കാനഡയ്ക്ക് ഇന്ത്യയുടെ താക്കീത്

വിഷയത്തില്‍ രാഷ്ട്രീയ താല്‍പര്യങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും വിഘടനവാദികള്‍ക്കും തീവ്രവാദികള്‍ക്കും കാനഡ രാഷ്ട്രീയ അഭയം നല്‍കുകയാണെന്നും ഇന്ത്യ ആരോപിച്ചു.

author-image
Rajesh T L
Updated On
New Update
narendramodi

narendra modi

Listen to this article
0.75x 1x 1.5x
00:00 / 00:00

ന്യൂഡല്‍ഹി: ഖലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജാറിനെ വെടിവച്ചു കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് 3 ഇന്ത്യക്കാരെ അറസ്റ്റ് ചെയ്തതില്‍ കാനഡയ്‌ക്കെതിരെ രൂക്ഷ പ്രതികരണവുമായി ഇന്ത്യ. വിഷയത്തില്‍ രാഷ്ട്രീയ താല്‍പര്യങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും വിഘടനവാദികള്‍ക്കും തീവ്രവാദികള്‍ക്കും കാനഡ രാഷ്ട്രീയ അഭയം നല്‍കുകയാണെന്നും ഇന്ത്യ ആരോപിച്ചു. അറസ്റ്റിന്റെ വിവരങ്ങള്‍ കാനഡ ഇന്ത്യയെ അറിയിച്ചിട്ടുണ്ടെന്നും എന്നാല്‍ അത് നയതന്ത്ര തലത്തില്‍ അല്ലെന്നുമാണ് വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ പറയുന്നത്.

കരന്‍പ്രീത് സിങ്, കമല്‍പ്രീത് സിങ്, കരന്‍ ബ്രാര്‍ എന്നിവരെയാണ് കഴിഞ്ഞയാഴ്ച അറസ്റ്റ് ചെയ്തത്. നിജ്ജാറിനെ വെടിവച്ചയാള്‍, ഡ്രൈവര്‍, നിജ്ജാറിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ചയാള്‍ എന്നിവരാണ് അറസ്റ്റിലായതെന്ന് കാനഡയിലെ സിടിവി ചാനല്‍ റിപ്പോര്‍ട്ട് ചെയ്തത്. കാനഡയില്‍ നടന്ന മറ്റു 3 കൊലപാതകങ്ങള്‍ക്ക് പ്രതികളുമായി ബന്ധമുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. കൊലപാതകത്തില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്നു സെപ്റ്റംബര്‍ 18ന് കനേഡിയന്‍ പാര്‍ലമെന്റില്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ആരോപിച്ചിരുന്നു. ഇതിനുശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരുന്നു.

കഴിഞ്ഞ ജൂണ്‍ 18നാണ് കാനഡയില്‍വച്ച് നിജ്ജാറിനെ വെടിവച്ചു കൊന്നത്. കാനഡ യുഎസ് അതിര്‍ത്തിയിലെ സറെയില്‍ സിഖ് ഗുരുദ്വാരയ്ക്ക് പുറത്ത് നിര്‍ത്തിയിട്ടിരുന്ന വാഹനത്തിലാണ് ഖലിസ്ഥാന്‍ ടൈഗര്‍ ഫോഴ്സിന്റെ കാനഡയിലെ തലവനായ നിജ്ജാറിന്റെ മൃതദേഹം കണ്ടെത്തിയത്. തലയ്ക്ക് വെടിയേറ്റായിരുന്നു മരണം. ഇന്ത്യ 10 ലക്ഷം രൂപ വിലയിടുകയും പിടികിട്ടാപ്പുള്ളികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്ത ഭീകരനാണ് നിജ്ജാര്‍.



