/kalakaumudi/media/media_files/2025/08/31/houithi-2025-08-31-11-19-42.jpg)
സന: ഇസ്രയേല്‍ ആക്രമണത്തില്‍ യെമന്‍ പ്രധാനമന്ത്രി അഹമ്മദ് അല്‍ റഹാവി അടക്കമുള്ള ഉന്നത ഹൂതി നേതൃത്വം കൊല്ലപ്പെട്ടതായി റിപ്പേര്‍ട്ടുകള്‍ പുറത്തുവന്നത് കഴിഞ്ഞ ദിവസമാണ്. യെമന്‍ തലസ്ഥാനമായ സനായില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തിലാണ് ഹൂതികള്‍ നേതൃത്വം നല്‍കുന്ന സര്‍ക്കാരിന്റെ പ്രധാനമന്ത്രി അഹമ്മദ് അല്‍ റഹാവി കൊല്ലപ്പെട്ടത്.
ഒരു അപ്പാര്‍ട്ട്‌മെന്റിന് നേരെയുണ്ടായ ഇസ്രയേല്‍ ആക്രമണത്തില്‍ അല്‍ റഹാവിയും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന ഒട്ടേറെ പേരും കൊല്ലപ്പെട്ടുവെന്ന് യെമനി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇപ്പോള്‍ ഈ വാര്‍ത്ത സ്ഥിരീകരിച്ച് ഹൂതി നേതൃത്വം രംഗത്തുവന്നിരിക്കുകയാണ്. ഇസ്രയേല്‍ ആക്രമണത്തില്‍ തങ്ങളുടെ പ്രധാനമന്ത്രി കൊല്ലപ്പെട്ടുവെന്നാണ് ഹൂതികള്‍ പറയുന്നത്.
2014 മുതല്‍ തുടരുന്ന ആഭ്യന്തരയുദ്ധത്തില്‍ തലസ്ഥാനമായ സന ഉള്‍പ്പെടെയുള്ള വടക്കന്‍ പ്രദേശങ്ങള്‍ ഭരിക്കുന്നത് ഇറാന്റെ പിന്തുണയുള്ള ഹൂതികളാണ്. തെക്ക് ഏദന്‍ ആസ്ഥാനമായുള്ള പ്രസിഡന്റ് റഷാദ് അല്‍-അലിമിയുടെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര അംഗീകാരമുള്ള സര്‍ക്കാരും. ഹമാസ്, ഹിസ്ബുള്ള തുടങ്ങിയ സംഘടനകള്‍ ഉള്‍പ്പെടുന്ന ഇസ്രയേല്‍ വിരുദ്ധ സഖ്യത്തിന്റെ ഭാഗമാണ് ഹൂതികള്‍.
ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് ഹൂതികളുടെ നിയന്ത്രണത്തിലുള്ള യെമന്‍ തലസ്ഥാനമായ സനായില്‍ ഇസ്രയേല്‍ വ്യോമാക്രമണം നടത്തുന്നത്. വ്യാഴാഴ്ച നടന്ന ആക്രമണം ഹൂതി രാഷ്ട്രീയ-സൈനിക നേതാക്കളുടെ ഒരു യോഗത്തെ ലക്ഷ്യമിട്ടായിരുന്നുവെന്ന് ഇസ്രയേലിലെ മാധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
സനായിലെ ഒരു അപ്പാര്‍ട്ട്മെന്റില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തിലാണ് അല്‍ റഹാവി കൊല്ലപ്പെട്ടതെന്ന് യെമനിലെ അല്‍ ജുംഹൂരിയ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. ഒട്ടേറെ സഹപ്രവര്‍ത്തകര്‍ക്കൊപ്പമാണ് അല്‍ റഹാവി കൊല്ലപ്പെട്ടതെന്ന് ഏദന്‍ അല്‍ ഗദ് പത്രവും റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, വ്യോമാക്രമണത്തില്‍ ഹൂതി പ്രതിരോധ മന്ത്രി മുഹമ്മദ് അല്‍ അതിഫി, ചീഫ് ഓഫ് സ്റ്റാഫ് മുഹമ്മദ് അബ്ദ് അല്‍ കരീം അല്‍ ഖമാരി എന്നിവരും കൊല്ലപ്പെട്ടതായി യൂറോന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
ഒക്ടോബര്‍ 7-ലെ ആക്രമണത്തിന് ശേഷം, ഹൂതികള്‍ ഇസ്രയേലിനെതിരെ യുദ്ധത്തില്‍ പങ്കുചേര്‍ന്നിരുന്നു. ഇസ്രയേലിലേക്ക് മിസൈലുകള്‍ അയക്കുകയും ചെങ്കടലില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുന്നത് തുടര്‍ന്നു. ഇസ്രയേലും അമേരിക്കയം ഹൂതികള്‍ക്കെതിരെ പലതവണ വ്യോമാക്രമണം നടത്തിയിട്ടുണ്ട്.