ഇമ്രാന്‍ ഖാന് ജയിലില്‍ ക്രൂര പീഡനം: വലതു കണ്ണിന്റെ കാഴ്ച 85 ശതമാനവും നഷ്ടപ്പെട്ടു

2025 ഒക്ടോബര്‍ വരെ കൃത്യമായ കാഴ്ചശക്തി ഉണ്ടായിരുന്ന ഇമ്രാന്‍ ഖാന്, ഇപ്പോള്‍ വലതു കണ്ണിന്റെ 85 ശതമാനം കാഴ്ചയും നഷ്ടപ്പെട്ടു. കണ്ണിലെ കാഴ്ച മങ്ങുന്നതിനെക്കുറിച്ച് മാസങ്ങളോളം പരാതിപ്പെട്ടിട്ടും ജയില്‍ അധികൃതര്‍ ചികിത്സ നല്‍കാന്‍ തയ്യാറായില്ല

author-image
Biju
New Update
imran 3

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ അഡിയാല ജയിലില്‍ കഴിയുന്ന മുന്‍പ്രധനമന്ത്രി ഇമ്രാന്‍ ഖാന്‍ ക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് ഇരയാകുന്നതായി കോടതി നിയോഗിച്ച അമിക്കസ് ക്യൂറി സല്‍മാന്‍ സഫ്ദര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. പാകിസ്ഥാന്‍ സൈന്യത്തിന്റെയും സര്‍ക്കാരിന്റെയും അറിവോടെയാണ് ഈ 'അമനുഷ്യമായ' നടപടികളെന്ന് അദ്ദേഹത്തിന്റെ അനുയായികള്‍ ആരോപിക്കുന്നു.

2025 ഒക്ടോബര്‍ വരെ കൃത്യമായ കാഴ്ചശക്തി ഉണ്ടായിരുന്ന ഇമ്രാന്‍ ഖാന്, ഇപ്പോള്‍ വലതു കണ്ണിന്റെ 85 ശതമാനം കാഴ്ചയും നഷ്ടപ്പെട്ടു. കണ്ണിലെ കാഴ്ച മങ്ങുന്നതിനെക്കുറിച്ച് മാസങ്ങളോളം പരാതിപ്പെട്ടിട്ടും ജയില്‍ അധികൃതര്‍ ചികിത്സ നല്‍കാന്‍ തയ്യാറായില്ല. പിന്നീട് നടത്തിയ പരിശോധനയില്‍ കണ്ണില്‍ രക്തം കട്ടപിടിച്ചതായി കണ്ടെത്തി.

കഴിഞ്ഞ രണ്ട് വര്‍ഷത്തിലേറെയായി (2023 ഒക്ടോബര്‍ മുതല്‍) അദ്ദേഹം ഏകാന്ത തടവിലാണ്. ഇത് അദ്ദേഹത്തിന്റെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെ ദോഷകരമായി ബാധിച്ചിട്ടുണ്ട്.

73 വയസ്സുള്ള ഇമ്രാന്‍ ഖാന് ആവശ്യമായ രക്തപരിശോധനകളോ മറ്റ് വിദഗ്ധ ചികിത്സകളോ നല്‍കുന്നില്ല. കഴിഞ്ഞ രണ്ട് വര്‍ഷമായി ഒരു ദന്തഡോക്ടറെ കാണാന്‍ പോലും അദ്ദേഹത്തെ അനുവദിച്ചിട്ടില്ല. സ്വന്തം ഡോക്ടര്‍മാരെ കാണാനുള്ള അനുമതിയും നിഷേധിക്കപ്പെട്ടിരിക്കുകയാണ്.

കുടുംബാംഗങ്ങളെയും അഭിഭാഷകരെയും കാണുന്നതിന് കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 2025-ല്‍ ആകെ രണ്ട് തവണ മാത്രമാണ് തന്റെ മക്കളുമായി ഫോണില്‍ സംസാരിക്കാന്‍ അദ്ദേഹത്തിന് അനുവാദം ലഭിച്ചത്. ഭാര്യ ബുഷ്‌റ ബീബിയെ ആഴ്ചയിലൊരിക്കല്‍ വെറും 30 മിനിറ്റ് നേരം മാത്രമാണ് കാണാന്‍ അനുവദിക്കുന്നത്.

അമിക്കസ് ക്യൂറി ജയിലില്‍ ഇമ്രാന്‍ ഖാനെ സന്ദര്‍ശിച്ചപ്പോള്‍ അദ്ദേഹം അതീവ ദുഃഖിതനായും ശാരീരിക അസ്വസ്ഥതകള്‍ അനുഭവിക്കുന്നതായും കണ്ടെത്തി. ചികിത്സ വൈകിയതാണ് കാഴ്ച നഷ്ടപ്പെടാന്‍ പ്രധാന കാരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.