കള്ള പാസ്‌പോര്‍ട്ടുമായാണ് നിജ്ജാര്‍ കാനഡയിലെത്തുന്നത്. തുടര്‍ന്ന് കാനേഡിയന്‍ പൗരത്വം നേടുകയുണ്ടായി.  ഇദ്ദേഹത്തിന്റെ പേരില്‍ ഇന്ത്യയിലുണ്ടായിരുന്ന സ്ഥാവര ജംഗമ വസ്തുക്കളും കണ്ടു കെട്ടുകയും ചെയ്്തു. കാനഡയില്‍ ഇരുന്നുകൊണ്ട് പഞ്ചാബില്‍ കലാപങ്ങള്‍ ആസൂത്രണം ചെയ്യുക എന്നതായിരുന്നു പ്രധാന ജോലി. ഇന്ത്യയില്‍ നിരോധിച്ച തീവ്രവാദ സംഘടനയായ ഖാലിസ്ഥാന്‍ ടൈഗര്‍ ഫോഴ്സിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നതിലും പരിശീലനം നല്‍കുന്നതിലും നിജ്ജാര്‍ സജീവമായി പങ്കെടുത്തിരുന്നതായി ഇന്ത്യയിലെ അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു.

വര്‍ഷങ്ങള്‍ക്കു മുമ്പ് ഖാലിസ്ഥാന്‍ സ്വതന്ത്ര രാഷ്ട്രം വേണോ എന്ന ഹിതപരിശോധന നടത്തിയ വിഘടനവാദ സംഘടനയായ സിഖ്‌സ് ഫോര്‍ ജസ്റ്റിസിന്റെ ഭാഗമായും നിജ്ജാര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 2007ല്‍ പഞ്ചാബിലെ ലുധിയാനയില്‍ ആറ് പേര്‍ കൊല്ലപ്പെടുകയും 42 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സ്‌ഫോടനം ഉള്‍പ്പെടെയുള്ള കേസുകളില്‍ പൊലീസ് തിരയുന്ന പ്രതിയായിരുന്നു നിജ്ജാര്‍. 2010ല്‍ പട്യാലയിലെ ഒരു ക്ഷേത്രത്തിന് സമീപം നടന്ന ബോംബ് സ്‌ഫോടനവുമായി ബന്ധപ്പെട്ടും പഞ്ചാബ് പൊലീസില്‍ കേസുണ്ട്. 2015ല്‍ ഹിന്ദു നേതാക്കളെ വധിക്കാന്‍ ലക്ഷ്യമിട്ടെന്ന കുറ്റവും നിജ്ജാറിനെതിരെ ചുമത്തിയിട്ടുണ്ട്. 2016ല്‍ അദ്ദേഹത്തിനെതിരെ മറ്റൊരു കേസും ഫയല്‍ ചെയ്യപ്പെട്ടു. മന്‍ദീപ് ധലിവാളിന് പരിശീലനം നല്‍കിയെന്നും ഹിന്ദു നേതാക്കളെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്നുമായിരുന്നു കേസ്.

2015ലും 2016ലും നിജ്ജറിനെതിരെ ലുക്ക് ഔട്ട് സര്‍ക്കുലറും, റെഡ് കോര്‍ണര്‍ നോട്ടീസും പുറപ്പെടുവിച്ചതാണ്. പഞ്ചാബിലെ രാഷ്ട്രീയ നേതാക്കളെ കൊലപ്പെടുത്തിയതില്‍ ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ പങ്ക് അന്വേഷിക്കുമെന്ന് 2018ല്‍ എന്‍.ഐ.എ പറഞ്ഞിരുന്നു. 2022ല്‍ പഞ്ചാബിലെ ജലന്ധറില്‍ ഹിന്ദു പുരോഹിതനെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന ആരോപണത്തിന് പിന്നാലെ നിജ്ജാറിനെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് എന്‍.ഐ.എ 10 ലക്ഷം രൂപയാണ് പാരിതോഷികം പ്രഖ്യാപിച്ചത്. നിജ്ജറിന്റെ ഭീകര പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള ആശങ്ക ഇന്ത്യ പല തവണ കാനഡയെ അറിയിച്ചിരുന്നതാണ്.

