അപ്രത്യക്ഷമാകുന്ന വിമാനങ്ങള്‍; ദുരൂഹത ബാക്കി

ആഴ്ചകള്‍ക്ക് മുമ്പ് അഹമ്മദാബാദില്‍ നടന്ന വിമാനദുരന്തമാണ് അടുത്ത കാലത്ത് ലോകം കണ്ട് ഏറ്റവും വലിയ വിമാനാപകടം. എന്നാല്‍ പറന്നുയര്‍ന്ന ഉടന്‍ തന്നെ റഡാറില്‍ നിന്നും പോലും വിമാങ്ങള്‍ അപ്രത്യക്ഷമാകുന്നത് പുതിയ സംഭവമല്ല.

author-image
Biju
New Update
vimanam

മോസ്‌കോ: റഷ്യയില്‍ ഇന്ന് തകര്‍ന്നുവീണ വിമാനത്തിലെ യാത്രക്കാരെല്ലാം കൊല്ലപ്പെട്ടു. 49 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. അപകടത്തില്‍പ്പെടുന്നതിനു മുന്‍പ് രണ്ടുതവണ വിമാനം ലാന്‍ഡ് ചെയ്യാന്‍ ശ്രമിച്ചിരുന്നെന്നും രണ്ടാമത് ലാന്‍ഡ് ചെയ്യാന്‍ ശ്രമിച്ചതിനു പിന്നാലെയാണ് വിമാനത്തിന് എയര്‍ ട്രാഫിക് കണ്‍ട്രോളുമായുള്ള ബന്ധം നഷ്ടപ്പെട്ടതെന്നും റഷ്യന്‍ ട്രാന്‍സ്‌പോര്‍ട്ട് പ്രോസിക്യൂട്ടര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

അമുര്‍ മേഖലയിലെ ചൈനീസ് അതിര്‍ത്തിക്കു സമീപമാണ്  എഎന്‍-24 അംഗാര എയര്‍ലൈന്‍സിന്റെ വിമാനം തകര്‍ന്നത്. ഇതിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായാണ് വിവരം. സൈബീരിയ ആസ്ഥാനമായ എയര്‍ലൈന്‍ കമ്പനിയാണ് അംഗാര. അമുര്‍ മേഖലയിലെ ടിന്‍ഡയിലേക്കായിരുന്നു വിമാനത്തിന്റെ യാത്രയെന്നാണ് വിവരം. ലാന്‍ഡ് ചെയ്യുന്നതിന് ഏതാനും മിനിറ്റുകള്‍ക്ക് മുന്‍പാണ് എയര്‍ ട്രാഫിക് കണ്‍ട്രോളുമായുള്ള ബന്ധം നിലച്ചത്. റഡാറില്‍നിന്ന് വിമാനം അപ്രത്യക്ഷമാകുകയും ചെയ്തു. തൊട്ടുപിന്നാലെ വിമാനത്തിനായി തിരച്ചില്‍ ആരംഭിച്ചിരുന്നു.

ആഴ്ചകള്‍ക്ക് മുമ്പ് അഹമ്മദാബാദില്‍ നടന്ന വിമാനദുരന്തമാണ് അടുത്ത കാലത്ത് ലോകം കണ്ട് ഏറ്റവും വലിയ വിമാനാപകടം. എന്നാല്‍ പറന്നുയര്‍ന്ന ഉടന്‍ തന്നെ റഡാറില്‍ നിന്നും പോലും വിമാങ്ങള്‍ അപ്രത്യക്ഷമാകുന്നത് പുതിയ സംഭവമല്ല. ദുരൂഹമാകുന്ന ഈ തിരോദ്ധാനങ്ങള്‍ക്ക് പിന്നിലെ കാരണം ഇതുവവരെയും കണ്ടെത്താനായിട്ടില്ല. അങ്ങനെ ദുരൂഹ സാഹചര്യത്തില്‍ കാണാതായ ചില വിമനങ്ങള്‍ ഇവയാണ്. 

