‌ട്രേലിയ, ടോകെലൗ, ടോംഗ തുടങ്ങിയ പസഫിക് ദ്വീപുകളുമാണ് പുതുവത്സരം ആഘോഷിച്ചത്. ഫിജി, റഷ്യ, ജപ്പാന്‍, ദക്ഷിണ കൊറിയ, ചൈന, മലേഷ്യ, സിംഗപ്പൂര്‍, ഹോങ്കോങ്, ഫിലിപ്പീന്‍സ് തുടങ്ങി രാജ്യങ്ങളും പുതുവത്സരത്തെ വരവേറ്റു. കേരളത്തില്‍ കോവളം, വര്‍ക്കല, ഫോര്‍ട്ട് കൊച്ചി, കോഴിക്കോട് തുടങ്ങി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വലിയ തോതിലുള്ള ആഘോഷങ്ങളാണ് നടക്കുന്നത്. ലോക രാജ്യങ്ങളെല്ലാം ചുറ്റിക്കണ്ട് അവസാനം പുതുവര്‍ഷം എത്തുന്നത് യുഎസിലായിരിക്കും. ജനവാസമില്ലാത്ത ബേക്കര്‍ ദ്വീപിലാണ് 2026 അവസാനമായെത്തുക.
കിരിബാത്തി ദ്വീപ്
പസഫിക് സമുദ്രത്തിന്റെ 3.5 ദശലക്ഷം ചതുരശ്ര കിലോമീറ്ററിലധികം പ്രദേശം വ്യാപിച്ചു കിടക്കുന്ന ദ്വീപാണ് 33 അറ്റോളുകള്‍ ചേര്‍ന്ന കിരിബാത്തി. ഹവായിയുടെ തെക്കും ഓസ്ട്രേലിയയുടെ വടക്കുകിഴക്കുമായാണ് ദ്വപ് സ്ഥിതി ചെയ്യുന്നത്. ഏകദേശം 116,000 ആണ് ഇവിടത്തെ ജനസംഖ്യ. കിരീബാത്തിയെ വിഭജിച്ചുകൊണ്ടാണ് സാങ്കല്‍പികമായ രാജ്യാന്തര സമയരേഖ കടന്നു പോവുന്നത്. അങ്ങനെ വരുമ്പോള്‍ കിരീബാത്തിയുടെ ഒരു പകുതിയില്‍ ഒരു ദിവസവും മറു പകുതിയില്‍ മറ്റൊരു ദിവസവുമാവും. ഈ സങ്കീര്‍ണത ഒഴിവാക്കാന്‍ 1995 മുതല്‍ കിരിബാത്തി ഒരൊറ്റ സമയമാണ് പിന്തുടരുന്നത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
