ന്യൂഡല്‍ഹി: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ പാകിസ്ഥാന്‍ പോരാട്ടം ഫെബ്രുവരി 23 ന് നടക്കുമെന്ന് റിപ്പോര്‍ട്ട്. പാകിസ്ഥാന്‍ ആതിഥേയത്വം വഹിക്കുന്ന മത്സരത്തിൽ, ഇന്ത്യയുടെ മത്സരങ്ങള്‍ യുഎഇയിലാകും നടക്കുകയെന്ന് ഇഎസ്പിഎന്‍ ക്രിക് ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യയുടെ ആവശ്യം പരിഗണിച്ച്, ടൂര്‍ണമെന്റ് ഹൈബ്രിഡ് മോഡലില്‍ നടത്താന്‍ ഐസിസി തീരുമാനിച്ചിരുന്നു.
ജയ് ഷാ ഐസിസി ചെയര്‍മാനായി ചുമതലയേറ്റ ശേഷം നടക്കുന്ന ആദ്യ മേജര്‍ ടൂര്‍ണമെന്റാണിത്. ഇന്ത്യ ഉള്‍പ്പെടുന്ന ഗ്രൂപ്പില്‍ പാകിസ്ഥാനു പുറമേ, ബംഗ്ലാദേശ്, ന്യൂസിലന്‍ഡ് ടീമുകളും ഉള്‍പ്പെടുന്നു. ഫെബ്രുവരി 20 ന് ഇന്ത്യ ബംഗ്ലാദേശിനെയും, മാര്‍ച്ച് രണ്ടിന് ന്യൂസിലന്‍ഡിനെയും നേരിടും.ദുബായിലായിരിക്കും ഇന്ത്യയുടെ ഈ മൂന്ന് മത്സരങ്ങളും. രണ്ടാം ഗ്രൂപ്പില്‍ അഫ്ഗാനിസ്ഥാന്‍, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക ടീമുകളും ഉള്‍പ്പെടുന്നു. നിലവിലെ ചാംപ്യന്മാരായ പാകിസ്ഥാനും ന്യൂസിലന്‍ഡും തമ്മിൽ ഫെബ്രുവരി 19 ന് നടക്കുന്ന മത്സരത്തോടെയാണ് ടൂര്‍ണമെന്റിന് തുടക്കം കുറിക്കുന്നത്.
ഫെബ്രുവരി 27 ന് റാവല്‍പിണ്ടിയില്‍ വെച്ച് പാകിസ്ഥാന്‍ ബംഗ്ലാദേശിനെ നേരിടും. സെമിഫൈനല്‍ മത്സരങ്ങള്‍ മാര്‍ച്ച് 4, 5 ദിവസങ്ങളിലായി നടക്കും. സെമിക്ക് റിസര്‍വ് ഡേ ഉണ്ടായിരിക്കില്ല. മാര്‍ച്ച് 9 നാണ് ഫൈനല്‍. അതിന് റിസര്‍വ് ഡേ ഉണ്ടായിരിക്കും. ഇന്ത്യ സെമിയില്‍ കടന്നാല്‍ മത്സരം യുഎഇയില്‍ ആയിരിക്കും. അല്ലെങ്കില്‍ മത്സരം പാകിസ്ഥാനിലായിരിക്കും. ഫൈനല്‍ ലാഹോറിലാണ് നിശ്ചയിച്ചിട്ടുള്ളത്. ഇന്ത്യ ഫൈനലില്‍ കടന്നാല്‍ മത്സരം യുഎഇയിലേക്ക് മാറ്റാമെന്നും ധാരണയായിട്ടുണ്ട്.
കൂടാതെ 2027 വരെ ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ടൂര്‍ണമെന്റുകളെല്ലാം ഹൈബ്രിഡ് മോഡലില്‍ നിഷ്പക്ഷ വേദിയില്‍ ആയിരിക്കണമെന്ന പാകിസ്ഥാന്റെ ആവശ്യവും ഐസിസി അംഗീകരിച്ചിട്ടുണ്ട്. അടുത്ത വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ഐസിസി വനിതാ ലോകകപ്പില്‍ പാകിസ്ഥാന്‍ കളിക്കാനായി ഇങ്ങോട്ടു വരില്ല. പകരം പാകിസ്ഥാന്റെ മത്സരങ്ങള്‍ നിഷ്പക്ഷ വേദിയിലാകും നടക്കുക. 2026 ലെ ഐസിസി പുരുഷ ടി20 ലോകകപ്പ് മത്സരങ്ങള്‍ ഇന്ത്യ ശ്രീലങ്ക എന്നീ രാജ്യങ്ങളിലായി നടത്താനും ഐസിസി തീരുമാനിച്ചു.