/kalakaumudi/media/media_files/2025/03/11/MUEpPRDTsRM7LhN6BjHS.jpg)
രാജ്യാന്തര ക്രിമിനല്‍ കോടതിയുടെ ഉത്തരവ് പ്രകാരം മുന്‍ ഫിലിപ്പീന്‍സ് പ്രസിഡന്റ് റൊഡ്രീഗോ ഡ്യൂട്ടെര്‍ട്ടിനെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. ഹോങ്കോങ്ങില്‍നിന്ന് എത്തിയതിന് തൊട്ടുപിന്നാലെ മനില വിമാനത്താവളത്തില്‍വച്ചായിരുന്നു അറസ്റ്റ്. മുന്‍ രാഷ്ട്രത്തലവനെ ഇത്തരത്തില്‍ രാജ്യാന്തര കോടതിയുടെ ഉത്തരവ് പ്രകാരം അറസ്റ്റ് ചെയ്തത് വിരളമാണ്.
ലഹരിമരുന്നിന് എതിരായ യുദ്ധത്തിന്റെ പേരില്‍ ആയിരക്കണക്കിനു ഫിലിപ്പിനികളെ കൊലപ്പെടുത്തിയതിലെ ഡ്യൂട്ടെര്‍ട്ടിന്റെ പങ്ക് അന്വേഷിക്കുമെന്നാണ് ഐസിസിവ്യക്തമാക്കിയിരിക്കുന്നത്.
കൊലപാതകങ്ങളെക്കുറിച്ചു രാജ്യാന്തര കോടതി അന്വേഷണം തുടങ്ങിയതോടെ ഫിലിപ്പീന്‍സിനെ 2019ല്‍ ഐസിസിയില്‍നിന്ന് ഡ്യൂട്ടെര്‍ട്ടെ പിന്‍വലിച്ചിരുന്നു. ലഹരിമരുന്ന് കുറ്റവാളികള്‍ക്ക് എതിരായ നടപടിയെക്കുറിച്ചുള്ള ഐസിസിയുടെ അന്വേഷണത്തോടു സഹകരിക്കാന്‍ കഴിഞ്ഞവര്‍ഷം വരെ ഡ്യൂട്ടെര്‍ട്ടെ സമ്മതിച്ചിരുന്നില്ല.
ഡ്യൂട്ടെര്‍ട്ടെയുടെ ഭരണകാലത്തു ലഹരിമരുന്ന് കേസില്‍ ഉള്‍പ്പെട്ടെവരെന്നു സംശയിച്ചു 6,200 ഓളം പേരെ കൊലപ്പെടുത്തിയിട്ടുണ്ടെന്നാണു പൊലീസ് കണക്ക്.
കുറ്റവാളികളെ കൊന്നൊടുക്കണമെന്നതായിരുന്നു ഫിലിപ്പൈന്‍ പ്രസിഡന്റായിരുന്ന റോഡ്രിഗോ ഡ്യൂട്ടെര്‍ട്ടിന്റെ തത്വം. ദശലക്ഷ കണക്കിന് ജൂതന്മാരെ എങ്ങനെയാണോ അഡോള്‍ഫ് ഹിറ്റ്‌ലര്‍ കൊന്നൊടുക്കിയത് അതേപോലെ മയക്കുമരുന്ന് ഉപയോഗിക്കുന്നവരെയും സംഹരിക്കണമെന്നാണ് ഡ്യൂട്ടെര്‍ട്ട് ഒരിക്കല്‍ പറഞ്ഞത്.
പ്രസിഡന്റായിരുന്ന കാലത്ത് മയക്കുമരുന്ന് വേട്ടയുടെ പേരില്‍ നടത്തിയ നരഹത്യയ്ക്ക് അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയെടുത്ത കേസിലാണ് അറസ്റ്റ്. ഹോങ്കോംഗില്‍ നിന്നും മടങ്ങിയെത്തിയപ്പോഴാണ് ഡ്യുട്ടെര്‍ട്ടിന്റെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യത്തിന്റെ പേരില്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ നിര്‍ദേശ പ്രകാരമാണ് നടപടിയെന്നാണ് പ്രസിഡന്റ് ഫെര്‍ഡിനാണ്ട് മാര്‍കോസിന്റെ ഓഫിസും പ്രതികരിച്ചത്.
