ആദായവില്‍പ്പന!ആര്‍ക്കും വാങ്ങാം പാകിസ്ഥാന്‍ വില്‍പ്പനയ്ക്ക്

മുടിയനായ പുത്രന്‍ കുടുംബത്തിലുണ്ടായാല്‍ ആ കുടുംബവും മുടിയുമെന്നു പറയുന്നതുപോലെയാണ് ഇപ്പോള്‍ പാക്സ്ഥാന്റെ അവസ്ഥ.നാളിതുവരെ കുറേ മുടിയന്മാരായ പുത്രന്മാര്‍ ചേര്‍ന്ന് പാകിസ്ഥാനെ മുച്ചൂടും മുടിച്ചിരിക്കുകയാണ്.

author-image
Rajesh T L
New Update
RE

മുടിയനായ പുത്രന്‍ കുടുംബത്തിലുണ്ടായാല്‍ ആ കുടുംബവും മുടിയുമെന്നു പറയുന്നതുപോലെയാണ് ഇപ്പോള്‍ പാക്സ്ഥാന്റെ അവസ്ഥ. നാളിതുവരെ കുറേ മുടിയന്മാരായ പുത്രന്മാര്‍ ചേര്‍ന്ന് പാകിസ്ഥാനെ മുച്ചൂടും മുടിച്ചിരിക്കുകയാണ്.

പാകിസ്ഥാനിലെ പൊതുമേഖലാ സ്ഥാപനങ്ങളടക്കം ഓരോന്നും വിറ്റുതുലച്ച് ഒടുവില്‍ രാജ്യത്തെത്തന്നെ വില്‍ക്കേണ്ട ഗതികേണ്ടിലായിരിക്കുകയാണ്. സര്‍ക്കാരുകള്‍ മാറി വന്നിട്ടും ഈ വെല്ലുവിളി മറികടക്കാന്‍ സാധിച്ചിട്ടില്ല. സൈന്യം സര്‍ക്കാര്‍ കാര്യങ്ങളില്‍ പലപ്പോഴും ഇടപെട്ടിട്ടുള്ള ചരിത്രമുണ്ട് പാകിസ്ഥാന്. സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാര്‍ മാത്രമല്ല, സൈന്യവും ശ്രമിച്ചെങ്കിലും പരാജയമായിരുന്നു ഫലം.

പ്രതിസന്ധി തരണം ചെയ്യാന്‍ അന്താരാഷ്ട്ര നാണയ നിധി സഹായിച്ചെങ്കിലും കടുത്ത നിബന്ധനയാണ് മുന്നോട്ട് വച്ചത്. ഫണ്ട് കൂടുതല്‍ കണ്ടെത്തണമെന്നും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പുനഃസംഘടിപ്പിക്കണമെന്നുമായിരുന്നു നിബന്ധന. 700 കോടി ഡോളറിന്റെ സഹായമാണ് ഐഎംഎഫ് പ്രഖ്യാപിച്ചത്. നിബന്ധന പാലിക്കാന്‍ പാകിസ്ഥാന്‍ കണ്ടെത്തിയ മാര്‍ഗം പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റഴിക്കലാണ്. പൊതുവേ തീവ്രവാദത്തിന് പേരുകേട്ടതും സ്ഥിരതയില്ലാത്ത ഭരണസംവിധാനവുമുള്ള പാകിസ്ഥാന് തലവച്ചുകൊടുക്കാന്‍ ആരെങ്കിലും വരുമോയെന്ന ചോദ്യവും ഉയരുന്നുണ്ട്.

പ്രതിസന്ധിയിലുള്ള രാജ്യത്ത് നിക്ഷേപം ഇറക്കാന്‍ ഒരു ബിസിനസുകാരും തയ്യാറാകുന്നില്ല എന്നതാണ് പാകിസ്ഥാന്‍ നേരിടുന്ന വെല്ലുവിളി. രാജ്യത്തെ കരകയറ്റാന്‍ അവസാന ശ്രമവും നടത്തുകയാണ് ഇപ്പോള്‍ പാകിസ്ഥാന്‍. വിദേശ രാജ്യങ്ങള്‍ക്ക് ഉപാധികളോടെ സര്‍ക്കാര്‍ സംരംഭങ്ങള്‍ വില്‍ക്കാമെന്നാണ് പുതിയ ധാരണ. പതിവ് പോലെ ഇക്കാര്യത്തിലും പ്രതീക്ഷ ഗള്‍ഫ് രാജ്യങ്ങളെയാണ്. പാകിസ്ഥാന് സാമ്പത്തിക സഹായം പ്രഖ്യാപിച്ചും എണ്ണ ശുദ്ധീകരണ ശാലകള്‍ ഒരുക്കിയും ഗള്‍ഫ് രാജ്യങ്ങള്‍ നേരത്തെ സഹകരിച്ചിരുന്നു.

