/kalakaumudi/media/media_files/2025/10/01/beejam-2025-10-01-15-24-40.jpg)
വാഷിങ്ടണ്‍: ചര്‍മ്മകോശങ്ങളില്‍ നിന്ന് വേര്‍തിരിച്ചെടുത്ത ഡി.എന്‍.എ ഉപയോഗിച്ച്, പുരുഷന്മാരുടെ ബീജസങ്കലനത്തിലൂടെ ആദ്യമായി മനുഷ്യന്റെ പ്രാഥമിക ഘട്ടത്തിലുള്ള ഭ്രൂണങ്ങള്‍ അമേരിക്കന്‍ ശാസ്ത്രജ്ഞര്‍ നിര്‍മ്മിച്ചു. ഓറിഗണ്‍ ഹെല്‍ത്ത് ആന്‍ഡ് സയന്‍സ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷക സംഘമാണ് ഈ സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തിരിക്കുന്നത്.
ഈ സാങ്കേതികവിദ്യ, വാര്‍ദ്ധക്യം കൊണ്ടോ രോഗം കൊണ്ടോ ഉണ്ടാകുന്ന വന്ധ്യതയെ മറികടക്കാന്‍ സഹായിക്കും. കാരണം, ശരീരത്തിലെ ഏത് കോശവും ജീവന്റെ ആരംഭത്തിനായി ഉപയോഗിക്കാം.
ഒരേ ലിംഗത്തിലുള്ള ദമ്പതികള്‍ക്ക് പോലും തങ്ങളുടെ ജനിതകപരമായ ബന്ധമുള്ള ഒരു കുഞ്ഞിനെ ലഭിക്കാനും ഇത് വഴിയൊരുക്കും.
എങ്കിലും, ഈ രീതിക്ക് വളരെയധികം പരിഷ്‌കരണങ്ങള്‍ ആവശ്യമാണ്. ഒരു ഫെര്‍ട്ടിലിറ്റി ക്ലിനിക്കിന് ഇത് ഉപയോഗിക്കാന്‍ സാധിക്കണമെങ്കില്‍ ഒരു ദശാബ്ദത്തോളം എടുത്തേക്കാം.
ശ്രദ്ധേയമായ മുന്നേറ്റമാണെന്ന് വിദഗ്ധര്‍ പറയുന്നുണ്ടെങ്കിലും, ശാസ്ത്രം സാധ്യമാക്കുന്ന കാര്യങ്ങളെക്കുറിച്ച് പൊതുജനങ്ങളുമായി തുറന്ന ചര്‍ച്ച നടത്തേണ്ടതുണ്ടെന്നും അവര്‍ അഭിപ്രായപ്പെട്ടു.
സാങ്കേതികവിദ്യയുടെ പ്രവര്‍ത്തനം
മുമ്പ്, പ്രത്യുത്പാദനം എന്നത് പുരുഷബീജം സ്ത്രീയുടെ അണ്ഡവുമായി ചേരുന്ന പ്രക്രീയയായിരുന്നു. അവ കൂടിച്ചേര്‍ന്ന് ഒരു ഭ്രൂണമായി മാറുകയും ഒമ്പത് മാസങ്ങള്‍ക്കുശേഷം ഒരു കുഞ്ഞ് ജനിക്കുകയും ചെയ്യും.
എന്നാല്‍ ഇപ്പോള്‍, ശാസ്ത്രജ്ഞര്‍ നിയമങ്ങള്‍ മാറ്റിയെഴുതുകയാണ്. ഈ ഏറ്റവും പുതിയ പരീക്ഷണം മനുഷ്യന്റെ ചര്‍മ്മത്തില്‍ നിന്നാണ് ആരംഭിക്കുന്നത്.
ഒരു ചര്‍മ്മകോശത്തില്‍ നിന്ന് അതിന്റെ ന്യൂക്ലിയസ് അതായത് ശരീരം നിര്‍മ്മിക്കാന്‍ ആവശ്യമായ മുഴുവന്‍ ജനിതക ഭാഗവും ഉള്‍ക്കൊള്ളുന്ന ഭാഗം പുറത്തെടുക്കുന്നു.
