ഇസ്രയേലിനെതിരെ ശക്തമായ ആക്രമണവുമായി ഹിസ്ബുള്ള. വടക്കന്‍ ഇസ്രയേലിനു നേര്‍ക്ക് റോക്കറ്റ്, മിസൈല്‍, സൂയിസൈഡ് ഡ്രോണ്‍ ആക്രമണങ്ങളാണ് ഹിസ്ബുള്ള അഴിച്ചുവിടുന്നത്. ലബനനില്‍ ഇസ്രയേല്‍ കര-വ്യോമ ആക്രമണം തുടരുന്നതിനിടെയാണ് ഇസ്രയേലിനെ ലക്ഷ്യമിട്ട് ഹിസ്ബുള്ള ആക്രമണം നടത്തുന്നത്. കഴിഞ്ഞ 24 മണിക്കൂറില്‍ ഇസ്രയേലിനെതിരെ 21 ആക്രമണങ്ങളാണ് ഹിസ്ബുള്ള നടത്തിയത്.
നഗരങ്ങള്‍, എഡിഎഫ് കേന്ദ്രങ്ങള്‍, ആയുധ ഫാക്ടറികള്‍, മിലിട്ടറി ബാരക്കുകള്‍ എന്നിവ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. കഴിഞ്ഞ ദിവസം ഇസ്രയേലിലേക്ക് 170 മിസൈലുകളാണ് ഹിസ്ബുള്ള തൊടുത്തുവിട്ടത്. ഏറ്റവും ഒടുവില്‍ ഇസ്രയേലിലെ കിര്യാത്ത് ഷമോനയിലേക്കാണ് 30 റോക്കറ്റുകള്‍ ഇസ്രയേല്‍ പായിച്ചത്.
ആക്രമണ വിവരം ഇസ്രയേലി ഡിഫന്‍സ് ഫോഴ്‌സ് സ്ഥിരീകരിച്ചിട്ടുണ്ട്. ചില റോക്കറ്റുകളെ തടഞ്ഞതായും ചിലത് ജനവാസമില്ലാത്ത മേഖലയില്‍ വീണതായും ഐഡിഎഫ് അവകാശപ്പെട്ടു.
അതിനിടെ, ഇസ്രയേലിലെ ഹൈഫ, ഹദേര നഗരങ്ങള്‍ക്കു നേരെ ഹിസ്ബുള്ള സര്‍ഫസ് ടു സര്‍ഫസ് മിസൈലുകള്‍ തൊടുത്തുവിട്ടതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആക്രമണത്തില്‍ ആളപായമില്ലെന്നും രണ്ടു മിസൈലുകളെയും തകര്‍ത്തതായും ഐഡിഎഫ് അവകാശപ്പെട്ടു. കഴിഞ്ഞ 12 മണിക്കൂറില്‍ ഇത്തരത്തില്‍ നാലു മിസൈല്‍ ആക്രമണങ്ങളാണ് ഹിസ്ബുള്ള നടത്തിയത്.
നേരത്തെ മനാറ മേഖലയിലും ഇസ്രയേല്‍ മിസൈല്‍ ആക്രമണം നടത്തിയിരുന്നു. മൂന്നു തവണയാണ് മനാറ മേഖലയില്‍ ഹിസ്ബുള്ളയുടെ ആക്രമണമുണ്ടായത്. ഹിസ്ബുള്ളയുടെ പ്രകോപനത്തിന് ബെയ്‌റൂത്തില്‍ ബോംബാക്രമണം നടത്തിയാണ് ഇസ്രയേല്‍ മറുപടി നല്‍കിയത്. കഴിഞ്ഞ രാത്രിയില്‍ ബെയ്‌റൂത്തിന്റെ തെക്കന്‍ അതിര്‍ത്തി പ്രദേശമായ ദഹിയയില്‍ 30 തവണയാണ് ഇസ്രയേല്‍ ബോംബാക്രമണം നടത്തിയത്.
അക്രമാസക്തമായ രാത്രി എന്നാണ് ലബനന്റെ ദേശീയ വാര്‍ത്താ ഏജന്‍സി കഴിഞ്ഞ രാത്രിയെ വിശേഷിപ്പിച്ചത്. വ്യോമാക്രമണം ബെയ്‌റൂത്തിലെ റഫീഖ് ഹരീരി അന്തര്‍ദേശീയ വിമാനത്താവളത്തിന്റെ സമീപം വരെ എത്തിയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
അതിനിടെ, ലബനനില്‍ കരയാക്രമണം ഇസ്രയേലിനു വലിയ ബാധ്യതയായി മാറുന്നതായി റിപ്പോര്‍ട്ടുകള്‍. ലബനനില്‍ ഇസ്രയേല്‍ കരയാക്രമണം തുടങ്ങിയിട്ട് ഒരാഴ്ചയാകുന്നു. കരയാക്രമണം ഇസ്രയേലിന് കീറാമുട്ടിയായായി മാറിയെന്ന റിപ്പോര്‍ട്ടുകളാണ് അതിനിടെ പുറത്തുവരുന്നത്. ആക്രമണവുമായി മുന്നോട്ടുപോകാന്‍ ഇസ്രയേലി ഡിഫന്‍സ് ഫോഴ്‌സ് പെടാപാടുപെടുകയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതിനെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം ഇസ്രയേല്‍ വ്യോമാക്രമണം ശക്തമാക്കിയതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
ഇസ്രയേലിന്റെ മുന്നേറ്റം തടയുന്നതിനായി ഹിസ്ബുളള ഹിഡ്ഡന്‍ ഇംപ്രൊവൈസ്ഡ് ബോംബുകള്‍ ഉപയോഗിക്കുകയാണെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അല്‍ ജസീറയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ലബനനില്‍ ഇസ്രയേലിനെ വെള്ളം കുടിപ്പിക്കാനുള്ള തന്ത്രങ്ങളൊരുക്കിയാണ് ഹിസ്ബുള്ളയുടെ തിരിച്ചടി.
ലബനനില്‍ ഇസ്രയേല്‍ സ്ട്രഗിള്‍ ചെയ്യുകയാണെന്ന് യുദ്ധ നിരീക്ഷകരും സമ്മതിക്കുന്നുണ്ട്. കരയാക്രമണം തുടങ്ങി ഒരാഴ്ചയായിട്ടും കാര്യമായ മുന്നേറ്റമുണ്ടാക്കാന്‍ ഇസ്രയേലിനു സാധിച്ചിട്ടില്ല. ലബനന്റെ സവിശേഷ ഭൂപ്രകൃതിയാണ് ഇസ്രയേലിനെ പിന്നോട്ട് വലിക്കുന്നത് എന്നാണ് ഒരു ഇസ്രയേലി മിലിട്ടറി കറസ്‌പോണ്ടന്റ് വ്യക്തമാക്കിയത്. ലബനന്റെ കുന്നുകളും പരുക്കന്‍ ഭൂപ്രകൃതിയുമാണ് ഇസ്രയേലിന് തിരിച്ചടിയായി നില്‍ക്കുന്നതെന്നും കറസ്‌പോണ്ടന്റ് അവകാശപ്പെടുന്നു.