/kalakaumudi/media/media_files/2025/12/10/aida-2025-12-10-08-43-21.jpg)
മിയാമി: 133 ദിവസത്തെ ലോകയാത്ര പാക്കേജുമായി കടലിലുള്ള ആഡംബര ക്രൂയിസ് കപ്പലായ ഐഡ ദീവയില്‍ പകര്‍ച്ചവ്യാധി ഭീഷണി. ക്രൂയിസിലെ നൂറിലധികം യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും നോറോവൈറസ് ബാധിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഐഡ ദീവയിലെ 95 യാത്രക്കാര്‍ക്കും ആറ് ക്രൂ അംഗങ്ങള്‍ക്കും ആണ് നോറാവൈറസ് ബാധിച്ചത്. യുഎസ്, യുകെ, ജപ്പാന്‍, ദക്ഷിണാഫ്രിക്ക, പോര്‍ച്ചുഗല്‍, മെക്‌സിക്കോ, ശ്രീലങ്ക എന്നിവയുള്‍പ്പെടെ 26 രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന ഐഡ ദീവ നവംബര്‍ 10 ന് ജര്‍മ്മനിയിലെ ഹാംബര്‍ഗില്‍ നിന്നാണ് പുറപ്പെട്ടത്.
നവംബര്‍ 30 നാണ് ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തത്. കപ്പല്‍ മിയാമിയില്‍ നിന്ന് കൊസുമെലിലേക്കുള്ള യാത്രയ്ക്കിടെ ആയിരുന്നു ആദ്യ കേസ്. വയറിളക്കവും ഛര്‍ദ്ദിയുമാണ് പ്രധാന ലക്ഷണങ്ങള്‍. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രോഗികള്‍ക്ക് ക്വാറന്റൈന്‍, വൃത്തിയാക്കല്‍, അണുവിമുക്തമാക്കല്‍, പരിശോധകള്‍ എന്നിവയെല്ലാം നടപ്പാക്കിവരികയാണ്. നിലവിലെ സാഹചര്യം മറികടന്ന് കപ്പല്‍ മാര്‍ച്ച് 23 ന് ഹാംബര്‍ഗിലേക്ക് മടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആവശ്യമായ പ്രതിരോധ പ്രവര്‍ത്തങ്ങള്‍ നടത്തിവരികയാണെന്ന് ഐഡ ദീവ ക്രൂയിസിന്റെ വക്താവ് മാധ്യമങ്ങളെ അറിയിച്ചു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
