'നരേന്ദ്ര മോദി മഹാനായ നേതാവും സുഹൃത്തും, എതിര്‍പ്പ് ഇന്ത്യ റഷ്യന്‍ എണ്ണ വാങ്ങുന്നതില്‍': ട്രംപ്

''നരേന്ദ്ര മോദിയുമായി ഞാന്‍ എപ്പോഴും സൗഹൃദത്തിലായിരിക്കും. അദ്ദേഹം ഒരു മികച്ച പ്രധാനമന്ത്രിയാണ്. അദ്ദേഹം മഹാനാണ്. പക്ഷേ ഇപ്പോള്‍ അദ്ദേഹം ചെയ്യുന്നത് എനിക്ക് ഇഷ്ടമല്ല. ഇന്ത്യയും അമേരിക്കയും തമ്മില്‍ ഒരു പ്രത്യേക ബന്ധമുണ്ട്. വിഷമിക്കേണ്ട കാര്യമില്ല.

author-image
Biju
New Update
trump and modi

വാഷിങ്ടന്‍: ഇന്ത്യയും യുഎസും തമ്മില്‍ പ്രത്യേക ബന്ധമുണ്ടെന്നു യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. വൈറ്റ് ഹൗസില്‍ നടന്ന വാര്‍ത്താസമ്മേളനത്തിനിടെ,  ഇന്ത്യയുമായുള്ള ബന്ധം പുനഃസ്ഥാപിക്കാന്‍ തയാറാണോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ട്രംപ്. ''നരേന്ദ്ര മോദിയുമായി ഞാന്‍ എപ്പോഴും സൗഹൃദത്തിലായിരിക്കും. അദ്ദേഹം ഒരു മികച്ച പ്രധാനമന്ത്രിയാണ്. അദ്ദേഹം മഹാനാണ്. പക്ഷേ ഇപ്പോള്‍ അദ്ദേഹം ചെയ്യുന്നത് എനിക്ക് ഇഷ്ടമല്ല. ഇന്ത്യയും അമേരിക്കയും തമ്മില്‍ ഒരു പ്രത്യേക ബന്ധമുണ്ട്. വിഷമിക്കേണ്ട കാര്യമില്ല. ചില സമയത്തു മാത്രമേ പ്രശ്‌നങ്ങള്‍ ഉള്ളൂ'' ട്രംപ് പറഞ്ഞു. 

ഇന്ത്യ റഷ്യയില്‍ നിന്ന് ഇത്രയധികം എണ്ണ വാങ്ങുന്നത് വളരെ നിരാശാജനകമാണെന്നും ട്രംപ് പറഞ്ഞു. ''ഇന്ത്യ റഷ്യയില്‍ നിന്ന് ഇത്രയധികം എണ്ണ വാങ്ങുന്നതില്‍ എനിക്ക് വളരെ നിരാശയുണ്ട്, ഞാന്‍ അത് അവരെ അറിയിച്ചു. ഞങ്ങള്‍ ഇന്ത്യയ്ക്ക് ഉയര്‍ന്ന തീരുവ ഏര്‍പ്പെടുത്തി, 50 ശതമാനം തീരുവ. എനിക്ക് നരേന്ദ്ര മോദിയുമായി വളരെ നല്ല ബന്ധമുണ്ട്, അദ്ദേഹം വളരെ മികച്ച നേതാവാണ്. കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ് അദ്ദേഹം ഇവിടെ ഉണ്ടായിരുന്നു'' ഇന്ത്യയെയും റഷ്യയെയും യുഎസിന് നഷ്ടമായെന്ന പോസ്റ്റിനുള്ള പ്രതികരണമായി  ട്രംപ് പറഞ്ഞു. 

ഇന്ത്യയെയും റഷ്യയെയും നമുക്ക് നഷ്ടമായെന്നാണു തോന്നുന്നത്, അതും ഇരുണ്ടതും ദുരൂഹവുമായ ചൈനയോടെന്നായിരുന്നു ട്രംപ്, ട്രൂത്ത് സോഷ്യലിലെ പോസ്റ്റില്‍ കുറിച്ചത്. അവര്‍ക്ക് ഒരുമിച്ച് ദീര്‍ഘവും സമൃദ്ധവുമായ ഒരു ഭാവിയുണ്ടാകട്ടെയെന്നു പോസ്റ്റില്‍ പരിഹസിക്കുകയും ചെയ്തിരുന്നു ട്രംപ്. നരേന്ദ്ര മോദിയുടെയും ഷീ ജിന്‍പിങ്ങിന്റെയും വ്‌ലാഡിമിര്‍ പുട്ടിന്റെയും ഒന്നിച്ചുള്ള ചിത്രം പങ്കുവച്ചായിരുന്നു പോസ്റ്റ്.

ചൈനയിലെ ടിയാന്‍ജിനില്‍ നടന്ന ഷാങ്ഹായ് ഉച്ചകോടിയില്‍ മോദിയും ഷിയും പുടിനും ഒരുമിച്ചെത്തിയത് ആഗോള ശ്രദ്ധ ആകര്‍ഷിച്ചതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് ട്രംപിന്റെ പോസ്റ്റ്.

donald trump