'ഹിറ്റ്‌ലര്‍ 3 മില്ല്യണ്‍ ജൂതമാരെയാണ് കൊന്നത്. ഇവിടെ 3 മില്ല്യണ്‍ മയക്കുമരുന്നു ഉപയോക്താകളുണ്ട്. അവരെ കൊന്നൊടുക്കുന്നതില്‍ ഞാന്‍ സന്തോഷവനാണ്. എന്തുകൊണ്ടാണ് ഈ പ്രതികാരമെന്ന് നിങ്ങള്‍ക്ക് അറിയാമോ, എന്റെ രാജ്യത്തെ അടുത്ത തലമുറയെ എങ്കിലും ഈ നാശത്തില്‍ നിന്ന് രക്ഷിക്കണം. അതിനായി കുറ്റവാളികളെയെല്ലാം തുടച്ചു നീക്കണം.' അധികാരത്തില്‍ ഇരുന്ന കാലത്ത് റോഡ്രിഗോ ഡ്യൂട്ടെര്‍ട്ടില്‍ നിന്നും ലോകം കേട്ട വാക്കുകളായിരുന്നു ഇത്.
റോഡ്രിഗോയ്ക്ക് അധികാരം കിട്ടിയതിന് ശേഷം മയക്കുമരുന്നുമായി ബന്ധപ്പെട്ടെന്ന് ആരോപിച്ച് 3300 പേരെയാണ് പോലീസ് വെടിവച്ചു കൊന്നത്. ഈ വിഷയം യുഎന്നില്‍ അമേരിക്കന്‍ പ്രസിഡന്റായിരുന്ന ബരാക് ഒബാമ ഐക്യരാഷ്ട്ര സഭയില്‍ പരാമര്‍ശിച്ചപ്പോള്‍ റോഡറിഗോ ഒബാമയെ അസഭ്യം പറയുകയാണ് ചെയ്തത്.
'ഹിറ്റ്‌ലറുടെ സര്‍വ്വസംഹാരം' അവസാന പോംവഴിയായിരുന്നു. എല്ലാവരെയും കൊന്നൊടുക്കാനുള്ള അതെ അവസ്ഥയിലാണ് ഇപ്പോള്‍ റോഡ്രിഗോ ഡ്യൂട്ടേര്‍ട്ട്. എന്നായിരുന്നു ഫിലിപ്പൈന്‍ രാഷ്ട്രീയ നേതാവും മനുഷ്യാവകാശ പ്രവര്‍ത്തകയും സെനറ്റര്‍ ലെയ്ല ഡി ലിമ കുറ്റപ്പെടുത്തിയത്. മയക്കുമരുന്നിനെതിരായി എന്ന പേരില്‍ ഡ്യൂട്ടെര്‍ട്ട് നടപ്പാക്കുന്ന നയങ്ങളെ ലിമ ശക്തമായി എതിര്‍ത്തിരുന്നു. എന്നാല്‍ വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയെന്നോണം റോഡ്രിഗോ ഡ്യൂട്ടെര്‍ട്ട് നടത്തിയ ആഹ്വാനം, 'പ്രശ്‌നങ്ങളെ ഒഴിവാക്കൂ, രാജ്യത്തെ രക്ഷിക്കൂ' എന്നായിരുന്നു.
മയക്കുമരുന്ന മാഫിയക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കരുതെന്ന ഐക്യരാഷ്ട്ര സംഘടനയുടെ വിലക്കിനെ പരസ്യമായി ലംഘിച്ചായിരുന്നു റോഡ്രിഗോ കുറ്റവാളികളെ കൊന്നൊടുക്കിയത്. തന്റെ നടപടികളില്‍ തടസം നില്‍ക്കുകയാണെങ്കില്‍ ഫിലിപ്പീന്‍സ് ഐക്യ രാഷ്ട്ര സംഘടനയില്‍ നിന്നും വിട്ട് പോകുമെന്നും റോഡ്രിഗോ പറഞ്ഞിരുന്നു. കൂടാതെ ഐക്യ രാഷ്ട്ര സംഘടനയ്ക്ക് പകരമായി മറ്റൊരു അന്താരാഷ്ട്ര കൂട്ടായ്മ രൂപീകരിക്കാന്‍ അദ്ദേഹം ചൈനയോടും മറ്റ് രാജ്യങ്ങളോടും ആവശ്യപ്പെടുകയും ചെയ്തിരുന്നു.