ലോക്ക്ഹീഡ് ഇലക്ട്ര (ജൂലൈ 1937)

ലോകം ചുറ്റാന്‍ ആഗ്രഹിച്ച വനിതാ വൈമാനിക അമേലിയ ഇയര്‍ഹാര്‍ട്ടിന്റെ സ്വപ്നങ്ങള്‍ക്ക് ചിറക് മുളച്ച വിമാനമായിരുന്നു ലോക്ക്ഹീഡ് ഇലക്ട്ര. കന്നി യാത്രയില്‍, അവരുടെ ഇരട്ട എഞ്ചിന്‍ ലോക്ക്ഹീഡ് ഇലക്ട്ര പസഫിക് സമുദ്രത്തിന് മുകളിലൂടെ എവിടെയോ അപ്രത്യക്ഷമായി. അവരുടെ വിമാന അവശിഷ്ടങ്ങള്‍ ഒരിക്കലും കണ്ടെത്താനായില്ല. വ്യോമയാന ചരിത്രത്തിലെ ആദ്യത്തെ നിഗൂഢ തിരോധാനമായിരുന്നു അത്.

ഫ്‌ലൈറ്റ് 19, ബെര്‍മുഡ ട്രയാംഗിള്‍ (1945 ഡിസംബര്‍ ആദ്യം)

ലോകം മുഴുവന്‍ ദുരൂഹതയുടെ പുതപ്പില്‍ പൊതിഞ്ഞ ബെര്‍മുഡ ട്രയാംഗിളിന് ആ പേര് ലഭിച്ചത് ഈ സംഭവത്തോടെയാണ്. അഞ്ച് അമേരിക്കന്‍ നേവി വിമാനങ്ങളും അവരെ രക്ഷിക്കാന്‍ പോയ മറ്റൊരു വിമാനവും ഇവിടെ വെച്ച് അപ്രത്യക്ഷമായി. വിമാനങ്ങളുടെ അവശിഷ്ടങ്ങള്‍ പോലും ഇന്നും കണ്ടെത്താനായിട്ടില്ല.

കനേഡിയന്‍ പസഫിക് എയര്‍ലൈന്‍സ് (ജൂലൈ 21, 1951)

കൊറിയന്‍ യുദ്ധകാലത്ത്, 31 യാത്രക്കാരും 6 ജീവനക്കാരുമായി കാനഡയിലെ വാന്‍കൂവറില്‍ നിന്ന് ജപ്പാനിലെ ടോക്കിയോയിലേക്ക് പോയ ഡഗ്ലസ് ഡിസി-4 വിമാനം അപ്രത്യക്ഷമായി. ഇന്ധനം നിറയ്ക്കുന്നതിനിടെ മോശം കാലാവസ്ഥയും കാഴ്ചക്കുറവും കാരണം വിമാനം കാണാതാകുകയായിരുന്നു. വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല.

പാന്‍ ആം ഫ്‌ലൈറ്റ് 7 (നവംബര്‍ 9, 1957)

സാന്‍ ഫ്രാന്‍സിസ്‌കോയില്‍ നിന്ന് ഹോണോലുലുവിലേക്ക് 36 യാത്രക്കാരെയും 8 ജീവനക്കാരെയും വഹിച്ചുപോയ ബോയിംഗ് 377 സ്ട്രാറ്റോക്രൂയിസര്‍ വിമാനം യാത്രയുടെ പകുതി പിന്നിട്ടപ്പോള്‍ റഡാറില്‍ നിന്ന് അപ്രത്യക്ഷമായി. പിന്നീട് നടത്തിയ തിരച്ചിലില്‍ 19 മൃതദേഹങ്ങള്‍ കണ്ടെത്തിയെങ്കിലും വിമാനത്തിന്റെ അവശിഷ്ടങ്ങളോ മറ്റ് 25 യാത്രക്കാരെയോ ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല.


