ന്യൂയോര്‍ക്ക്: അധികാരത്തിലേറിയതിന് പിന്നാലെയുള്ള കുടിയേറ്റത്തെക്കുറിച്ചുള്ള ഡോണള്‍ഡ് ട്രംപിന്റെ കര്‍ശന നിലപാട് ഇന്ത്യയ്ക്ക് ആശങ്കയാകുന്നു. അനധികൃത കുടിയേറ്റം നടത്തിയവരെ ആദ്യ നൂറ് ദിവസത്തിനുള്ളില്‍ തന്നെ തിരിച്ചയയ്ക്കാനുള്ള നടപടികള്‍ ട്രംപ് തുടങ്ങും എന്നാണ് സൂചന. 20,000ത്തോളം ഇന്ത്യക്കാരും പട്ടികയിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 20000 ത്തോളം ഇന്ത്യക്കാരെ തിരിച്ചയച്ചേക്കും എന്ന റിപ്പോര്‍ട്ടില്‍ ഇന്ത്യ കടുത്ത ആശങ്ക അറിയിച്ചു. ചാര്‍ട്ടേഡ് വിമാനങ്ങളില്‍ ഇത്രയും ഇന്ത്യക്കാരെ തിരിച്ചയയ്ക്കാന്‍ അമേരിക്ക തീരുമാനിച്ചാല്‍ കേന്ദ്രസര്‍ക്കാരിനത് വന്‍ വെല്ലുവിളിയാകും. പരസ്പരം ചര്‍ച്ച നടത്തി മാത്രമേ ഇത്തരം നടപടികള്‍ സ്വീകരിക്കാവൂ എന്ന നിലപാട് ഇന്ത്യ അമേരിക്കയെ അറിയിച്ചതായാണ് സൂചന. ബ്രിക്‌സ് രാജ്യങ്ങളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങളുടെ തീരുവ ഇരട്ടിയാക്കും എന്ന ട്രംപിന്റെ മുന്നറിയിപ്പും ഇന്ത്യ നല്ല സന്ദേശമായല്ല കാണുന്നത്. കാലാവസ്ഥ വ്യതിയാനം നേരിടാനുള്ള പാരീസ് ഉടമ്പടിയില്‍ നരേന്ദ്ര മോദി വഹിച്ച പങ്ക് കേന്ദ്ര സര്‍ക്കാര്‍ എന്നും പ്രചാരണായുധമാക്കിയിരുന്നു. ആ ഉടമ്പടിയില്‍ നിന്ന് ട്രംപ് പിന്‍മാറിയതും ഭാവിയില്‍ ഇന്ത്യ-അമേരിക്ക ബന്ധത്തില്‍ പ്രശ്‌നമാകാന്‍ സാധ്യതയുണ്ട്.
അമേരിക്കന്‍ താല്‍പ്പര്യങ്ങള്‍ക്കു മാത്രം പ്രാധാന്യം നല്‍കി വ്യാപാര താരിഫ് വ്യവസ്ഥകളിലൂടെ ഉള്‍പ്പെടെ രാജ്യത്തെ അഭിവൃദ്ധിപ്പെടുത്തിയ 25-ാമത്തെ പ്രസിഡന്റ് വില്യം മക്കിന്‍ലെയെന്ന 'ബിസിനസുകാരന്‍' ആണ് തന്റെ മാതൃകയെന്ന് ട്രംപ് സൂചിപ്പിക്കുന്നുണ്ട്. റിപബ്ലിക്കനായിരുന്ന മക്കിന്‍ലെയും പൗരാവകാശങ്ങള്‍ മാനിക്കുന്നതില്‍ പിന്നിലായിരുന്നു. പൗരത്വ വ്യവസ്ഥകള്‍ കടുപ്പിക്കുക, പരിസ്ഥിതി സംരക്ഷണ നിയന്ത്രണങ്ങള്‍ ദുര്‍ബലപ്പെടുത്തുക, ട്രാന്‍സ്‌ജെന്‍ഡര്‍ പരിരക്ഷകള്‍ അവസാനിപ്പിക്കുക, സര്‍ക്കാര്‍ തൊഴിലുകളിലുള്‍പ്പെടെ പ്രാതിനിധ്യപരമായ തുല്യത ഇല്ലാതാക്കുക, രാജ്യത്തോടുള്ള കൂറും ജോലി ചെയ്യാനുള്ള മെറിറ്റും മാനദണ്ഡമാക്കുക തുടങ്ങിയവയ്‌ക്കൊപ്പം പാരിസ് കാലാവസ്ഥാ ഉടമ്പടി, ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) എന്നിവയില്‍നിന്നുള്ള പിന്‍മാറ്റത്തിനും വധശിക്ഷ പുനഃസ്ഥാപിക്കുന്നതിനുമുള്ള ഉത്തരവുകളിലും ട്രംപ് ആദ്യദിവസം തന്നെ ഒപ്പുവച്ചിരുന്നു. ആദ്യ പ്രസംഗത്തില്‍ തന്നെ, അനധികൃത കുടിയേറ്റം അവസാനിപ്പിക്കാന്‍ അമേരിക്കന്‍-മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ട്രംപ്, പാനമ കനാലിന്റെ നിയന്ത്രണം തിരിച്ചുപിടിക്കുമെന്ന് ചൈനയ്ക്കു മുന്നറിയിപ്പ് നല്‍കിയിരുന്നു. ഗള്‍ഫ് ഓഫ് മെക്‌സിക്കോയുടെ പേര് മാറ്റുമെന്ന ട്രംപിന്റെ പ്രഖ്യാപനവും പ്രാബല്യത്തിലായി. ക്യൂബയെ ഭീകരരാഷ്ട്രപദവിയില്‍നിന്നു പിന്‍വലിക്കാനുള്ള തീരുമാനം റദ്ദാക്കുന്ന ഉത്തരവിലും ട്രംപ് ഒപ്പുവച്ചു. അതേസമയം, യുഎസില്‍ നിരോധനം ഏര്‍പ്പെടുത്തിയ ടിക്ടോക്കിനു നിയമപരമായി പ്രവര്‍ത്തിക്കാന്‍ ട്രംപ് 75 ദിവസത്തെ സാവകാശം അനുവദിച്ചു. ടിക്ടോക് ഏറ്റെടുക്കാന്‍ അമേരിക്കയില്‍നിന്ന് ഉടമസ്ഥനെ കണ്ടെത്തണമെന്നാണു നിര്‍ദേശം. ചൈനയുടെ ഉടമസ്ഥതയില്‍നിന്നു മാറിയാല്‍ നിരോധനം പിന്‍വലിക്കുമെന്നും ട്രംപ് അറിയിച്ചു.
ട്രംപ് ഇടയുന്നു; 20000 ഇന്ത്യക്കാരെ അമേരിക്ക തിരിച്ചയച്ചേക്കുമെന്ന് റിപ്പോര്‍ട്ട്, ആശങ്ക അറിയിച്ച് ഇന്ത്യ
അനധികൃത കുടിയേറ്റം നടത്തിയവരെ ആദ്യ നൂറ് ദിവസത്തിനുള്ളില്‍ തന്നെ തിരിച്ചയയ്ക്കാനുള്ള നടപടികള്‍ ട്രംപ് തുടങ്ങും എന്നാണ് സൂചന
New Update