തുര്‍ക്കിയിലെ കര്‍ത്താല്‍കായയിലെ സ്‌കില്‍ റിസോര്‍ട്ടില്‍ തീ ആളിപ്പടര്‍ന്ന നിലയില്‍
ഇസ്താംബൂള്‍: തുര്‍ക്കിയിലെ അങ്കാരയ്ക്കടുത്തുള്ള റിസോര്‍ട്ടില്‍ വന്‍ തീപിടിത്തം. കര്‍ത്താല്‍കായയിലെ സ്‌കി റിസോര്‍ട്ടിലാണ് തീപ്പിടിത്തമുണ്ടായത്. മരണ സംഖ്യ ഇത് വരെ 66 ആയി. നിരവധി പേര്‍ സാരമായ പരിക്കുകളോടെ കഴിയുകയാണ്. ബഹുനില കെട്ടിടത്തിലെ ഗ്രാന്റ് കര്‍ത്താല്‍ എന്ന ഹോട്ടലില്‍ നിന്നാണ് തീ പടര്‍ന്നു തുടങ്ങിയത്. 12-ാം നിലയിലാണ് ഈ ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ തീ പെട്ടെന്ന് മറ്റു നിലകളിലേക്കും പടര്‍ന്നു പിടിയ്ക്കുകയായിരുന്നു. സംഭവസമയത്ത് 234 അതിഥികളാണ് ഹോട്ടലിലുണ്ടായിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. തീപിടിത്തമുണ്ടായതിന് പിന്നാലെ അതിഥികള്‍ കയറുപയോഗിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചതായി ദൃക്സാക്ഷികള്‍ പറഞ്ഞു. അപകടത്തില്‍ നിന്ന് രക്ഷപ്പെടാനായി ചിലര്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറുന്നതിനിടെ വീഴ്ച്ചയിലും മരിച്ചതായി റിപ്പോര്‍ട്ട്. അതേ സമയം തീ പിടിത്തത്തിനു കാരണം എന്താണെന്ന് വ്യക്തമല്ല. മരിച്ചവരുടെ എണ്ണം ഉയരാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ പറഞ്ഞു. കെട്ടിടം തകരാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. തീപിടിത്തമുണ്ടായപ്പോള്‍ ഹോട്ടലില്‍ ഫയര്‍ അലാറം മുഴങ്ങിയില്ലെന്നും സ്‌മോക്ക് ഡിറ്റക്ടറുകള്‍ പ്രവര്‍ത്തിച്ചില്ലെന്നും ഹോട്ടലില്‍ നിന്ന് രക്ഷപ്പെട്ടവര്‍ പറഞ്ഞു. അഗ്നിബാധയില്‍ ജീവന്‍ നഷ്ടപ്പെട്ട ആളുകള്‍ക്ക് വേണ്ടി ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നുവെന്ന് പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദോഗന്‍ പറഞ്ഞു. പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്നും സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തീപിടിത്തത്തെക്കുറിച്ച് അന്വേഷിക്കാന്‍ ആറ് പ്രോസിക്യൂട്ടര്‍മാരെ നിയോഗിച്ചിട്ടുണ്ടെന്ന് നീതിന്യായ മന്ത്രി യില്‍മാസ് ടുങ്ക് പറഞ്ഞു. തീ പിടിത്തവുമായാ ബന്ധപ്പെട്ട് ഒഴിപ്പിച്ചവരെ സമീപത്തെ ഹോട്ടലുകളില്‍ പുനരധിവസിപ്പിച്ചു.