മാച്ച് റഫറിയെ മാറ്റണമെന്ന പാകിസ്ഥാൻറെ ആവശ്യം തള്ളി ഐസിസി, ബഹിഷ്കരണ ഭീഷണി മുഴക്കിയ പാകിസ്ഥാൻ വെട്ടിൽ

ഏഷ്യാ കപ്പിലെ ഇന്ത്യ-പാകിസ്ഥാൻ മത്സരത്തിലെ ഹസ്തദാന വിവാദത്തെ തുടർന്ന് മാച്ച് റഫറിയെ മാറ്റണമെന്ന പാക് ക്രിക്കറ്റ് ബോർഡിന്റെ ആവശ്യം ഐസിസി തള്ളി

author-image
Devina
New Update
jaisha


ദുബായ്: ഏഷ്യാ കപ്പിൽ ഇന്ത്യ-പാകിസ്ഥാൻ മത്സരത്തിരെ ഹസ്തദാന വിവാദത്തിന് പിന്നാലെ മത്സരത്തിലെ മാച്ച് റഫറി ആൻഡി പൈക്രോഫ്റ്റിനെ മാറ്റണമെന്ന പാക് ക്രിക്കറ്റ് ബോർഡിൻറെ ആവശ്യം ഐസിസി ഔദ്യോഗികമായി തള്ളി.

 ഇക്കാര്യം പാക് ക്രിക്കറ്റ് ബോർഡിനെ ഐസിസി ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. ഇതോടെ മാച്ച് റഫറിയെ മാറ്റിയില്ലെങ്കിൽ ടൂർണമെൻറ് ബഹിഷ്കരിക്കുമെന്ന് ഭീഷണി ഉയർത്തിയ പാകിസ്ഥാൻ വെട്ടിലായി.

ഇന്ത്യക്കെതിരായ മത്സരത്തിന് മുമ്പ് ടോസിനുശേഷം ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവുമായി ഹസ്തദാനത്തിന് മുതിരരുതെന്ന് മാച്ച് റഫറി പാക് ക്യാപ്റ്റനോട് നിർദേശിച്ചുവെന്നും മാച്ച് റഫറിയുടെ നടപടി പക്ഷപാതപരമാണെന്നുമായിരുന്നു പാക് ക്രിക്കറ്റ് ബോർഡ് ഐസിസിക്ക് നൽകിയ പരാതി.

 എന്നാൽ ടോസിനുശേഷം പാക് ക്യാപ്റ്റൻ സൽമാൻ ആഘ ഹസ്തദാനത്തിന് ശ്രമിക്കുകയും സൂര്യകുമാർ യാദവ് അത് നിഷേധിക്കുകയും ചെയ്താൽ അത് പാക് നായകന് വലിയ നാണക്കേട് ആകുമെന്ന സദുദ്ദേശത്തോടെയുള്ള മുന്നറിയിപ്പാണ് മാച്ച് റഫറി നൽകിയതെന്നും അതിൽ പക്ഷപാതമിലലെന്നും ഐസിസി പാക് ക്രിക്കറ്റ് ബോർഡിന് നൽകിയ മറുപടിയിൽ വ്യക്തമാക്കി.

ഇതോടെ മാച്ച് റഫറിയെ മാറ്റിയില്ലെങ്കിൽ ഏഷ്യാ കപ്പ് ബഹിഷ്കരിക്കുമെന്ന് ഭീഷണി ഉയർത്തിയ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് എന്ത് നിലപാടെടുക്കുന്നുവെന്നതാണ് ഇനി അറിയേണ്ടത്.

 ഏഷ്യായ കപ്പിൽ നാളെ നടക്കുന്ന പാകിസ്ഥാൻ -യുഎഇ മത്സരത്തിലും ആൻഡി പൈക്രൊഫ്റ്റ് തന്നെയാണ് മാച്ച് റഫറി.

 ഈ മത്സരം ജയിച്ചില്ലെങ്കിൽ പാകിസ്ഥാൻ സപ്പർ ഫോറിലെത്താതെ പുറത്താവാൻ സാധ്യതയുണ്ട്.ഇന്ത്യ-പാകിസ്ഥാൻ മത്സരത്തിലെ ടോസിനുശേഷം സാധാരണഗതിയിൽ ക്യാപ്റ്റൻമാർ നടത്താറുള്ള പതിവ് ഹസ്തദാനം സൂര്യയും സൽമാൻ ആഘയും ഒഴിവാക്കിയിരുന്നു.

മത്സരം പൂർത്തിയായശേഷവും ഇന്ത്യൻ താരങ്ങളാരും ഗ്രൗണ്ടിലേക്കിറങ്ങി പാക് താരങ്ങളുമായി പതിവ് ഹസ്തദാനത്തിന് മുതിർന്നിരുന്നില്ല.

 ഹസ്തദാനത്തിനായി കുറച്ചു നേരം ഗ്രൗണ്ടിൽ കാത്തു നിന്ന പാക് താരങ്ങൾ പിന്നീട് ഇന്ത്യൻ ഡ്രസ്സിംഗ് റൂമിന് അടുത്തെത്തിയെങ്കിലും ഡ്രസ്സിംഗ് റൂമിൻറെ വാതിലുകൾ അടച്ചിരുന്നു.

 ഇതിനെത്തുടർന്നാണ് പാക് ടീം മാച്ച് റഫറിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് പരാതി നൽകിയത്.