ഗള്‍ഫ് രാജ്യങ്ങള്‍ നല്‍കിയ സഹായങ്ങള്‍ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് രക്ഷപ്പെടാന്‍ പര്യാപ്തമായിട്ടില്ല. ഈ സാഹചര്യത്തില്‍ പാകിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിന്റെ ഓഹരി വില്‍ക്കാനാണ് തീരുമാനം. പ്രാദേശികമായി ലേലത്തിന് വച്ചെങ്കിലും ഓഫര്‍ ചെയ്ത സംഖ്യ വളരെ ചെറുതാണ്. അതുകൊണ്ടുതന്നെ വിദേശ രാജ്യങ്ങളെയാണ് ഇനി പ്രതീക്ഷ.

പാകിസ്ഥാന്‍ എയര്‍ലൈനും വലിയ സാമ്പത്തിക ഞെരുക്കത്തിലാണ്. അതുകൊണ്ടുതന്നെ വന്‍തുക നല്‍കി ഓഹരി വാങ്ങാന്‍ ഒരു കമ്പനികളും തയ്യാറായിട്ടില്ല. 1000 കോടി രൂപയാണ് ബ്ലൂ വേള്‍ഡ് കണ്‍സോര്‍ഷ്യം എന്ന റിയല്‍ എസ്റ്റേറ്റ് കമ്പനി വച്ച ലേലത്തുക. ഇത് കുറവാണ് എന്ന് വിലയിരുത്തിയാണ് സര്‍ക്കാരിന്റെ പ്രൈവറ്റൈസേഷന്‍ കമ്മീഷന്‍ ലേലം തള്ളിയിരിക്കുന്നത്.

വിമാന കമ്പനിയുടെ 51 മുതല്‍ 100 ശതമാനം ഓഹരികള്‍ വരെ വിറ്റഴിക്കാനാണ് പാകിസ്ഥാന്‍ ഭരണകൂടത്തിന്റെ തീരുമാനം. 60 ശതമാനം ഓഹരി വാങ്ങാമെന്ന് ബ്ലൂ വേള്‍ഡ് കണ്‍സോര്‍ഷ്യം അറിയിച്ചെങ്കിലും ഈ നിര്‍ദേശം തള്ളുകയായിരുന്നു. ഇനി ഏതെങ്കിലും വിദേശരാജ്യത്തിന് വിമാന കമ്പനി കൈമാറാം എന്നാണ് പാകിസ്ഥാന്റെ ആലോചന. സര്‍ക്കാര്‍ തലത്തില്‍ പ്രത്യേക കരാറുണ്ടാക്കി യുഎഇക്കോ ഖത്തറിനോ കൈമാറിയേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.

ഈ മാസം 30ന് പുതിയ താല്‍പ്പര്യ പത്രം ഇറക്കും. ഒക്ടോബറില്‍ തുടങ്ങിയ ലേലത്തിന് ആറ് ഗ്രൂപ്പുകള്‍ യോഗ്യത നേടിയിരുന്നു. എന്നാല്‍ ലേലം സമര്‍പ്പിച്ചത് ബ്ലൂ വേള്‍ഡ് മാത്രമാണ്. അവര്‍ സമര്‍പ്പിച്ച തുക വളരെ കുറഞ്ഞുപോയി. 8500 കോടി രൂപയാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. സ്വകാര്യവല്‍ക്കരണ ചുമതലയുള്ള മന്ത്രി അബ്ദുല്‍ ഹക്കീം ഖാന്റെ അധ്യക്ഷതയില്‍ തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. ഈ യോഗമാണ് വിദേശരാജ്യങ്ങള്‍ക്ക് വില്‍ക്കാമെന്ന ധാരണയിലെത്തിയിരിക്കുന്നത്. മന്ത്രിസഭാ സമിതിയുടെ അനുമതി കൂടി ലഭിച്ചാല്‍ നടപടികള്‍ വേഗത്തിലാകുമെന്നാണ് പ്രതീക്ഷ.

pakisthan offer sale income tax