മോസ്‌കോ :യുദ്ധം നാശം മാത്രമാണ് വിതയ്ക്കുന്നത്. ലോക രാജ്യങ്ങളെ യുദ്ധങ്ങളും സംഘര്‍ഷങ്ങളും നശിപ്പിച്ചതിന്റെ നിരവധി ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടാനാവും. ലോകശക്തികളാണ് അമേരിക്കയും റഷ്യയുമൊക്കെ.
എന്നാല്‍, വര്‍ഷങ്ങളായി തുടരുന്ന യുക്രൈനുമായുള്ള യുദ്ധം റഷ്യയുടെ നടുവൊടിച്ചോ? സിറിയയില്‍ അസദ് ഭരണകൂടം വീണതിനു പിന്നാലെ ഈ ചോദ്യം ഉയര്‍ന്നതാണ്.അസദിനെ നിലനിര്‍ത്തിയത് റഷ്യയായിരുന്നു. എന്നാല്‍,വിമത മുന്നേറ്റം ശക്തമായതോടെ റഷ്യ അസദിനെ കൈവിട്ടു. അസദ് വീണു, സിറിയയുടെ നിയന്ത്രണം വിമതര്‍ ഏറ്റെടുത്തു. പിന്നീട് അസദ് റഷ്യയിലേക്ക് ചേക്കേറുകയും ചെയ്തു.
ഇപ്പോഴിതാ മറ്റൊരു വാര്‍ത്തയാണ് വരുന്നത്. യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാനാണോ പുടിന്റെ ശ്രമം. അങ്ങനെയൊരു സൂചനയാണ് വരുന്നത്. യുക്രൈനിലെ യുദ്ധവുമായി ബന്ധപ്പെട്ട് എപ്പോള്‍ വേണമെങ്കിലും ഡൊണാള്‍ഡ് ട്രംപുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്നാണ് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ അറിയിച്ചത്.
ട്രംപും പുടിനും യുക്രെയ്നില്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്കായി കൂടിക്കാഴ്ച നടത്താന്‍ സാധ്യതയുണ്ടോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്. റഷ്യ-ഉക്രൈന്‍ അതിര്‍ത്തി തര്‍ക്കം 2022 ഫെബ്രുവരിയിലാണ് ആരംഭിച്ചത്. അന്ന് തുടങ്ങിയ യുദ്ധം ഇതുവരെ അവസാനിച്ചിട്ടില്ല. അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ യുദ്ധം അതിന്റെ മൂന്നാം വര്‍ഷം പൂര്‍ത്തിയാക്കും. നിലവില്‍ റഷ്യന്‍ സേന യുക്രെയിനില്‍ കടന്നാക്രമണം തുടരുകയാണ്. സമാനമായി റഷ്യയുടെ സേനയ്ക്കെതിരെ ഉക്രെയ്നും തിരിച്ചടിക്കുന്നുണ്ട്. റഷ്യയ്ക്കെതിരെ ഉക്രൈനും മിസൈല്‍ ആക്രമണം തുടരുകയാണ്.
അതേസമയം യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയിച്ച ട്രംപിന് ഈ യുദ്ധം നിര്‍ത്താന്‍ താല്‍പ്പര്യമുണ്ട്. ഒപ്പം വെടിനിര്‍ത്തല്‍ സംബന്ധിച്ച് ഇരുരാജ്യങ്ങളുമായി ചര്‍ച്ചയ്ക്ക് സാധ്യതയുണ്ടെന്നും ട്രംപ് അറിയിച്ചു.
അതുപോലെ, ട്രംപ് തീര്‍ച്ചയായും വെടിനിര്‍ത്തലിന് സമ്മതിക്കുമെന്ന് ഉക്രെയ്ന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ സെലെന്‍സ്‌കിയും ആത്മവിശ്വാസം പ്രകടിപ്പിച്ചു, വെടിനിര്‍ത്തല്‍ സംബന്ധിച്ച് ട്രംപുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും റഷ്യന്‍ പ്രസിഡന്റ് പുടിനും പറഞ്ഞു. ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് നേരത്തെ തന്നെ പുടിന്‍ പറഞ്ഞിരുന്നെങ്കിലും ഇപ്പോള്‍ വീണ്ടും സ്ഥിരീകരിച്ചിരിക്കുകയാണ്. അതായത് കഴിഞ്ഞ ദിവസം റഷ്യയില്‍ വര്‍ഷാവസാന സമ്മേളനം നടന്നിരുന്നു, റഷ്യയിലെ കുര്‍സ്‌ക് മേഖല യുക്രെയ്ന്‍ പിടിച്ചെടുത്തിട്ടുണ്ടെന്നും അത് ഉടന്‍ വീണ്ടെടുക്കുമെന്നും സമ്മേളനത്തില്‍ പങ്കെടുക്കുമ്പോള്‍ പുടിന്‍ പറഞ്ഞു.