2016 മുതല്‍ 2022 വരെയായിരുന്നു ഡ്യൂട്ടെര്‍ട്ട് ഫിലിപ്പൈന്‍ പ്രസിഡന്റ് സ്ഥാനത്തുണ്ടായിരുന്നത്. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കൂടി പ്രസിഡന്റ് എന്നൊരു പ്രത്യേകതയും അദ്ദേഹത്തിനുണ്ടായിരുന്നു. 71 മത്തെ വയസിലാണ് റോഡ്രിഗോ അധികാരത്തിലേറുന്നത്. ' ലഹരിക്കെതിരായ യുദ്ധം' തന്നെയായിരുന്നു ഡ്യൂട്ടെര്‍ട്ടിന്റെ ഭരണകാലയളവിനെ വാര്‍ത്തയും വിവാദവുമാക്കിയത്.
നിയമവിരുദ്ധമായ കൂട്ടക്കൊലയ്ക്കെതിരേ രാജ്യത്തിനകത്തും പുറത്തും നിന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നപ്പോള്‍, രാജ്യത്തെയും പൗരന്മാരെയും സംരക്ഷിക്കുകയാണ് താനെന്നായിരുന്നു ഡ്യൂട്ടെര്‍ട്ടെ സ്വയം അവകാശപ്പെട്ടത്.
2018 മാര്‍ച്ചില്‍, അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയെ അംഗീകരിക്കുന്ന ഉടമ്പടിയായ റോം സ്റ്റാറ്റിയൂട്ടില്‍ നിന്ന് ഫിലിപ്പീന്‍സിനെ ഡ്യൂട്ടെര്‍ട്ടെ പിന്‍വലിച്ചിരുന്നു. 2019 മാര്‍ച്ച് 17 മുതലാണ് പിന്‍വാങ്ങല്‍ പ്രാബല്യത്തില്‍ വന്നത്. മയക്കുമരുന്നിനെതിരായ ഡ്യുട്ടെര്‍ട്ടെയുടെ യുദ്ധത്തില്‍ മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച ഐസിസിയുടെ പ്രാഥമിക അന്വേഷണത്തിനെതിരേയുള്ള പ്രതിഷേധമായിരുന്നു ഡ്യൂട്ടെര്‍ട്ടെയുടെ നടപടി.
എന്നാല്‍ മുന്‍ പ്രസിഡന്റിന്റെ നീക്കം ഫലപ്രദമായില്ല. ഫിലിപ്പീന്‍സ് അംഗമായിരുന്നപ്പോള്‍ നടന്ന കുറ്റകൃത്യങ്ങള്‍ ഐസിസിക്ക് ഇപ്പോഴും അന്വേഷിക്കാനും വിചാരണ ചെയ്യാനും കഴിയും. കൂടാതെ ചില അന്വേഷണങ്ങളില്‍ ഐസിസിയുമായി സഹകരിക്കാന്‍ രാജ്യം ഇപ്പോഴും ബാധ്യസ്ഥരുമാണ്. ഇതാണിപ്പോള്‍ ഡ്യൂട്ടെര്‍ട്ടെയ്ക്ക് കുരുക്കായി മാറിയത്. റോഡ്രിഗോ ഡ്യൂട്ടെര്‍ട്ടെയുടെ മകള്‍ സാറ ഡ്യൂട്ടെര്‍ട്ടെ ഫിലിപ്പൈന്‍ പ്രസിഡന്റ് ഫെര്‍ഡിനാഡ് മാര്‍കോ ജൂനിയറിന്റെ കീഴില്‍ വൈസ് പ്രസിഡന്റുമാരില്‍ ഒരാളാണ്.