ഇസ്ലാമാബാദ്: ഇന്ത്യയുടെ പ്രത്യാക്രമണം നേരിടുന്ന പാകിസ്താൻ സാമ്പത്തിക ഞെരുക്കത്തിലാണെന്ന തരത്തിൽ പാക് ധനകാര്യ വകുപ്പിന്‍റെ ഔദ്യോഗിക് എക്സ് പ്ലാറ്റ്ഫോമിൽ കുറിപ്പ്. ഇന്ത്യയുടെ ആക്രമണത്തിൽ കനത്ത നാശമാണ് ഉണ്ടായിരിക്കുന്നതെന്നും സാമ്പത്തിക സഹായം നൽകണമെന്നും വിദേശ രാജ്യങ്ങളോട് അഭ്യർഥിച്ചുകൊണ്ടുള്ള കുറിപ്പാണ് എക്സ് അക്കൗണ്ടില്‍ പ്രത്യക്ഷപ്പെട്ടത്. എന്നാൽ, ഇത് നിഷേധിച്ചുകൊണ്ട് പിന്നീട് പാക് ധനകാര്യവകുപ്പ് രംഗത്തെത്തി.
'ശത്രുക്കൾ കടുത്ത നാശമുണ്ടാക്കിയ സാഹചര്യത്തിൽ കൂടുതൽ വായ്പ അനുവദിക്കണമെന്ന് അന്താരാഷ്ട്ര പങ്കാളികളോട് അപേക്ഷിക്കുന്നു. യുദ്ധത്തിന്റേയും ഓഹരിവിപണി തകർച്ചയുടേയും പശ്ചാത്തലത്തിൽ സാമ്പത്തിക പ്രതിസന്ധി ലഘൂകരിക്കേണ്ടതുണ്ട്. ഇതിന് സഹായിക്കണം', എന്നാണ് പാകിസ്താൻ എക്സ് പ്ലാറ്റ്ഫോമിൽ പ്രത്യക്ഷപ്പെട്ട കുറിപ്പിൽ പറയുന്നത്. പാക് സർക്കാരിന്റെ ധനമന്ത്രാലയത്തിന്റെ ഔദ്യോഗകി എക്സ് പ്ലാറ്റ്ഫോമിലാണ് ട്വീറ്റ് പ്രത്യക്ഷപ്പെട്ടത്.
എന്നാൽ, വിഷയം സാമൂഹ്യമാധ്യമങ്ങളിലും അന്താരാഷ്ട്ര മാധ്യമങ്ങളിലും ചർച്ചയായതോടെ കുറിപ്പിനെ തള്ളി പാക് മന്ത്രാലയം രംഗത്തെത്തി. തങ്ങളുടെ എക്സ് പ്ലാറ്റ്ഫോം ഹാക്ക് ചെയ്തിട്ടുണ്ടെന്നും ഇത്തരത്തിൽ ഒരു പോസ്റ്റ് പങ്കുവെച്ചിട്ടില്ലെന്നും പാക് ധനകാര്യ മന്ത്രാലയം അറിയിച്ചു.
അതിർത്തിയിൽ വെടിനിർത്തൽ കരാർ ലംഘിച്ച് നിരന്തരം പ്രകോപനം തുടരുന്നതിനിടെ ഇന്ത്യ ശക്തമായ പ്രതിരോധം തീർക്കുകയും തിരിച്ചടിക്കുകയും ചെയ്തിരുന്നു. പഹൽഗാമിലെ ഭീകരാക്രമണത്തിന് പിന്നാലെ ഓപ്പറേഷൻ സിന്ദൂർ എന്നപേരിൽ ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തിൽ വിവിധ ഭീകര കേന്ദ്രങ്ങൾ തകർത്തിരുന്നു. നൂറോളം വരുന്ന ഭീകരർ ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി കേന്ദ്ര പ്രതിരോധമന്ത്രാലയം വ്യക്തമാക്കുകയും ചെയ്തിരുന്നു.