2018ല്‍ അന്നത്തെ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ്, നിജ്ജാറിന്റെ പേരുള്‍പ്പെടെയുള്ള പട്ടിക ജസ്റ്റിന്‍ ട്രൂഡോയ്ക്ക് കൈമാറിയിരുന്നു. തുടര്‍ന്ന് 2022ല്‍ നിജ്ജാറിനെ കൈമാറണമെന്ന് പഞ്ചാബ് പൊലീസ് ആവശ്യപ്പെട്ടെങ്കിലും കാനഡ അത് കേട്ടില്ല. പക്ഷെ, നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യക്ക് പങ്കുണ്ടെന്ന ആരോപണം ശക്തമായി ഉന്നയിക്കാനാണ് കാനഡ തീരുമാനിച്ചത്. ആരോപണം ആദ്യം ഉന്നയിച്ചത്, കനേഡിയന്‍ പ്രസിഡന്റ് ജസ്റ്റിന്‍ ട്രൂഡോയാണ്. എന്‍.ഐ.എക്ക് നിജ്ജാര്‍ കൊലപാതകത്തില്‍ വ്യക്തമായ പങ്കുണ്ടെന്ന വിമര്‍ശനം പിന്നീട്, കനേഡിയന്‍ സര്‍ക്കാര്‍ പ്രതിനിധികളും പറഞ്ഞതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന് കോട്ടം തട്ടാന്‍ തുടങ്ങുകയായിരുന്നു.

തുടര്‍ന്ന് ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥനെ കാനഡ പുറത്താക്കുന്ന നിലയില്‍ വരെ കാര്യങ്ങള്‍ എത്തി. ഇന്ത്യന്‍ എംബസിയിലെ ഉദ്യോഗസ്ഥന്‍ പവന്‍ കുമാര്‍ റായിയെയാണ് പുറത്താക്കിയത്. ഹര്‍ദീപ് സിംഗ് കൊല്ലപ്പെട്ടതിന് പിന്നില്‍ ഇന്ത്യയാകാമെന്ന് കനേഡിയന്‍ പ്രധാനമന്ത്രി പാര്‍ലമെന്റില്‍ പ്രസ്താവനയും നടത്തി. ഖലിസ്ഥാന്‍ സംഘടനാ ലോബി കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ മേല്‍ അത്രയ്ക്കധികം സമ്മര്‍ദ്ദം ചെലുത്തിയെന്ന റിപ്പോര്‍ട്ടുകളും പുറത്തു വന്നു. ഇന്ത്യയും കനേഡിയന്‍ നയതന്ത്ര പ്രതിനിധികളുടെ എണ്ണം വെട്ടിക്കുറയ്ക്കാന്‍ നടപടി എടുത്തു. പിന്നീടിങ്ങോട്ട് ഇരു രാജ്യങ്ങളുടേയും ആഭ്യന്തര പ്രശ്‌നങ്ങളില്‍ വരെ ഇടപെടലുകള്‍ നടന്നിട്ടുണ്ട്.

ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിന് പകരം വീട്ടുമെന്ന പ്രഖ്യാപനം നടത്തിയ സിഖ്‌സ് ഫോര്‍ ജസ്റ്റിസ് എന്ന സംഘടനയുടെ നേതാവിനെയും എന്‍.ഐ.എ റെഡ് കോര്‍ണറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഗുര്‍പത് വന്ത് സിംഗ് പന്നൂന്‍ നിലവില്‍ നിരവധി ഭീഷണികള്‍ ഇന്ത്യയ്ക്കെതിരേ ഉയര്‍ത്തിയിട്ടുണ്ട്. ലോകകപ്പ് ക്രിക്കറ്റ് മത്സരം നടന്ന സ്റ്റേഡിയം ബോംബുവച്ച് പൊട്ടിക്കുമെന്നായിരുന്നു അവസാനത്തെ ഭീഷണി. നരേന്ദ്രമോദിയെയും, അമിത് ഷായെയും കൊല്ലുമെന്നും, ഡെല്‍ഹി എയര്‍പോര്‍ട്ട് ബോംബ് വയ്ക്കുമെന്നും ഭീഷണിയുണ്ടായിരുന്നു.

ഖലിസ്ഥാന്‍ വാദം ഉയര്‍ത്തുന്ന നിരവധി സംഘടനകള്‍ കാനഡയിലും, യു.കെയിലും, അമേരിക്കയിലും സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്.

അക്രമങ്ങളിലൂടെ സ്വപ്നസാക്ഷാത്ക്കാരത്തിനുള്ള നീക്കങ്ങള്‍ പഞ്ചാബില്‍ വീണ്ടും സജീവമാക്കാന്‍ ഇവര്‍ ശ്രമിച്ചുകൊണ്ടേയിരിക്കുകയാണ്.

 

india canada indiacanadarelation