/kalakaumudi/media/media_files/2025/11/13/shut-3-2025-11-13-10-58-45.jpg)
വാഷിങ്ടണ്‍: കഴിഞ്ഞ 43 ദിവസം അടഞ്ഞുകിടന്ന അമേരിക്കന്‍ 'ഭരണക്കട' വീണ്ടും തുറക്കുന്നു. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നയിക്കുന്ന സര്‍ക്കാരിന്റെ ഭരണസ്തംഭനത്തിന് വഴിവച്ച 'ഷട്ട്ഡൗണ്‍' അവസാനിപ്പിക്കാനുള്ള ബില്‍ ഹൗസ് ഓഫ് റപ്രസന്റേറ്റീവ്‌സും പാസാക്കി. ബില്ലില്‍ ട്രംപ് ഉടന്‍ ഒപ്പുവയ്ക്കുന്നതോടെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ വീണ്ടും പ്രവര്‍ത്തിച്ചുതുടങ്ങും. ഷട്ട്ഡൗണ്‍ മൂലം ജോലിപോയ പതിനായിരക്കണക്കിന് പേരെ തിരിച്ചെടുക്കാനും ഹെല്‍ത്ത്‌കെയര്‍ ഇന്‍ഷുറന്‍സ് എടുത്ത ലക്ഷക്കണക്കിന് അമേരിക്കക്കാര്‍ക്ക് നികുതി സബ്‌സിഡി കൊടുക്കാനുമുള്ള വ്യവസ്ഥയോടെയാണ് ബില്‍ പാസായത്.
ഡെമോക്രാറ്റുകളുടെ ഈ ആവശ്യങ്ങളെ ട്രംപ് ഭരണകൂടം എതിര്‍ത്തതായിരുന്നു കഴിഞ്ഞ ഒക്ടോബര്‍ ഒന്നുമുതല്‍ ഷട്ട്ഡൗണിന് വഴിവച്ചത്. അവശ്യസര്‍വീസുകള്‍ ഒഴികെയുള്ള സര്‍ക്കാര്‍ സംവിധാനങ്ങളെല്ലാം ഇതോടെ പൂര്‍ണമായി സ്തംഭിച്ചിരുന്നു. ലക്ഷക്കണക്കിന് പേര്‍ക്ക് ഭക്ഷ്യ സബ്‌സിഡി (സ്‌നാപ് പ്രോഗ്രാം) മുടങ്ങി. വിമാന സര്‍വീസുകള്‍ വെട്ടിക്കുറയ്‌ക്കേണ്ടി വന്നു. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയുടെ സൂചകങ്ങളായ നിരവധി റിപ്പോര്‍ട്ടുകള്‍ ട്രംപ് ഭരണകൂടം പുറത്തുവിടാതെ പിടിച്ചുവച്ചതും സമ്പദ്‌വ്യവസ്ഥയെ ഉലച്ചു. 2026ന്റെ തുടക്കംവരെ സര്‍ക്കാരിന് പ്രവര്‍ത്തിക്കാനുള്ള ഫണ്ടിങ് ബില്‍ ആണ് പാസായത്. ഇനി പ്രതിസന്ധി ഉണ്ടായാല്‍ ഫെഡറല്‍ ഗവണ്‍മെന്റ് ജീവനക്കാരെ പിരിച്ചുവിടുന്നതും സബ്‌സിഡികള്‍ തടയുന്നതും പോലുള്ള നടപടികള്‍ പാടില്ലെന്നും തീരുമാനമായിട്ടുണ്ട്.
ഷട്ട്ഡൗണ്‍ അവസാനിക്കുന്നതിന്റെ ആവേശത്തില്‍ യുഎസ് ഓഹരി സൂചികയായ ഡൗ ജോണ്‍സ് ഇന്നലെ റെക്കോര്‍ഡ് തകര്‍ത്ത് മുന്നേറി. 0.68% ഉയര്‍ന്ന് 48,254ല്‍ ആണ് വ്യാപാരം പൂര്‍ത്തിയാക്കിയത്. ചരിത്രത്തിലാദ്യമായാണ് സൂചിക 48,000 പോയിന്റ് ഭേദിച്ചതും. എസ് ആന്‍ഡ് പി500 സൂചിക 0.06% നേട്ടമുണ്ടാക്കിയപ്പോള്‍ നാസ്ഡാക് പക്ഷേ 0.26% നഷ്ടം കുറിച്ചു. ടെക് കമ്പനികളുടെ ഓഹരികളിലുണ്ടായ വില്‍പനസമ്മര്‍ദമാണ് നാസ്ഡാക്കിന് തിരിച്ചടിയായത്. യുഎസില്‍ ഫ്യൂച്ചേഴ്‌സ് വിപണികളും നഷ്ടത്തിലാണുള്ളത്. ഡൗ 0.1%, എസ് ആന്‍ഡ് പി 0.2%, നാസ്ഡാക് 0.3% എന്നിങ്ങനെ താഴ്ന്നു.
