/kalakaumudi/media/media_files/2025/04/22/7IKhXGgz1IBzRv3gZBUg.jpg)
വാഷിങ്ടന്‍: ട്രംപ് ഭരണകൂടത്തിനെതിരെ നിയമനടപടി സ്വീകരിച്ച് ഹാര്‍വഡ് സര്‍വകലാശാല. 2.2 ബില്യന്‍ ഡോളറിലധികം വരുന്ന ഫെഡറല്‍ ഫണ്ടിങ് തടഞ്ഞതിനെതിരെയാണ് കേസ്. ഫണ്ടിങ് മരവിപ്പിക്കാനുള്ള ട്രംപിന്റെ തീരുമാനം നിയമവിരുദ്ധമാണെന്നും നടപടി സര്‍ക്കാരിന്റെ അധികാരപരിധിക്കു പുറത്തുള്ളതാണെന്നും ഹാര്‍വഡ് സര്‍വകലാശാല അറിയിച്ചു. യുഎസ് മസാച്യുസെറ്റ്സ് ഫെഡറല്‍ കോടതിയിലാണ് ഹാര്‍വഡ് സര്‍വകലാശാല ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്.
സ്വകാര്യ സര്‍വകലാശാലകള്‍ എന്ത് പഠിപ്പിക്കണം, ആരെ പ്രവേശിപ്പിക്കണം, ആരെ നിയമിക്കണം, എന്നൊന്നും ഒരു സര്‍ക്കാരിനും തീരുമാനിക്കാന്‍ സാധിക്കില്ലെന്നാണ് ഹാര്‍വഡ് പ്രസിഡന്റ് ഗാര്‍ബര്‍ പറയുന്നത്. ഫെഡറല്‍ ഫണ്ട് തുടര്‍ന്നു ലഭിക്കണമെങ്കില്‍ ചില നിര്‍ദേങ്ങള്‍ അംഗീകരിക്കേണ്ടി വരുമെന്നും ട്രംപ് ഭരണകൂടം അറിയിച്ചിരുന്നു. കോളജ് ക്യാംപസുകളില്‍ വര്‍ധിച്ചു വരുന്ന ജൂതവിരുദ്ധതക്കെതിരെയുള്ള പ്രതികരണമായാണ് ഈ നടപടിയെന്നാണ് ട്രംപ് ഭരണകൂടത്തിന്റെ വിശദീകരണം.
കഴിഞ്ഞ വര്‍ഷം യുഎസ് കോളജ് കാമ്പസുകളില്‍ നടന്ന ഇസ്രായേല്‍ വിരുദ്ധ പ്രതിഷേധങ്ങള്‍ ജൂതവിരുദ്ധത നിറഞ്ഞതായിരുന്നുവെന്നാണ് ട്രംപ് ഭരണകൂടത്തിന്റെ ആരോപണം. അതിനിടെ ഹാര്‍വഡ് സര്‍വകലാശാലയ്ക്കു നല്കുന്ന സഹായത്തില്‍ 100 കോടി ഡോളര്‍ കൂടി വെട്ടിക്കുറയ്ക്കാന്‍ യുഎസ് സര്‍ക്കാര്‍ നടപടി തുടങ്ങി. ആരോഗ്യഗവേഷണത്തെയാണ് ഇതു ബാധിക്കുക. ഹാര്‍വഡ് അടക്കമുള്ള സര്‍വകലാശാലകളിലെ പലസ്തീന് അനുകൂല പ്രകടനങ്ങളുടെ പേരില്‍ സര്‍ക്കാര്‍ ധനസഹായം മുന്‍പും തടഞ്ഞുവച്ചിരുന്നു.