/kalakaumudi/media/media_files/2026/01/24/jew2-2026-01-24-17-36-15.jpg)
വാഷിങ്ടണ്‍: അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും വലിയ ആഭരണ മോഷണക്കേസിലെ പ്രധാന പ്രതിയെ വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കാതെ തന്നെ നാടുകടത്തി. ഏകദേശം 100 മില്യണ്‍ ഡോളര്‍ (ഏകദേശം 840 കോടി രൂപ) വിലമതിക്കുന്ന ആഭരണങ്ങള്‍ കവര്‍ന്ന കേസിലെ പ്രതിയെയാണ് അമേരിക്കന്‍ അധികൃതര്‍ സ്വന്തം രാജ്യത്തേക്ക് തിരിച്ചയച്ചത്. കാലിഫോര്‍ണിയയിലെ ഫ്രേസിയര്‍ പാര്‍ക്കിന് സമീപം നിര്‍ത്തിയിട്ടിരുന്ന 'ബ്രിങ്ക്‌സ്' ട്രക്കില്‍ നിന്നാണ് 2022-ല്‍ അതിസാഹസികമായി ഈ വന്‍ കൊള്ള നടന്നത്.
ലോസ് ഏഞ്ചല്‍സിലെ ഒരു ജ്വല്ലറി ഷോയില്‍ നിന്ന് സാന്‍ ഫ്രാന്‍സിസ്‌കോയിലേക്ക് ആഭരണങ്ങള്‍ കൊണ്ടുപോവുകയായിരുന്ന ട്രക്കിന്റെ പൂട്ട് തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്തുകടന്നത്. സുരക്ഷാ ജീവനക്കാര്‍ പുറത്തുപോയ 27 മിനിറ്റിനുള്ളിലായിരുന്നു ഈ വന്‍ മോഷണം. അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെട്ട ഈ കേസില്‍ വര്‍ഷങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്. എന്നാല്‍ അമേരിക്കയില്‍ ഇയാള്‍ക്കെതിരെ വിചാരണ നടത്താതെ നാടുകടത്താനെടുത്ത തീരുമാനം നിയമരംഗത്ത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്.
പ്രതിയെ ഏത് രാജ്യത്തേക്കാണ് നാടുകടത്തിയത് എന്ന വിവരം അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. വിചാരണ ഒഴിവാക്കി നാടുകടത്തിയത് കേസിലെ മറ്റ് പ്രതികളിലേക്കോ അല്ലെങ്കില്‍ മോഷണം പോയ ആഭരണങ്ങള്‍ വീണ്ടെടുക്കാനോ ഉള്ള നീക്കത്തിന്റെ ഭാഗമാണോ എന്നും സംശയങ്ങള്‍ ഉയരുന്നുണ്ട്. മോഷണം പോയ ആഭരണങ്ങളില്‍ ഭൂരിഭാഗവും ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഈ വന്‍ കൊള്ളയ്ക്ക് പിന്നില്‍ അന്താരാഷ്ട്ര തലത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രൊഫഷണല്‍ സംഘമാണെന്നാണ് എഫ്.ബി.ഐയുടെ വിലയിരുത്തല്‍.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
