ഹോളിവുഡ് സിനിമാ ജീവിതത്തിനിടയില്‍ നേരിട്ട ലൈംഗികാതിക്രമത്തെ കുറിച്ച് വെളിപ്പെടുത്തി നടി വിനോണ റൈഡല്‍. തന്റെ ഇരുപതുകളിലും മുപ്പതുകളിലും പല തവണ അതിക്രമങ്ങള്‍ക്ക് ഇരയായിട്ടുണ്ടെന്നും അമേരിക്കന്‍ മാഗസിനായ എസ്‌ക്വയറിന് നല്‍കിയ അഭിമുഖത്തില്‍ വിനോണ പറഞ്ഞു.
മിറാമാക്‌സ് സ്റ്റുഡിയോ സ്ഥാപകനും നിര്‍മാതാവുമായ ഹാര്‍വി വെയ്ന്‍സ്റ്റീനെതിരേയും വിനോണ ആരോപണം ഉന്നയിച്ചു. ഹാര്‍വിയുടെ ലൈംഗികാതിക്രമത്തെ പ്രതിരോധിച്ചതിനെ തുടര്‍ന്ന് തന്റെ അവസരങ്ങള്‍ നഷ്ടപ്പെട്ടുവെന്നു 2005 വരെ മിറാമാക്‌സ് തന്നെ അവഗണിച്ചുവെന്നും താരം പറയുന്നു. ഹാര്‍വിയുടെ പെരുമാറ്റം തന്നെ ഞെട്ടിക്കുകയും അസ്വസ്ഥയാക്കുകയും ചെയ്തെന്നും അത് ആത്യന്തികമായി സിനിമ ചെയ്യുന്നതില്‍ തന്നെ വിഷമിപ്പിച്ചെന്നും നടി കൂട്ടിച്ചേര്‍ത്തു. നിലവില്‍ ലൈംഗികാതിക്രമക്കേസില്‍ ശിക്ഷ അനുഭവിക്കുകയാണ് ഹാര്‍വി. കാലിഫോര്‍ണിയ സ്വദേശിയായ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചതിനെ തുടര്‍ന്ന് 16 വര്‍ഷം തടവുശിക്ഷയാണ് ഹാര്‍വിക്കെതിരെ കോടതി വിധിച്ചത്.