ഇതിനെ, ജനിതക ഭാഗങ്ങള്‍ നീക്കം ചെയ്ത ഒരു ദാതാവിന്റെ അണ്ഡത്തിനുള്ളില്‍ സ്ഥാപിക്കുന്നു.
1996-ല്‍ പിറന്ന ലോകത്തിലെ ആദ്യത്തെ ക്ലോണ്‍ ചെയ്ത സസ്തനിയായ ഡോളി ദി ഷീപ്പിനെ സൃഷ്ടിക്കാന്‍ ഉപയോഗിച്ചതിന് സമാനമായ സാങ്കേതികവിദ്യയുടെ പരിഷ്‌കരിച്ച പതാപ്പാണിതെന്നും അഭിപ്രായമുണ്ട്.
ചര്‍മ്മകോശത്തില്‍ നിന്ന് ലഭിച്ച ജനിതകവസ്തു ഉള്‍ക്കൊള്ളുന്ന ഈ അണ്ഡം, ബീജസങ്കലനത്തിന് തയ്യാറല്ല. കാരണം അതില്‍ ഇതിനോടകം തന്നെ ഒരു കൂട്ടം ക്രോമസോമുകളുണ്ട്. ഓരോ രക്ഷിതാക്കളില്‍ നിന്നും 23 എണ്ണം വീതം ലഭിച്ച് മൊത്തം 46 ക്രോമസോമുകള്‍ ഉണ്ടാകും, അത് ഈ അണ്ഡത്തില്‍ ഇപ്പോള്‍ ഉണ്ട്.
അതുകൊണ്ട്, അടുത്ത ഘട്ടം, അണ്ഡത്തിലെ ക്രോമസോമുകളുടെ പകുതി നീക്കം ചെയ്യാന്‍ അതിനെ പ്രേരിപ്പിക്കുക എന്നതാണ്. ഇതിനെ ഗവേഷകര്‍ 'മൈറ്റോമിയോസിസ്' (കോശവിഭജനത്തിന്റെ രണ്ട് രീതികളായ മൈറ്റോസിസിന്റെയും മിയോസിസിന്റെയും സംയോജനം) എന്ന് വിളിക്കുന്നു.
ചര്‍മ്മകോശത്തില്‍ നിന്നുള്ള ന്യൂക്ലിയസ്, ജനിതക വിവരങ്ങള്‍ നീക്കം ചെയ്ത ദാതാവിന്റെ അണ്ഡത്തില്‍ സ്ഥാപിക്കുന്നു. അതിനുശേഷം, സാധാരണ അണ്ഡത്തെ അനുകരിക്കാന്‍ 23 ജോഡി ക്രോമസോമുകളില്‍ പകുതി നീക്കം ചെയ്യുന്നു. പിന്നീട്, ഒരു പുരുഷന്റെ ബീജം ഈ അണ്ഡത്തില്‍ ബീജസങ്കലനം നടത്തുകയും ക്രോമസോമുകള്‍ ചേര്‍ക്കുകയും ചെയ്യുന്നു, അങ്ങനെ പകുതി വീതം ഓരോ 'മാതാപിതാവില്‍' നിന്നും ലഭിക്കുന്നു.
'നേച്ചര്‍ കമ്മ്യൂണിക്കേഷന്‍സ്' ജേണലില്‍ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച് 82 പ്രവര്‍ത്തനക്ഷമമായ അണ്ഡങ്ങള്‍ നിര്‍മ്മിക്കാന്‍ കഴിഞ്ഞു. ഇവയെ ബീജം ഉപയോഗിച്ച് ബീജസങ്കലനം ചെയ്യുകയും ചിലത് ഭ്രൂണത്തിന്റെ പ്രാഥമിക ഘട്ടത്തിലേക്ക് വികസിക്കുകയും ചെയ്തു. ആറ് ദിവസത്തിനപ്പുറം ഒന്നിനെയും വളര്‍ത്താനായില്ല.
