/kalakaumudi/media/media_files/2025/03/11/NDXK7RxhIB02RT7KbDZc.jpg)
മനില : രാജ്യാന്തര ക്രിമിനല്‍ കോടതി (ഐസിസി) വാറന്റ് പുറപ്പെടുവിച്ച ഫിലിപ്പീന്‍സ് മുന്‍ പ്രസിഡന്റ് റൊഡ്രീഗോ ഡ്യൂട്ടെര്‍ട്ടിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഹോങ്കോങ്ങില്‍നിന്ന് എത്തിയതിനു തൊട്ടുപിന്നാലെ മനില വിമാനത്താവളത്തില്‍വച്ചായിരുന്നു അറസ്റ്റ്.
ലഹരിമരുന്നിന് എതിരായ യുദ്ധത്തിന്റെ പേരില്‍ ആയിരക്കണക്കിനു ഫിലിപ്പിനികളെ കൊലപ്പെടുത്തിയതിലെ ഡ്യൂട്ടെര്‍ട്ടിന്റെ പങ്ക് അന്വേഷിക്കുമെന്ന് ഐസിസി പറഞ്ഞു. രാജ്യാന്തര കോടതി വാറന്റ് പുറപ്പെടുവിക്കുകയാണെങ്കില്‍ കസ്റ്റഡിയില്‍ പോകാന്‍ തയാറാണെന്നു റൊഡ്രീഗോ നേരത്തേ വ്യക്തമാക്കിയിരുന്നു.
റൊഡ്രീഗോ ഡ്യൂട്ടെര്‍ട്ടിന് അറസ്റ്റ് വാറന്റിന്റെ പകര്‍പ്പ് കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം ഇപ്പോള്‍ പൊലീസ് കസ്റ്റഡിയില്‍ ആണെന്നും പ്രസിഡന്റ് ഫെര്‍ഡിനാന്‍ഡ് മാര്‍ക്കോസ് ജൂനിയര്‍ പറഞ്ഞു. എന്നാല്‍ ഡ്യൂട്ടെര്‍ട്ടിനെ നിയമവിരുദ്ധമായാണ് അറസ്റ്റ് ചെയ്തതെന്നും വിമാനത്താവളത്തില്‍വച്ച് അദ്ദേഹത്തെ കാണാന്‍ അഭിഭാഷകരെ പൊലീസ് അനുവദിച്ചില്ലെന്നും മുന്‍ പ്രസിഡന്റിന്റെ വക്താവ് സാല്‍വഡോര്‍ പനേലോ പറഞ്ഞു.
കൊലപാതകങ്ങളെക്കുറിച്ചു രാജ്യാന്തര കോടതി അന്വേഷണം തുടങ്ങിയതോടെ ഫിലിപ്പീന്‍സിനെ 2019ല്‍ ഐസിസിയില്‍നിന്ന് ഡ്യൂട്ടെര്‍ട്ടെ പിന്‍വലിച്ചിരുന്നു. ലഹരിമരുന്ന് കുറ്റവാളികള്‍ക്ക് എതിരായ നടപടിയെക്കുറിച്ചുള്ള ഐസിസിയുടെ അന്വേഷണത്തോടു സഹകരിക്കാന്‍ കഴിഞ്ഞവര്‍ഷം വരെ ഡ്യൂട്ടെര്‍ട്ടെ സമ്മതിച്ചിരുന്നില്ല.
ഡ്യൂട്ടെര്‍ട്ടെയുടെ ഭരണകാലത്തു ലഹരിമരുന്ന് കേസില്‍ ഉള്‍പ്പെട്ടെവരെന്നു സംശയിച്ചു 6,200 ഓളം പേരെ കൊലപ്പെടുത്തിയിട്ടുണ്ടെന്നാണു പൊലീസ് കണക്ക്.