/kalakaumudi/media/media_files/2025/05/04/JiT51FovhGz2kFqoXU2c.png)
മോസ്‌കോ: ഇന്ത്യക്കെതിരായ അമേരിക്കയുടെ താരിഫ് ഭീഷണിയില്‍ വിമര്‍ശനവുമായി റഷ്യ. ഓരോ രാജ്യങ്ങളും ഏത് വ്യാപാര പങ്കാളികളെ തെരഞ്ഞെടുക്കണമെന്ന് മറ്റൊരു രാജ്യത്തിന് നിര്‍ബന്ധിക്കാനാവില്ലെന്ന് റഷ്യ പറഞ്ഞു.
റഷ്യയുമായുള്ള വ്യാപാരം നിര്‍ത്താന്‍ രാജ്യങ്ങളെ നിര്‍ബന്ധിക്കുന്നത് നിയമവിരുദ്ധമാണെന്നായിരുന്നു റഷ്യന്‍ പ്രസിഡന്റിന്റെ പ്രസ് സെക്രട്ടറി ദിമിത്രി പെസ്‌കോവ് മാധ്യമങ്ങളോട് പറഞ്ഞത്. റഷ്യയുമായി വ്യാപാരം നടത്തുന്നെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് മേല്‍ അമേരിക്ക 25 ശതമാനം തീരുവ ചുമത്തിയത്.
വിഷയത്തില്‍ കഴിഞ്ഞ ദിവസം ഇന്ത്യയ്ക്ക് വീണ്ടും ട്രംപ് മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് റഷ്യയുടെ പ്രസ്താവന. 'റഷ്യയുമായുള്ള വ്യാപാരം നിര്‍ത്താന്‍ രാജ്യങ്ങളെ നിര്‍ബന്ധിക്കുന്നത് നിയമവിരുദ്ധമാണ്. ഓരോ രാജ്യങ്ങള്‍ക്കും അവരുടെ വ്യാപാര പങ്കാളികളെ തെരഞ്ഞെടുക്കാന്‍ അവകാശമുണ്ട്. ഒരു രാജ്യത്തിനും ഇത്തരം ഭീഷണികള്‍ ഉന്നയിക്കാന്‍ കഴിയില്ല. റഷ്യയുടെ വ്യാപാര പങ്കാളികള്‍ക്കെതിരായ ഇത്തരം സമ്മര്‍ദങ്ങളെ 'ഭീഷണികള്‍' ആയി തന്നെ വ്യാഖ്യാനിക്കണം,' പെസ്‌കോവ് പറഞ്ഞു.
'റഷ്യയുമായുള്ള വ്യാപാര ബന്ധം വിച്ഛേദിക്കാന്‍ ചില രാജ്യങ്ങളെ നിര്‍ബന്ധിക്കുന്നതായുള്ള ശ്രമങ്ങള്‍ നടക്കുന്നതായി ഞങ്ങള്‍ അറിഞ്ഞിട്ടുണ്ട്. അത്തരം പ്രസ്താവനകള്‍ നിയമപരമാണെന്ന് ഞങ്ങള്‍ കരുതുന്നില്ല
ഒരു പരമാധികാര രാജ്യത്തിന് സ്വന്തം വ്യാപാര പങ്കാളികളെ തെരഞ്ഞെടുക്കാം. അതുപോലെ ആ രാജ്യത്തിന്റെ താത്പര്യങ്ങള്‍ക്കനുസൃതമായി വ്യാപാര, സാമ്പത്തിക സഹകരണം എങ്ങനെയാവണമെന്ന് തീരുമാനിക്കാന്‍ അവകാശമുണ്ടെന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്.
അമേരിക്ക ഇന്ത്യയ്ക്ക് മേല്‍ സമ്മര്‍ദം ചെലുത്തുകയാണ്. ഓരോ രാജ്യങ്ങളും ഏത് വ്യാപാര പങ്കാളികളെ തെരഞ്ഞെടുക്കണമെന്ന് തീരുമാനിക്കുന്നത് അമേരിക്കയല്ല,' പെസ്‌കോവ് പറഞ്ഞു.
അതേസമയം 2022 മുതല്‍ തുടരുന്ന ഉക്രെയ്‌നുമായുള്ള യുദ്ധം പുടിന്‍ അവസാനിപ്പിച്ചില്ലെങ്കില്‍ വെള്ളിയാഴ്ച മുതല്‍ റഷ്യയ്‌ക്കെതിരെയും അവരുടെ ഊര്‍ജ്ജ കയറ്റുമതിയില്‍ പങ്കാളികളായ രാജ്യങ്ങള്‍ക്കെതിരെയും പുതിയ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞിരുന്നു.
'ഇന്ത്യ വന്‍തോതില്‍ റഷ്യന്‍ എണ്ണ വാങ്ങുക മാത്രമല്ല , വാങ്ങിയ എണ്ണയുടെ ഭൂരിഭാഗവും ഓപ്പണ്‍ മാര്‍ക്കറ്റില്‍ വലിയ ലാഭത്തില്‍ വില്‍ക്കുകയും ചെയ്യുന്നു,' എന്നായിരുന്നു ട്രംപ് തിങ്കളാഴ്ച സോഷ്യല്‍ മീഡിയയില്‍ എഴുതിയത്.
'റഷ്യന്‍ യുദ്ധം ഉക്രെയ്നില്‍ എത്ര പേരെ കൊല്ലുന്നുണ്ടെന്നത് അവര്‍ക്ക് പ്രശ്നമല്ല. ഇക്കാരണത്താല്‍, ഇന്ത്യയുടെ താരിഫ് ഞാന്‍ ഗണ്യമായി ഉയര്‍ത്തും.'എന്നായിരുന്നു ട്രംപ് പറഞ്ഞത്.
എന്നാല്‍ റഷ്യയുമായുള്ള ഊര്‍ജ്ജ വ്യാപാരത്തിന്റെ പേരില്‍ ഇന്ത്യയ്ക്ക് മേല്‍ തീരുവ ചുമത്തുമെന്ന ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണി ന്യായീകരിക്കാനാവാത്തതും യുക്തിരഹിതവുമാണ് എന്നായിരുന്നു വിദേശകാര്യമന്ത്രാലയം പ്രതികരിച്ചത്.