വിമാനയാത്രയ്ക്കിടെ ലൈംഗികാതിക്രമം; ഇന്ത്യന്‍ വയോധികനെതിരേ കേസ്

ബാലസുബ്രഹ്മണ്യന്‍ രമേശ് (73) എന്നയാള്‍ക്കെതിരേയാണ് പരാതി. പരമാവധി 21 വര്‍ഷം തടവ് ലഭിക്കാവുന്ന കുറ്റമാണ് ഇയാള്‍ക്കെതിരേ ചുമത്തിയിട്ടുള്ളത്.

author-image
Prana
New Update
flight inside

യു.എസില്‍നിന്ന് സിംഗപ്പുരിലേക്കുള്ള 14 മണിക്കൂര്‍ വിമാനയാത്രയ്ക്കിടെ നാല് സ്ത്രീകളോട് ലൈംഗികാതിക്രമം നടത്തിയ ഇന്ത്യന്‍ വയോധികനെതിരേ കേസ്. സിംഗപ്പുര്‍ എയര്‍ലൈന്‍സിന്റെ വിമാനത്തില്‍ നവംബര്‍ 18ാം തീയതി രാവിലെ 3.15നും വൈകുന്നേരം 5.30നും ഇടയിലാണ് സംഭവം. ബാലസുബ്രഹ്മണ്യന്‍ രമേശ് (73) എന്നയാള്‍ക്കെതിരേയാണ് പരാതി. പരമാവധി 21 വര്‍ഷം തടവ് ലഭിക്കാവുന്ന കുറ്റമാണ് ഇയാള്‍ക്കെതിരേ ചുമത്തിയിട്ടുള്ളത്.
നവംബര്‍ 25ന് സിംഗപ്പുര്‍ കോടതിയില്‍ ഹാജരായ ബാലസുബ്രമണ്യന്‍ രമേശ് ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട ഏഴ് കുറ്റങ്ങളാണ് നേരിടുന്നത്. ഒരു സ്ത്രീക്ക് നേരെ നാലുവട്ടവും മറ്റ് മൂന്ന് സ്ത്രീകള്‍ക്കു നേരെ ഓരോ തവണയുമാണ് ഇയാള്‍ അതിക്രമം നടത്തിയതെന്നാണ് ആരോപണമെന്ന് കോടതിരേഖകളെ ഉദ്ധരിച്ച് സിംഗപ്പുര്‍ മാധ്യമമായ ദ സ്‌ട്രെയിറ്റ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. അതേസമയം ഇയാളുടെ അതിക്രമത്തിന് ഇരയായ സ്ത്രീകള്‍ യാത്രക്കാരാണോ അതോ ക്രൂ അംഗങ്ങളാണോ എന്ന കാര്യം വ്യക്തമാക്കിയിട്ടില്ല.
സംഭവദിവസം രാവിലെ 3.15നാണ് ആദ്യത്തെ സ്ത്രീയോട് ബാലസുബ്രഹ്മണ്യന്‍ രമേശ് ലൈംഗികാതിക്രമം നടത്തിയത്. അഞ്ചുമിനിറ്റിന് ശേഷം രണ്ടാമത്തെ സ്ത്രീയോടും മോശമായി പെരുമാറി. ഈ സ്ത്രീയോടു തന്നെ മൂന്നരയ്ക്കും ആറുമണിക്കും ഇടയില്‍ ഇയാള്‍ മൂന്നുതവണകൂടി ലൈംഗികാതിക്രമം നടത്തി. രാവിലെ ഒന്‍പതരയോടെ മൂന്നാമത്തെ സ്ത്രീയോട് ലൈംഗികാതിക്രമം നടത്തിയ ഇയാള്‍ നാലാമത്തെ സ്ത്രീയോട് മര്യാദവിട്ട് പെരുമാറിയത് വൈകുന്നേരം അഞ്ചരയ്ക്കാണെന്നാണ് റിപ്പോര്‍ട്ട്.
സിങ്കപ്പുര്‍ നിയമപ്രകാരം ഓരോ ലൈംഗികാതിക്രമത്തിനും മൂന്നുകൊല്ലം തടവോ പിഴയോ അല്ലെങ്കില്‍ ഇവ രണ്ടുമോ ലഭിച്ചേക്കാം. ലൈംഗികാതിക്രമത്തിന് ചാട്ടവാര്‍ അടി ശിക്ഷയായി നല്‍കാറുണ്ടെങ്കിലും പ്രായത്തിന്റെ ആനുകൂല്യം ബാലസുബ്രഹ്മണ്യന്‍ രമേശിന് ലഭിക്കും. അന്‍പതു വയസ്സിനു മുകളില്‍ പ്രായമുള്ളവരെ സിങ്കപ്പുരില്‍ ചാട്ടവാറടിക്ക് വിധേയരാക്കാറില്ല. ഡിസംബര്‍ 13ാം തീയതി ബാലസുബ്രഹ്മണ്യന്‍ രമേശിന്റെ ഭാഗം കോടതി കേള്‍ക്കും.

 

molesting singapore airlines case indian singapore usa flight