നിലവിലെ സാഹചര്യത്തില്‍, റഷ്യ ഉക്രെയ്‌നിനെതിരെ പൂര്‍ണ്ണമായ രീതിയില്‍ ആക്രമണം നടത്തിയിട്ടില്ല. ട്രംപുമായി എപ്പോള്‍ വേണമെങ്കിലും ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും, എന്നാല്‍, എപ്പോള്‍ കൂടിക്കാഴ്ച നടത്തുമെന്ന കാര്യം സ്ഥിതീകരിച്ചിട്ടില്ലെന്നും നാല് വര്‍ഷത്തിലേറെയായി തങ്ങള്‍ സംസാരിച്ചിട്ടില്ലെന്നും പുടിന്‍ പറഞ്ഞു. വെടിനിര്‍ത്തലില്‍ വിട്ടുവീഴ്ചയ്ക്ക് അദ്ദേഹം തയാറാണെന്നും യഥാര്‍ത്ഥത്തില്‍ ട്രംപും ഞാനും കണ്ടുമുട്ടിയാല്‍ ഒരുപാട് കാര്യങ്ങള്‍ സംസാരിക്കാന്‍ ഉണ്ടാകുമെന്നും പുടിന്‍ പറഞ്ഞു.
റഷ്യ-ഉക്രൈന്‍ യുദ്ധം അവസാനിക്കുന്നതോടെ അമേരിക്കയും റഷ്യയുമായി ദൃഢമായ ഒരു ബന്ധം ഉണ്ടാലെടുക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ലോക പോലീസ് ചമയുന്ന അമേരിക്ക യുദ്ധം അവസാനിപ്പിക്കാനുള്ള ചര്‍ച്ചകള്‍ റഷ്യയുമായി ആരംഭിക്കുന്നതൊക്കെ നല്ല കാര്യം തന്നെ.എന്നാല്‍ ഇതിലൂടെ ട്രംപിന്റെ നീക്കങ്ങള്‍ എന്താകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്.
ട്രംപ് അധികാരമേല്‍ക്കുന്നതോടെ കാര്യങ്ങള്‍ക്ക് കൂടുതല്‍ വ്യക്തത വരുമെന്ന് പ്രതീക്ഷിക്കാം.അതിനിടെ, സിറിയയില്‍ വിമതര്‍ പിടിമുറുക്കിയത് റഷ്യയ്ക്ക് വലിയ ക്ഷീണമായി മാറിയിട്ടുണ്ട്. രണ്ട് പ്രധാന താവളങ്ങളുള്ള സിറിയയില്‍ റഷ്യയുടെ വലിയ സൈനിക സാന്നിധ്യമുണ്ട്. ലതാകിയയ്ക്ക് സമീപമുള്ള ഹിമെമിം എയര്‍ ബേസും ടാര്‍ടസിലെ നാവിക താവളവും മോസ്‌കോയ്ക്ക് തന്ത്രപ്രധാനമാണ്.
എന്നാല്‍,വിമതര്‍ സിറിയ പിടിച്ചതോടെ റഷ്യ സിറിയയില്‍ നിന്ന് പുറത്താക്കപ്പെടുമോ എന്ന ആശങ്കയിലാണ്.പുതിയ ഭരണാധികാരികളുമായി റഷ്യ ഇപ്പോള്‍ ചര്‍ച്ചയിലാണ്. താവളങ്ങള്‍ പ്രവര്‍ത്തനക്ഷമമായി നിലനിര്‍ത്തുന്നതിനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. അതേസമയം, ലിബിയയിലേക്കും തങ്ങളുടെ ആധിപത്യം സ്ഥാപിക്കാന്‍ ഒരുങ്ങുകയാണ് റഷ്യ എന്ന സൂചനയാണ് വരുന്നത്. സിറിയയില്‍ നിന്ന് റഷ്യയിലേക്കും ലിബിയയിലേക്കും റഷ്യന്‍ സൈനികോപകരണങ്ങളും നയതന്ത്ര ഉദ്യോഗസ്ഥരെയും കൊണ്ടുപോകുന്നതായാണ് റിപ്പോര്‍ട്ട്.സിറിയയില്‍ നിന്ന് ലിബിയയിലേക്ക് സൈനിക കേന്ദ്രങ്ങള്‍ മാറ്റുകയാണോ എന്ന സംശയവും ഉയരുന്നുണ്ട്. 2011 മുതല്‍ പ്രതിസന്ധി നേരിടുന്ന രാജ്യമാണ് ലിബിയ. നാല് എയര്‍ ബേസുകളും ഒരു തുറമുഖവും റഷ്യയ്ക്ക് ലിബിയയില്‍ ഉണ്ട്. എന്നാല്‍, സിറിയയ്ക്ക് പകരമാവില്ല റഷ്യയ്ക്ക് ലിബിയ. രാജ്യത്തിന്റെ അസ്ഥിരത തന്നെയാണ് അതിന്റെ കാരണം.റഷ്യയില്‍ നിന്ന് ലിബിയയിലേക്കുള്ള നേരിട്ടുള്ള വിമാനങ്ങള്‍ക്ക് തുര്‍ക്കി വ്യോമാതിര്‍ത്തി മുറിച്ചുകടക്കേണ്ടതുണ്ട്.റഷ്യന്‍ സൈനിക ചരക്ക് വിമാനങ്ങള്‍ തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗന്റെ നിരീക്ഷണത്തിന് വിധേയമാകും.അതുകൊണ്ടാണ് ലിബിയ, സിറിയയ്ക്ക് പകരക്കാരനാവില്ല എന്നു പറഞ്ഞത്. നിലവിലെ സ്വാധീനം നിലനിര്‍ത്തുന്നതിന്, റഷ്യ സിറിയന്‍ വിമതരുമായി വീണ്ടും ചര്‍ച്ച നടത്തുകയോ മറ്റ് ഓപ്ഷനുകള്‍ തേടുകയോ ചെയ്യേണ്ടി വന്നേക്കാമെന്നാണ് വിലയിരുത്തല്‍.