ഇന്ത്യ ചൈന നേരിട്ടുള്ള വിമാനസര്‍വ്വീസുകള്‍ പുനരാരംഭിച്ചു

ലോകത്തെ ഏറ്റവും വലിയ ജനസംഖ്യയുള്ള രാജ്യങ്ങളായ ഇന്ത്യയും ചൈനയും തമ്മില്‍ മേഖലയില്‍ സ്വാധീനം ഉറപ്പിക്കാന്‍ വേണ്ടിയുള്ള പോരാട്ടത്തിലാണ്.

author-image
Biju
New Update
flight

കൊല്‍ക്കത്ത: അഞ്ച് വര്‍ഷത്തിന് ശേഷം ഇന്ത്യയും ചൈനയും തമ്മില്‍ നേരിട്ടുള്ള വിമാന സര്‍വീസുകള്‍ക്ക് പുനരാരംഭിച്ചു. ചൈനയിലേക്കുള്ള ആദ്യ ദൈനംദിന സര്‍വീസിന് ഏറ്റവും വലിയ വാണിജ്യ വിമാന കമ്പനിയായ ഇന്‍ഡിഗോയാണ് തുടക്കം കുറിക്കുന്നത്. രാത്രി പത്തിന് കൊല്‍ക്കത്തയില്‍ നിന്ന് ഗ്വാങ്ഴുവിലേക്കാണ് ഇന്‍ഡിഗോ ആദ്യ സര്‍വീസ് നടത്തുക.  ഇതിന് പുറമെ ന്യൂഡല്‍ഹിയില്‍ നിന്ന് ഷാങ്ഹായിലേക്കും ഗ്വാങ്‌ഴുവിലേക്കുമുള്ള സര്‍വീസുകള്‍ അടുത്താഴ്ച ആരംഭിക്കും.

നേരിട്ട് സര്‍വീസ് നടത്തുന്നതോടെ സമയലാഭം ഉണ്ടാകുമന്ന് കൊല്‍ക്കത്തയിലെ ഇന്ത്യന്‍ ചേമ്പര്‍ ഓഫ് കൊമേഴ്‌സ് തലവന്‍ രാജീവ് സിങ് പറഞ്ഞു. ഇത് വ്യവസായങ്ങള്‍ക്ക് ഏറെ സഹായകമാകുമെന്നും അദ്ദേഹം എഎഫ്പിയോട് ചൂണ്ടിക്കാട്ടി.

ലോകത്തെ ഏറ്റവും വലിയ ജനസംഖ്യയുള്ള രാജ്യങ്ങളായ ഇന്ത്യയും ചൈനയും തമ്മില്‍ മേഖലയില്‍ സ്വാധീനം ഉറപ്പിക്കാന്‍ വേണ്ടിയുള്ള പോരാട്ടത്തിലാണ്. എന്നാല്‍ 2020ല്‍ ഹിമാലയന്‍ അതിര്‍ത്തിയിലുണ്ടായ ഉണ്ടായ ഒരു വിനാശകരമായ ആക്രമണമാണ് ഇരുരാജ്യങ്ങളും തമ്മിലുണ്ടായിരുന്ന ബന്ധത്തില്‍ പെട്ടെന്ന് വിള്ളലുണ്ടാക്കിയത്.

വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നതോടെ ജനങ്ങള്‍ തമ്മിലുള്ള ബന്ധം മെച്ചപ്പെടുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു. ഒപ്പം ഉഭയകക്ഷി ബന്ധം സാധാരണ നിലയിലേക്ക് നീങ്ങുമെന്നും അധികൃതര്‍ പ്രതീക്ഷിക്കുന്നു. ഇന്ത്യയുടെ സുപ്രധാന വാണിജ്യ പങ്കാളിയായിരുന്ന അമേരിക്കയുമായുള്ള ബന്ധം അധിക ചുങ്കം ഏര്‍പ്പെടുത്തിയതോടെ വഷളായ സാഹചര്യത്തില്‍ ബീജിങുമായുള്ള ബന്ധം സുഖകരമാകുന്നത് ആശാവഹമാകും.

കിഴക്കന്‍ തുറമുഖ നഗരമായ കൊല്‍ക്കത്തയ്ക്ക് ചൈനയുമായി നൂറ്റാണ്ടുകളുടെ ബന്ധമാണ് ഉള്ളത്. ഇതിന് ബ്രിട്ടീഷ് ഭരണകാലത്തോളം നീളുന്ന ചരിത്രമുണ്ട്. അന്ന് മുതലാണ് ചൈനീസ് കുടിയേറ്റക്കാര്‍ കച്ചവടക്കാരായി ഇങ്ങോട്ടേക്ക് എത്തിയത്. ഇന്തോ-ചൈന ഭക്ഷണ സമന്വയം നഗരത്തിന്റെ ഭക്ഷണ സ്വത്വമായി ഇന്നും നിലകൊള്ളുന്നു.