ബ്രിട്ടനില്‍ പ്രവൃത്തിദിനങ്ങള്‍ നാലായി ചുരുക്കാന്‍ ലേബര്‍ സര്‍ക്കാര്‍. തൊഴിലാളികള്‍ക്ക് കൂടുതല്‍ അവകാശങ്ങള്‍ ഉള്‍പ്പെടുന്ന നിയമങ്ങള്‍ ഒക്ടോബര്‍ മുതല്‍ നിലവില്‍ വരാന്‍ സാധ്യത. സാധാരണ ജോലിക്കാര്‍ക്ക് വിനോദത്തിനും മറ്റുമായി കൂടുതല്‍ സ്വകാര്യ സമയം ലഭിക്കാനായി ആഴ്ചയില്‍ നാല് ദിവസമായി ജോലി ചുരുക്കണമെന്ന ആവശ്യം പ്രധാനമന്ത്രി പദവിയില്‍ എത്തും മുന്‍പ് തന്നെ കിയേര്‍ സ്റ്റാമെര്‍ ഉന്നയിച്ചിരുന്നു.
കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കുന്നതിന് പുതിയ നിയമങ്ങള്‍ ഏറെ സഹായകരമാണെന്നാണ് കിയേര്‍ സ്റ്റാമെറിന്റെ നിലപാട്. ആഴ്ചയില്‍ നാല് ദിവസം ജോലി ചെയ്യാനുള്ള അവകാശം ചോദിക്കാന്‍ തൊഴിലാളികള്‍ക്ക് അനുമതി നല്‍കുന്ന പുതിയ നിയമമാണ് ഒക്ടോബറോടെ പ്രാബല്യത്തില്‍ വരുന്നത്. തൊഴില്‍ സമയം നിജപ്പെടുത്തുന്നത് വഴി അഞ്ച് ദിവസത്തിന് പകരം നാല് ദിവസത്തിനുള്ളില്‍ തങ്ങളുടെ കരാര്‍ അനുസരിച്ചുള്ള മണിക്കൂറുകളില്‍ ജോലി പൂര്‍ത്തിയാക്കണം.
ഇതോടെ തിങ്കള്‍ മുതല്‍ വ്യാഴം വരെ ജോലി ചെയ്ത് വെള്ളിയാഴ്ച അവധി ലഭിക്കുന്ന നിലയിലേക്ക് കാര്യങ്ങള്‍ നീങ്ങും. ഉപപ്രധാനമന്ത്രി ആഞ്ചെല റെയ്‌നറാണ് പുതിയ നിയമത്തിനായി നീക്കങ്ങള്‍ നടത്തുന്നത്. വിവിധ തൊഴിലുടമകളുടെ പ്രതിനിധികള്‍, ട്രേഡ് യൂണിയന്‍ പ്രതിനിധികള്‍ എന്നിവരുമായി ചര്‍ച്ച ചെയ്ത ശേഷമാണ് പുതിയ നിയമം വികസിപ്പിച്ചിട്ടുള്ളത്.
ബ്രിട്ടനില്‍ നിലവില്‍ തൊഴിലുടമയില്‍ നിന്നും തൊഴിലാളികള്‍ക്ക് ആവശ്യമായ തൊഴില്‍ സമയം ആവശ്യപ്പെടാമെങ്കിലും ഇത് അനുവദിക്കണമെന്ന് നിര്‍ബന്ധമില്ല. എന്നാല്‍ പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ ഇത് ജീവനക്കാരുടെ അവകാശമാകും.