യുഎസില്‍ നിന്ന് വീശുന്ന ഉണര്‍വിന്റെ കാറ്റ് ഏഷ്യന്‍ വിപണികളിലും പൊതുവേ നേട്ടം വിതറി. ജാപ്പനീസ് നിക്കേയ് 0.27%, ചൈനയില്‍ ഷാങ്ഹായ് 0.19% എന്നിങ്ങനെ ഉയര്‍ന്നു. നാഷനല്‍ കോളജ് എന്‍ട്രന്‍സ് പരീക്ഷകളുടെ പശ്ചാത്തലത്തില്‍ ദക്ഷിണ കൊറിയന്‍ ഓഹരി വിപണി വൈകിയാണ് ഇന്ന് പ്രവര്‍ത്തനം ആരംഭിക്കുക. ഹോങ്കോങ്, ഓസ്‌ട്രേലിയന്‍ സൂചികകള്‍ നേരിയ നഷ്ടത്തിലാണുള്ളത്. യൂറോപ്പില്‍ ഡാക്‌സ് 1.22%, എഫ്ടിഎസ്ഇ 0.12% എന്നിങ്ങനെയും ഉയര്‍ന്നു.
വിദേശ ഓഹരി വിപണികളുടെ മികച്ച പ്രകടനം ഇന്ത്യയ്ക്കും നേട്ടമാകുമെന്നാണ് പ്രതീക്ഷ. ഇന്നലെ സെന്‍സെക്‌സ് 595 പോയിന്റ് (+0.71%) ഉയര്‍ന്ന് 84,466ലും നിഫ്റ്റി 180 പോയിന്റ് (+0.70%) മുന്നേറി 25,875ലുമാണ് വ്യാപാരം പൂര്‍ത്തിയാക്കിയത്. കഴിഞ്ഞ ഒരുമാസത്തിനിടയിലെ ഏറ്റവും മികച്ച ഏകദിന നേട്ടവുമാണ് സൂചികകള്‍ കുറിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര ഡീലിനുള്ള സാധ്യതകള്‍, കോര്‍പ്പറേറ്റ് കമ്പനികളുടെ പൊതുവേ മികച്ച സെപ്റ്റംബര്‍പാദ പ്രവര്‍ത്തനഫലം എന്നിവയും വിപണിക്ക് കരുത്തായി. ഇന്നു രാവിലെ പക്ഷേ, ഗിഫ്റ്റ് നിഫ്റ്റി നേരിയ നഷ്ടത്തിലാണുള്ളത്. എങ്കിലും സെന്‍സെക്‌സും നിഫ്റ്റിയും നേട്ടത്തിന്റെ പാതയില്‍തന്നെ തുടരുമെന്നാണ് പ്രതീക്ഷകള്‍.
കയറ്റുമതി പ്രോത്സാഹനത്തിനായി 25,060 കോടി രൂപയുടെ എക്‌സ്‌പോര്‍ട് പ്രമോഷന്‍ മിഷനും (ഇപിഎം) 20,000 കോടിയുടെ ക്രെഡിറ്റ് ഗ്യാരന്റി സ്‌കീമും കേന്ദ്രസര്‍ക്കാര്‍ ഇന്നലെ പ്രഖ്യാപിച്ചത് വിപണിക്ക് ഉണര്‍വ് പകരും. ട്രംപിന്റെ താരിഫ് ആഘാതമേറ്റ വസ്ത്രം, ലെതര്‍, ജെം ആന്‍ഡ് ജ്വല്ലറി, എന്‍ജിനിയറിങ് ഉല്‍പന്നങ്ങള്‍, സമുദ്രോല്‍പന്നങ്ങള്‍ തുടങ്ങിയ മേഖലകള്‍ക്ക് ഊന്നല്‍ നല്‍കുന്നതാണ് പ്രോത്സാഹന പദ്ധതി. കയറ്റുമതി ഓര്‍ഡറുകള്‍ നിലനിര്‍ത്തുക, തൊഴില്‍ സംരക്ഷണം, കയറ്റുമതി വൈവിധ്യവല്‍ക്കരണം എന്നിവയാണ് കേന്ദ്ര ലക്ഷ്യങ്ങള്‍. എംഎസ്എംഇകള്‍ ഉള്‍പ്പെടെ അര്‍ഹരായ കയറ്റുമതിക്കാര്‍ക്ക് 100% ക്രെഡിറ്റ് ഗ്യാരന്റിയോടെ വായ്പ ലഭ്യമാക്കുന്ന പദ്ധതിയാണ് ക്രെഡിറ്റ് ഗ്യാരന്റി സ്‌കീം ഫോര്‍ എക്‌സ്‌പോര്‍ട്ടേഴ്‌സ് (സിജിഎസ്ഇ).
രാജ്യത്തിന്റെ പണപ്പെരുപ്പക്കണക്ക് ഇന്നലെ പുറത്തുവന്നു. 0.25% എന്ന റെക്കോര്‍ഡ് താഴ്ചയിലാണ് കഴിഞ്ഞമാസം റീട്ടെയ്ല്‍ പണപ്പെരുപ്പമുള്ളത്. ഭക്ഷ്യവിലപ്പെരുപ്പം നെഗറ്റീവ് 5.18 ശതമാനത്തിലേക്കും കുറഞ്ഞു. ജിഎസ്ടി നിരക്കുകളിലെ ഇളവും കാര്‍ഷിക ഉല്‍പാദനവും വിതരണവും മെച്ചപ്പെട്ടതുമാണ് പണപ്പെരുപ്പം കുത്തനെ കുറയാനിടയാക്കിയത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