'അസാധ്യമെന്ന് കരുതിയിരുന്ന ഒരു കാര്യം ഞങ്ങള്‍ നേടിയെടുത്തു,' ഓറിഗണ്‍ ഹെല്‍ത്ത് ആന്‍ഡ് സയന്‍സ് യൂണിവേഴ്‌സിറ്റിയിലെ എംബ്രിയോണിക് സെല്‍ ആന്‍ഡ് ജീന്‍ തെറാപ്പി സെന്റര്‍ ഡയറക്ടര്‍ പ്രൊഫ. ഷൗഖ്രത്ത് മിതാലിപോവ് പറഞ്ഞു.
വെല്ലുവിളികളും ഭാവിയും
ഈ സാങ്കേതികവിദ്യ ഇപ്പോഴും പൂര്‍ണ്ണമായിട്ടില്ല. അണ്ഡം ഏത് ക്രോമസോമുകളാണ് നീക്കം ചെയ്യേണ്ടതെന്ന് തിരഞ്ഞെടുക്കുന്നത് ക്രമരഹിതമായാണ്. രോഗങ്ങളെ തടയാന്‍ ഓരോ 23 തരം ക്രോമസോമുകളില്‍ നിന്നും ഒരെണ്ണം വീതം ഉണ്ടാകേണ്ടതുണ്ട്, എന്നാല്‍ ചിലതിന്റെ രണ്ടെണ്ണവും ചിലതിന്റെ ഒരെണ്ണവും ഇല്ലാത്ത അവസ്ഥയാണ് ഇപ്പോള്‍ ഉണ്ടാകുന്നത്.
കൂടാതെ, വിജയശതമാനം കുറവാണ് (ഏകദേശം 9%). ക്രോമസോമുകള്‍ അവയുടെ ഡി.എന്‍.എ പുനഃക്രമീകരിക്കുന്ന ഒരു പ്രധാന പ്രക്രിയയായ 'ക്രോസിങ് ഓവര്‍' ഇവിടെ നടക്കുന്നില്ല. 'നമ്മള്‍ ഇത് പൂര്‍ണ്ണമാക്കണം,' പ്രശസ്ത ശാസ്ത്രജ്ഞന്‍ പ്രൊഫ. മിതാലിപോവ് പറഞ്ഞു.
ശരീരത്തിന് പുറത്ത് ബീജങ്ങളും അണ്ഡങ്ങളും നിര്‍മ്മിക്കാന്‍ ലക്ഷ്യമിടുന്ന ഇന്‍ വിട്രോ ഗാമെറ്റോജെനിസിസ് എന്ന വളര്‍ന്നു വരുന്ന ഒരു മേഖലയുടെ ഭാഗമാണ് ഈ സാങ്കേതികവിദ്യ.
ഇപ്പോഴും ശാസ്ത്രീയ വികസനത്തിലാണ് പദ്ധതി ഉള്ളത്, ക്ലിനിക്കല്‍ ഉപയോഗത്തിന് എത്തിയിട്ടില്ല. എന്നാല്‍ ബീജമോ അണ്ഡമോ ഇല്ലാത്തതിനാല്‍ ഇന്‍ വിട്രോ ഫെര്‍ട്ടിലൈസേഷന്‍ വഴി പ്രയോജനം ലഭിക്കാത്ത ദമ്പതികളെ സഹായിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.
അണ്ഡങ്ങള്‍ ഇല്ലാത്ത പ്രായമായ സ്ത്രീകള്‍ക്ക്, ആവശ്യത്തിന് ബീജം ഉത്പാദിപ്പിക്കാത്ത പുരുഷന്മാര്‍ക്ക്, കാന്‍സര്‍ ചികിത്സ കാരണം വന്ധ്യത വന്ന ആളുകള്‍ക്ക് ഉള്‍പ്പെടെ ഭാവിയില്‍ ഇത് ഗുണം ചെയ്‌തേക്കാമെന്നാണ് വിലയിരുത്തല്‍.