അസ്താന: അസർബൈജാൻ എയർലൈൻസ് വിമാനപകടത്തിൽ 38 പേർ മരിച്ച സംഭവത്തിനു പിന്നിൽ റഷ്യയെന്ന് സംശയം. റഷ്യയുടെ ഉപരിതല മിസൈലോ വിമാനവേധ മിസൈലോ വിമാനത്തെ അബദ്ധത്തിൽ ഇടിച്ചിരിക്കാമെന്നാണ് സൂചന.തകർന്നു വീണ വിമാനത്തിൽ കാണുന്ന ദ്വാരങ്ങൾ ഇത്തരത്തിൽ ആക്രമണം നടന്നതിന്റെ തെളിവാണെന്നാണ് വിലയിരുത്തൽ .
വലിയ വീതിയുള്ള ഒന്നിലധികം വലിയ ദ്വാരങ്ങൾ വിമാനത്തിന്റെ ബോഡിയിൽ ഉണ്ടെന്ന് റിപ്പോർട്ടുകൾ. സംഭവത്തിനു പിന്നിൽ റഷ്യൻ മിസൈൽ ആക്രമണമാകാമെന്ന് വ്യോമയാന വിദഗ്ധരെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ ചൂണ്ടിക്കാട്ടുന്നു. അതേസമയം വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെടുത്തിട്ടുണ്ട്. വോയ്‌സ് റെക്കോർഡറുകളിൽ നിന്നും മറ്റുമുള്ള അന്വേഷണത്തിലാകും കൂടുതൽ വിവരങ്ങൾ പുറത്തുവരിക.
യുക്രൈന്‍ ഡ്രോണുകൾ സഞ്ചരിച്ച ആകാശപാതയിലൂടെയാണ് അസർബയ്ജാൻ വിമാനം പറന്നതെന്ന് സൂചനകളുണ്ട്. റഷ്യയിലെ ഗ്രോന്‍സി യായിരുന്നു വിമാനത്തിന്റെ ലക്ഷ്യസ്ഥാനം. യുക്രൈന്‍ ആക്രമണം നടത്താൻ നിരന്തരം ലക്ഷ്യംവെച്ച മേഖല കൂടിയാണിത്. യുക്രെയിൻ ഡ്രോണുകൾ ഏതാനും ആഴ്ചകൾക്ക് മുമ്പ് ഗ്രോന്‍സിയിൽ ആക്രമണം നടത്തിയിരുന്നു.ഇത്തരത്തിൽ ഡ്രോണാണെന്നു തെറ്റിദ്ധരിച്ചു റഷ്യൻ വ്യോമ പ്രതിരോധ സംവിധാനം, അസർബൈജാൻ എയർലൈൻസ് വിമാനത്തെ ഉന്നമിട്ടതാകാമെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ സംഭവത്തിന് പിന്നിൽ മിസൈൽ ആക്രമണമാണെന്ന തരത്തിലുള്ള വാർത്തകളെ റഷ്യ അപലപിച്ചു.
ബാക്കുവിൽ നിന്ന് റഷ്യയിലെ ഗ്രോസ്നിയിലേക്കുള്ള യാത്രാമധ്യേയാണ് അസർബൈജാൻ വിമാനം നിയന്ത്രണം നഷ്ടപ്പെട്ട് കസാഖിസ്ഥാനിലെ അക്തൗവിനടുത്ത് തകർന്ന് വീണത്. അപകടത്തില്‍ വിമാനത്തിലുണ്ടായിരുന്ന 67 പേരില്‍ 38 പേര്‍ സംഭവ സ്ഥലത്തുതന്നെ കൊല്ലപ്പെട്ടു. 11, 16 വയസ്സ് പ്രായമുള്ള രണ്ട് പെണ്‍കുട്ടികളുള്‍പ്പെടെ 29 പേരാണ് പരിക്കുകളോടെ രക്ഷപ്പെട്ടത്.