ഹിസ്ബുള്ളയെയും വിട്ടില്ല; ബെയ്റൂട്ടില്‍ ആക്രമണം നടത്തി ഇസ്രയേല്‍

ഇറാനിയന്‍ ഭീകര ഭരണകൂടത്തിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനയാണ് ഹിസ്ബുള്ളയെന്നും അവര്‍ ഇസ്രായേലിനു നേരെ അതിക്രമം കാട്ടുകയായിരുന്നുവെന്നും ഇസ്രായേല്‍ വ്യോമസേന പ്രസ്താവനയില്‍ പറഞ്ഞു

author-image
Biju
New Update
HEZBOLLAH

ബെയറൂട്ട്: ലബനനില്‍ നിന്നും ഹിസ്ബുളള മിസൈല്‍ ആക്രമണം നടത്തിയതിന് തിരിച്ചടി നല്കി ഇസ്രയേല്‍. ഇന്നു പുലര്‍ച്ചെയാണ് ഇസ്രയേല്‍ സൈന്യം ബെയ്റൂട്ടില്‍ വലിയ ആക്രമണങ്ങള്‍ നടത്തിയത്. ലബനനില്‍ വ്യാപകമായി തീവ്രവാദ കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണം നടത്തുകയാണെന്നു ഇസ്രയേല്‍ വ്യോമസേന പ്രസ്താവനയില്‍ അറിയിച്ചു. ഇറാനിയന്‍ ഭീകര ഭരണകൂടത്തിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനയാണ് ഹിസ്ബുള്ളയെന്നും അവര്‍ ഇസ്രായേലിനു നേരെ അതിക്രമം കാട്ടുകയായിരുന്നുവെന്നും ഇസ്രായേല്‍ വ്യോമസേന പ്രസ്താവനയില്‍ പറഞ്ഞു.

ഇറാന്‍ പരമോന്നത നേതാവിന്റെ മരണത്തില്‍ പ്രതികാരം ചെയ്യാന്‍ ഇസ്രായേലിനെതിരെ ഓപ്പറേഷന്‍ ആരംഭിക്കുമെന്ന് ഹിസ്ബുള്ള പ്രഖ്യാപിച്ചു. ഇതിനിടെ ഇസ്രയേല്‍- ഇറാന്‍ സംഘര്‍ഷം തുടരുകയാണ്. മിഡില്‍ ഈസ്റ്റിലുടനീളം ഇരു രാജ്യങ്ങളും മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ തുടരുകയാണ്. ഇറാന്‍ ആക്രമണത്തില്‍ മൂന്ന് അമേരിക്കന്‍ സര്‍വീസ് അംഗങ്ങളുടെ മരണം യുഎസ് സ്ഥിരീകരിച്ചു.

യുഎസ്-ഇസ്രായേല്‍ സംയുക്ത ആക്രമണങ്ങള്‍ക്കെതിരെ ഇറാന് തിരിച്ചടി നടത്തിയതോടെ ഇന്നലെ വ്യാപക സൈനീക നീക്കങ്ങള്‍ ഇരുഭാഗത്തുമുണ്ടായി. ഇറാന്‍ അമേരിക്കയ്ക്കും ഇസ്രയേലിനുമെതിരേ നീക്കം തുടര്‍ന്നാല്‍ മുമ്പൊന്നും കണ്ടിട്ടില്ലാത്ത തരത്തിലുള്ള പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നും ട്രംപ് മുന്നറിയിപ്പ് നല്കി.