ഫ്‌ലയിങ് ടൈഗര്‍ ലൈന്‍ ഫ്‌ലൈറ്റ് 739 (മാര്‍ച്ച് 16, 1962)

1962 മാര്‍ച്ച് 16-ന്, വിയറ്റ്‌നാം യുദ്ധത്തിന്റെ ആദ്യഘട്ടത്തില്‍ 93 യുഎസ് സൈനികരുമായി പറന്ന ഫ്‌ലൈയിങ് ടൈഗര്‍ ലൈന്‍ ഫ്‌ലൈറ്റ് 739 എന്ന വിമാനം അപ്രത്യക്ഷമായി. രഹസ്യ ദൗത്യത്തിനായി പോയ ഈ വിമാനം, ഗുവാമില്‍ ഇന്ധനം നിറച്ചതിന് ശേഷം ഒരു അപകടസന്ദേശം പോലും നല്‍കാതെ റഡാറില്‍ നിന്ന് മായുകയായിരുന്നു. ഈ വിമാനം അപ്രത്യക്ഷമായതിന്റെ യഥാര്‍ത്ഥ കാരണം ഇന്നും അജ്ഞാതമാണ്.

മലേഷ്യ എയര്‍ലൈന്‍സ് ഫ്‌ലൈറ്റ് MH370 (മാര്‍ച്ച് 8, 2014)

കോലാലംപൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ബീജിംഗിലേക്ക് 239 പേരുമായി ബോയിംഗ് 777 വിമാനം പറന്നുയര്‍ന്നു. ഒരു മണിക്കൂറിനുശേഷം, വിമാനവുമായുള്ള എല്ലാ ആശയവിനിമയബന്ധങ്ങളും തടസ്സപ്പെട്ടു. ശേഷം ഗള്‍ഫ് ഓഫ് തായ്‌ലാന്‍ഡിനു മുകളിലൂടെ പറക്കവേ വിമാനം കാണാതായതായി അധികൃതര്‍ സ്ഥീരികരിക്കുകയായിരുന്നു.

ഈജിപ്ത് എയര്‍ ഫ്‌ലൈറ്റ് 804 (മെയ് 19, 2016)

ഫ്രാന്‍സിലെ പാരീസില്‍ നിന്ന് ഈജിപ്തിലെ കെയ്റോയിലേക്ക് 66 പേരുമായി പോകുകയായിരുന്ന എയര്‍ബസ് 320, കിഴക്കന്‍ മെഡിറ്ററേനിയന്‍ കടലിലെ 13,000 അടി ആഴമുള്ള വെള്ളത്തിലേക്ക് തകര്‍ന്നുവീണു. ഡിജിറ്റല്‍ ഫ്‌ലൈറ്റ് ഡാറ്റയും കോക്ക്പിറ്റ് വോയ്സ് റെക്കോര്‍ഡര്‍ വീണ്ടെടുക്കലും ഉണ്ടായിരുന്നിട്ടും, ഇപ്പോഴും അതിനെ ചുറ്റിപ്പറ്റിയുള്ള നിഗൂഢത തുടരുകയാണ്.

സാങ്കേതിക വിദ്യ ഇത്രയേറെ പുരോഗമിച്ചിട്ടും, പൂര്‍ണ്ണമായി വിശദീകരിക്കാനാവാത്ത ഇത്തരം സംഭവങ്ങള്‍ ആധുനിക ലോകത്തിന് ഇന്നും ഒരു വെല്ലുവിളിയായി അവശേഷിക്കുന്നു. ഈ ദുരന്തങ്ങള്‍, വിമാനയാത്രയുടെ സുരക്ഷയെക്കുറിച്ചും അജ്ഞാതമായി തുടരുന്ന ആകാശത്തിലെ നിഗൂഢതകളെക്കുറിച്ചും നമ്മെ വീണ്ടും ചിന്തിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നു.

Flight crash